Tuesday, August 24, 2010

ചിന്നസ്വാമി സ്‌റ്റേഡിയം സ്‌ഫോടനത്തില്‍ മഅ്ദനിക്ക് പങ്കെന്ന് ആചാര്യ


Tuesday, August 24, 2010
ബാംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് മത്സരത്തിന് മുമ്പ് ബാംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിന് പുറത്തുണ്ടായ സ്‌ഫോടനങ്ങള്‍ പി.ഡി.പി നേതാവ് അബ്ദുല്‍ നാസിര്‍ മഅദനിയുടെ അറിവോടെയാണെന്ന് ചോദ്യം ചെയ്യലില്‍ വെളിപ്പെട്ടതായി കര്‍ണാടക ആഭ്യന്തരമന്ത്രി വി.എസ്. ആചാര്യ അറിയിച്ചു. ബാംഗ്‌ളൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് മഅ്ദനിയെ ചോദ്യം ചെയ്തപ്പോഴാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. ആഗസ്റ്റ് 26ന് മഅ്ദനിയുടെ പൊലീസ് കസ്റ്റഡി അവസാനിക്കുമെങ്കിലും തുടരന്വേഷണത്തിന് കസ്റ്റഡി നീട്ടിക്കിട്ടണമെന്ന് കോടതിയില്‍ ആവശ്യപ്പെടുമെന്നും ആചാര്യ പറഞ്ഞു.

2010 ഏപ്രില്‍ 17ന് മുംബൈ ഇന്ത്യന്‍സും ബാംഗ്‌ളൂര്‍ റോയല്‍ ചാലഞ്ചേഴ്‌സും തമ്മിലുള്ള മത്സരം തുടങ്ങാനിരിക്കെയാണ് സ്‌ഫോടനം നടന്നത്. സ്‌റ്റേഡിയത്തിന്റെ ഗേറ്റ് നമ്പര്‍ 12ന് സമീപമുള്ള പുറംഭിത്തിയില്‍ ഒളിപ്പിച്ചുവെച്ച പ്ലാസ്റ്റിക് ബോംബാണ് ആദ്യം പൊട്ടിയത്. പിന്നീട് അനില്‍ കുംബ്ലെ സര്‍ക്കിളിന് സമീപം രണ്ടാമത്തെ സ്‌ഫോടനമുണ്ടായി. വീര്യം കുറഞ്ഞ സ്‌ഫോടനങ്ങളാണ് ഉണ്ടായതെന്ന് ബാംഗളൂരു പൊലീസ് കമ്മീഷണര്‍ ശങ്കര്‍ ബിദ്‌രി അന്ന് പറഞ്ഞിരുന്നു. മൂന്ന് ബോംബുകള്‍ സ്‌റ്റേഡിയം പരിസരത്തുനിന്ന് പിന്നീട് കണ്ടെടുക്കുകയും ചെയ്തു.
എന്നാല്‍ ഐ.പി.എല്‍ മല്‍സരങ്ങള്‍ മുംബൈയിലേക്കു മാറ്റാന്‍ വാതുവെപ്പു ലോബി നടത്തിയ ഗൂഡാലോചനയുടെ ഭാഗമാണ് സ്‌ഫോനങ്ങള്‍ എന്നാണു വി.എസ് ആചാര്യ നേരത്തെ പറഞ്ഞിരുന്നത്.
സ്‌ഫോടനത്തില്‍ ആറ് പേര്‍ക്ക് നിസ്സാരമായി പരിക്കേല്‍ക്കുകയുമുണ്ടായി. സ്‌ഫോടനത്തെ തുടര്‍ന്ന് ബാംഗളൂരില്‍ നടക്കേണ്ട സെമിഫൈനല്‍ മത്സരങ്ങള്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടി മുംബൈയിലേക്ക് മാറ്റുകയായിരുന്നു.
madhyamam daily

No comments:

Blog Archive