Saturday, August 17, 2013

കണ്ണീര്‍പുത്രിയായി അസ്മ ബല്‍താജി


അസ്മാ ബല്‍താജി കൈറോ: ബ്രദര്‍ഹുഡ് ഉപാധ്യക്ഷന്‍ ഖൈറാത് അല്‍ ശാത്വിര്‍, എഫ്.ജെ.പി അധ്യക്ഷന്‍ സഅദ് അല്‍ഖതാതിനി എന്നിവര്‍ അറസ്റ്റ് ചെയ്യപ്പെട്ടശേഷം ഈജിപ്തില്‍ ജനാധിപത്യ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത് പ്രധാനമായും മുഹമ്മദ് അല്‍ ബല്‍താജിയും അസാം അല്‍ അരിയാനുമാണ്. കഴിഞ്ഞ 47 ദിവസമായി റാബിഅ അദവിയയിലെ സമര ചത്വരത്തിലായിരുന്നു കുടുംബ സമേതം ഇരുവരും. ഏതാണ്ടെല്ലാ ബ്രദര്‍ഹുഡ് നേതാക്കളും കുടുംബത്തോടൊപ്പമാണ് സമരത്തിനത്തെിയത്. മുലയൂട്ടുന്ന കുഞ്ഞുങ്ങളുമായി എത്തിയവരുമുണ്ട്. സമരത്തിന്‍െറ നേതൃത്വം പ്രധാനമായും ബല്‍താജിക്ക് തന്നെ. ബുധനാഴ്ച വെടിവെപ്പ് തുടങ്ങി നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടു തുടങ്ങിയപ്പോള്‍ തന്നെ ബല്‍താജി മാധ്യമങ്ങളോട് സംസാരിച്ചു. സംസാരിക്കാനിരിക്കെയാണ് കൊല്ലപ്പെട്ടവരില്‍ തന്‍െറ മകള്‍ 17 കാരി അസ്മയുമുണ്ടെന്ന് അദ്ദേഹം അറിയുന്നത്. അസ്മയുടെ കൊലപാതകം ബല്‍താജിയെ തളര്‍ത്തിയില്ല. മകളുടെ മരണവും സൈന്യത്തിന്‍െറ അറസ്റ്റ് വാറന്‍റുമിരിക്കെ തന്നെ പ്രക്ഷോഭത്തിന്‍െറ നായകത്വം ബല്‍താജിയുടെ ചുമലില്‍. അതിനിടെ ബല്‍താജിയും അരിയാനും അറസ്റ്റ് ചെയ്യപ്പെട്ടതായ വാര്‍ത്ത വന്നെങ്കിലും അരിയാന്‍ തന്നെ അത് നിഷേധിച്ചുകൊണ്ട് ഫേസ്ബുക്കില്‍ കുറിച്ചു. അസ്മ അതിനകം ഈജിപ്തുകാരുടെ കണ്ണീര്‍ നായികയായി മാറിക്കഴിഞ്ഞു. മുര്‍സിയുടെ പടത്തോടൊപ്പം തെരുവുകളില്‍ അസ്മയുടെ ചിത്രങ്ങളും ഉയര്‍ന്നുകഴിഞ്ഞു. വെള്ളിയാഴ്ച ജുമുഅക്കുശേഷം കൈറോവിലെ അല്‍സലാം പള്ളിയില്‍ പതിനായിരങ്ങളുടെ സാന്നിധ്യത്തില്‍ നടന്ന മയ്യിത്ത് നമസ്കാരത്തിനുശേഷം അസ്മയുടെ മൃതദേഹം അല്‍ വഫാ അല്‍ അമല്‍ ശ്മശാനത്തില്‍ മറമാടി.

No comments:

Blog Archive