Friday, August 27, 2010

നരസമ്മ വെള്ളം കുടിച്ചിട്ട് 78 വര്‍ഷം; 92ാം വയസ്സിലും ആരോഗ്യത്തോടെ


Friday, August 27, 2010
ബംഗളൂരു: ഒരു ഗ്ലാസ് വെള്ളം ചോദിച്ച് നരസമ്മ ആരെയും ബുദ്ധിമുട്ടിക്കില്ല. ഇനി ആരെങ്കിലും വെള്ളം കൊടുത്താല്‍ കുടിക്കുകയുമില്ല. 78 വര്‍ഷമായി നരസമ്മ വെള്ളം കുടിച്ചിട്ട്. ഡോക്ടര്‍മാര്‍ക്കും നാട്ടുകാര്‍ക്കും അദ്ഭുതം പകര്‍ന്ന് 92ാം വയസ്സിലും ആരോഗ്യവതിയായാണ് നരസമ്മയുടെ ജീവിതം. 14ാം വയസ്സില്‍ വന്ന അസുഖത്തെ തുടര്‍ന്നാണ് നരസമ്മയുടെ ജീവിതത്തില്‍നിന്ന് വെള്ളം പടിയിറങ്ങിപ്പോയത്.

1932ലാണ് സംഭവം. നരസമ്മക്ക് തൊണ്ട വരളുന്നതായിട്ടായിരുന്നു അസുഖത്തിന്റെ തുടക്കം. എപ്പോഴും ദാഹം. ശരീരവും ക്ഷീണിച്ചുതുടങ്ങി. മാതാപിതാക്കള്‍ നരസമ്മയെ അടുത്തുള്ള പാരമ്പര്യ വൈദ്യന്റെ അടുക്കല്‍ കൊണ്ടുപോയി. കൂടുതല്‍ വെള്ളം കുടിപ്പിക്കാനായിരുന്നു നിര്‍ദേശം. തുടര്‍ന്ന് ദിവസം പത്തും പന്ത്രണ്ടും ലിറ്റര്‍ വരെ വെള്ളം കുടിച്ചുതുടങ്ങി.

അപ്പോഴും ദാഹം വിട്ടുമാറുന്നില്ല. തുടര്‍ന്ന് ആയുര്‍വേദ വിധിപ്രകാരം ആവിചികില്‍സയും നടത്തി. എന്നിട്ടും ദാഹം വിട്ടുമാറിയില്ല. അതോടെ നരസമ്മ സ്വയം ചികില്‍സ തുടങ്ങി. വെള്ളത്തെ ജീവിതത്തില്‍ പടിയിറക്കിവിട്ടുകൊണ്ടാണ് നരസമ്മയുടെ ചികില്‍സ ആരംഭിച്ചത്. അന്ന് നിര്‍ത്തിയ വെള്ളംകുടി 92ാം വയസ്സിലും തുടരുകയാണ്. ജീവിതത്തില്‍ പിന്നീട് വെള്ളം കുടിക്കണമെന്ന് തോന്നിയിട്ടില്ലെന്ന് നരസമ്മ പറയുന്നു. ഇതുമൂലം ക്ഷീണമോ മറ്റ് ശാരീരിക ബുദ്ധിമുട്ടുകളോ ഇല്ല.  ചികില്‍സ തേടി ആശുപത്രികളില്‍ കിടക്കേണ്ടിവന്നിട്ടുമില്ലെന്ന് നരസമ്മ പറയുന്നു. ഓര്‍മക്കോ കേള്‍വിശക്തിക്കോ ഒരു പ്രശ്‌നവുമില്ല. മാസത്തില്‍  പത്തു ദിവസം പൂര്‍ണമായും ഭക്ഷണം ഉപേക്ഷിച്ച് വ്രതം അനുഷ്ഠിക്കാറുണ്ട് ഇവര്‍.

വേനല്‍ക്കാലത്ത് ശരീരത്തിലെ ജലം നിലനിര്‍ത്തുന്നതിന് നനഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുകയാണ് ചെയ്യുക. സാധാരണ ചോറാണ് ആഹാരം.  ദിവസം രണ്ട് കപ്പ് കാപ്പി നിര്‍ബന്ധം. ഉണങ്ങിയ പഴങ്ങളും നട്ട്‌സും മെനുവിലുണ്ട്.  2000ത്തില്‍ 36 ദിവസം നീണ്ടുനിന്ന ഇന്ത്യാ സഞ്ചാരവും നരസമ്മ നടത്തിയിട്ടുണ്ട്. ആ ദിവസങ്ങളില്‍ ഭക്ഷണം കഴിച്ചില്ല. ദിവസവും കഴിച്ചിരുന്ന മൂന്ന് കപ്പ് കാപ്പിയാണ് ജീവന്‍ നിലനിര്‍ത്തിയതെന്ന് നരസമ്മ തന്നെ പറയുന്നു. രാവിലെ  പ്രതിദിനം അഞ്ചു മണിക്കൂര്‍ പ്രാര്‍ഥിക്കണം എന്നത് സരസമ്മക്ക് നിര്‍ബന്ധമാണ്.

ജീവിതത്തില്‍ ഇതുവരെ അമ്മൂമ്മ വെള്ളം കുടിക്കുന്നത് കണ്ടിട്ടില്ലെന്ന് പേരമകളും ടി.സി.എസ് ജീവനക്കാരിയുമായ എ. അരുണ പറയുന്നു. ഇതുവരെ വെള്ളം ചോദിച്ചിട്ടില്ല. ജ്യൂസോ മോരോ ഒരു സിപ്പ് പോലും കുടിക്കുന്നത് കണ്ടിട്ടില്ല -അരുണ പറയുന്നു. അതേസമയം, വെള്ളം കുടിക്കാതെ ഒരാള്‍ ജീവിക്കുക എന്നത് സാധ്യമല്ലെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. വെള്ളം കുടിക്കാതെ ജീവിക്കുന്നത് അസാധ്യമാണെന്നും ഓരോ കോശത്തിനും വെള്ളം ആവശ്യമുണ്ടെന്നും ഡോ. ബി. കിരണ്‍കുമാര്‍ പറയുന്നു.

വെള്ളമില്ലാതെ കോശങ്ങള്‍ നിലനില്‍ക്കില്ല. എന്നാല്‍,  അപൂര്‍വം കേസുകളില്‍ മറ്റ് വഴികളിലൂടെ കോശങ്ങള്‍ വെള്ളം സ്വീകരിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. നരസമ്മയുടെ ജീവിതം ശാസ്ത്രത്തിന് വെല്ലുവിളിയാണ്. ഞങ്ങള്‍ ഉടന്‍ അവരെ പരിശോധിക്കും- ഡോ. കിരണ്‍കുമാര്‍ പറഞ്ഞു. എന്നാല്‍, നരസമ്മ അടുത്ത യാത്രക്കുള്ള ഒരുക്കത്തിലാണ്. ജീവിതത്തില്‍ ആദ്യത്തെ വിമാനയാത്രക്കാണ് ഒരുങ്ങുന്നത്. സിംഗപ്പൂരില്‍ താമസിക്കുന്ന പേരക്കുട്ടിയെ കാണാന്‍.   

മുഹമ്മദ് റഫീക്ക്
madhyamam daily

No comments:

Blog Archive