Saturday, August 17, 2013

മരണമുഖത്ത് ഭയമില്ലാതെ ഹബീബ


ഹബീബ അഹ്മദ് അബ്ദുല്‍ അസീസ് അബൂദബി: ഈജിപ്തില്‍ മുര്‍സി അനുകൂലികള്‍ക്കെതിരെ നടത്തിയ സൈനിക നീക്കത്തിനിടെ കൊല്ലപ്പെടുന്നതിന് നിമിഷങ്ങള്‍ മുമ്പ് യു.എ.ഇ ദിനപത്രം ഗള്‍ഫ്ന്യൂസിന്‍െറ ഭാഗമായ എക്സ്പ്രസിന്‍െറ റിപ്പോര്‍ട്ടര്‍ ഹബീബ അഹ്മദ് അബ്ദുല്‍ അസീസ് തന്‍െറ മാതാവുമായി നടത്തിയ എസ്.എം.എസ് സംഭാഷണത്തിന്‍െറ പൂര്‍ണവിവരങ്ങള്‍ പുറത്തുവിട്ടു. അബൂദബിയില്‍നിന്ന് ആസ്ഥാനമായി പുറത്തിറങ്ങുന്ന ഇംഗ്ളീഷ് പത്രം ദ നാഷനല്‍ ആണ് മാതാവും മകളും തമ്മിലുള്ള ഹൃദയസ്പര്‍ശിയായ എസ്.എം.എസ് സംഭാഷണം ലോകത്തിന്‍െറ മുന്നിലത്തെിച്ചത്. 26കാരിയായ ഹബീബ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത് 2011 സെപ്റ്റംബറില്‍ ഗള്‍ഫ് ന്യൂസിലൂടെയാണ്. അമേരിക്കന്‍ യൂനിവേഴ്സിറ്റി ഓഫ് ഷാര്‍ജയില്‍നിന്ന് ജേണലിസം ബിരുദം നേടിയ ശേഷമാണ് ഗള്‍ഫ്ന്യൂസില്‍ റിപ്പോര്‍ട്ടറായത്. മുര്‍സി അനുകൂലികളുടെ പ്രക്ഷോഭം സംബന്ധിച്ച വാര്‍ത്തകളാണ് ഹബീബ റിപ്പോര്‍ട്ട് ചെയ്തുവന്നിരുന്നത്. ‘മരണമേ നിന്നെ ഭയമില്ല, മറിച്ച് നിനക്കാണ് ഞങ്ങളെ ഭയം’ എന്ന് ഫേസ്ബുക്കില്‍ അവസാനമായി ഹബീബ കുറിച്ചിടുന്നു. ഹബീബയുടെ സുഖവിവരം അന്വേഷിക്കുന്നതിനോടൊപ്പം പ്രക്ഷോഭത്തിന്‍െറ തീവ്രതയും ഇരുവരും തമ്മിലുളള സംഭാഷണത്തില്‍ നിഴലിക്കുന്നു. പ്രാദേശിക സമയം രാവിലെ 6.19ന് നടന്ന സംഭാഷണത്തില്‍ നിന്ന്: മാതാവ്: ഹബീബാ... നീ എവിടെയാണ്? ആക്രമണങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ എന്തൊക്കെ? ഹബീബ: സൈന്യവും പൊലീസും പ്രക്ഷോഭം നടക്കുന്ന സ്മാരകത്തിന്‍െറ കവാടം ലക്ഷ്യമാക്കി നീങ്ങുന്നു. കനത്ത ജാഗ്രതാ നിര്‍ദേശമുള്ള ഫീല്‍ഡ് ആശുപത്രിയിലാണ് മീഡിയ സെന്‍റര്‍ പ്രവര്‍ത്തിക്കുന്നത്. മാതാവ്: നീ എവിടെയാണുള്ളത്? ഹബീബ: മാധ്യമങ്ങള്‍ക്ക് അനുവദിച്ച സ്ഥലത്താണ് ഞാനും മറ്റു സഹപ്രവര്‍ത്തകരുമുള്ളത്. സ്മാരകത്തിനു സമീപത്തെ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്യാനുള്ള തയാറെടുപ്പിലാണ്. മാതാവ്: റാബിഅ അദവിയക്ക് വളരെ അടുത്തല്ളേ സ്മാരകം സ്ഥിതി ചെയ്യുന്നത്? ഹബീബ: എല്ലാ കവാടത്തിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സ്മാരകത്തിന്‍െറ വാതില്‍ വളരെ വലുതാണ്. അവര്‍ക്ക് വാതില്‍ വേഗത്തില്‍ തകര്‍ക്കാന്‍ സാധിക്കും. മാതാവ്: ധാരാളം സൈനികരും പൊലീസുകാരും സ്മാരകത്തിന്‍െറ സമീപത്തുണ്ടോ? ഹബീബ: ഉണ്ട്, എന്നാല്‍ സുരക്ഷാസേന വളരെ തന്ത്രപരമായാണ് നീങ്ങുന്നത്. മാതാവ്: നീ എങ്ങനെ സ്മാരകത്തിന്‍െറ സമീപത്തത്തെും? ഹബീബ: സാഹചര്യം അനുസരിച്ച് ഓടിയോ നടന്നോ എത്തും. മാതാവ്: ദൈവം നിന്നെ സഹായിക്കട്ടെ... പ്രാദേശിക സമയം രാവിലെ 7:33. മാതാവ്: എന്താണ് പുതിയ വാര്‍ത്തകള്‍? ഹബീബ: വിദേശ റിപ്പോര്‍ട്ടര്‍മാര്‍ മീഡിയ സെന്‍ററില്‍ എത്തി... മാതാവ്: ഞാന്‍ ഉദ്ദേശിച്ചത് പ്രക്ഷോഭകാരികളുടെ ബാഹുല്യം സംബന്ധിച്ചാണ്? പിന്നെ നിനക്ക് എങ്ങനെയുണ്ട്? ഹബീബ: മൂന്നു തവണ മരുന്ന് കഴിച്ചു, പനിയും വിറയലുമുണ്ട്, ഉമ്മാ പ്രാര്‍ഥിക്കണം. മാതാവ്: ദൈവം നിന്നെ സഹായിക്കും, ധൈര്യം കൈവിടരുത്, സര്‍വശക്തനാണ് ദൈവം, നിനക്ക് ദൈവം എല്ലാ ശക്തിയും നല്‍കട്ടെ. ഹബീബ: ഞങ്ങള്‍ തറയില്‍ കമിഴ്ന്നു കിടക്കുകയാണ്, യുദ്ധടാങ്കുകള്‍ അനങ്ങിത്തുടങ്ങി. മാതാവ്: ദൈവം രോഗം വേഗത്തില്‍ ഭേദപ്പെടുത്തും. നിനക്ക് അല്ലാഹു വിജയം നല്‍കട്ടെ. അപ്പോഴേക്കും ഹബീബ വെടിയേറ്റു മരിച്ചിരുന്നു. 12.46. മാതാവ്: മകളേ നീ എവിടെ. ഞാന്‍ ആയിരം തവണ വിളിച്ചു. നീ എവിടെയാണെന്ന് പറയൂ. നിനക്ക് സുഖമാണോ? നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്റെ അഭിപ്രായമാവണമെന്നില്ല. Please Note: അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

No comments:

Blog Archive