Friday, August 27, 2010

മന്ത്രി ചിദംബരം സമ്മതിച്ച സത്യം


Thursday, August 26, 2010
ഹിന്ദുത്വ ഭീകരതക്കെതിരെയും ജാഗ്രത പാലിക്കണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തിന്റെ പൊലീസ് മേധാവികള്‍ക്കുള്ള നിര്‍ദേശം, ഇക്കാലമത്രയും സര്‍ക്കാറുകള്‍ ഒളിപ്പിച്ചതോ അതീവ ലഘൂകരിച്ചതോ ആയ ഒരു യാഥാര്‍ഥ്യത്തിന്റെ തുറന്ന സമ്മതമാണ്. രാജ്യത്ത് കഴിഞ്ഞ കാലങ്ങളില്‍ നടന്ന ഒട്ടേറെ സ്‌ഫോടനങ്ങളില്‍ കാവി ഭീകരതക്കും പങ്കുണ്ടെന്ന് തെളിഞ്ഞതായി, ബുധനാഴ്ച ന്യൂദല്‍ഹിയില്‍ ആരംഭിച്ച സംസ്ഥാന പൊലീസ് മേധാവികളുടെയും സുരക്ഷ, ഇന്റലിജന്‍സ് ഉദ്യോഗസ്ഥന്മാരുടെയും ത്രിദിന സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് ആഭ്യന്തരമന്ത്രി വ്യക്തമാക്കിയത്. ഇത് പറഞ്ഞപ്പോള്‍ മന്ത്രി ചിദംബരത്തിന്റെയും മറ്റുള്ളവരുടെയും മനസ്സില്‍, മുംബൈ സ്‌ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ട ഭീകരവിരുദ്ധ സ്‌ക്വാഡ് മേധാവി ഹേമന്ത് കര്‍ക്കെര അനാവരണം ചെയ്ത ഹിന്ദുത്വ ഭീകര സംഘടനയുടെ ചെയ്തികളും തുടരന്വേഷണത്തില്‍ ബോധ്യമായ വിവരങ്ങളുമാണ് സ്വാഭാവികമായും തെളിഞ്ഞിരിക്കുക. അഭിനവ് ഭാരത്, സനാതന്‍ സന്‍സ്ഥ തുടങ്ങിയ കാവി  ഭീകരസേനകള്‍ കേണല്‍ പുരോഹിതിനെപ്പോലുള്ള സൈനിക ഉദ്യോഗസ്ഥരില്‍നിന്ന് നേരിട്ട് പരിശീലനം നേടി രാജ്യത്താകെ സ്‌ഫോടനപരമ്പര സൃഷ്ടിക്കുകയായിരുന്നു എന്ന് വൈകിയാണെങ്കിലും രാജ്യം മനസ്സിലാക്കി. ഹൈദരാബാദ്, മക്കാ മസ്ജിദ്, മാലേഗാവ്, അജ്മീര്‍, സംഝോത എക്‌സ്‌പ്രസ് എന്നിവിടങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളുടെ പിന്നില്‍ ഹിന്ദുത്വ ഭീകരരാണെന്ന് നിഷ്പക്ഷതയും കാര്യക്ഷമതയുമുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നില്ലെങ്കില്‍ അത്തരം ഭീകരാക്രമണങ്ങളുടെ പേരില്‍ കാരാഗൃഹങ്ങളില്‍ അടക്കപ്പെട്ട നൂറുകണക്കിന് നിരപരാധികളായ മുസ്‌ലിം യുവാക്കള്‍ ഇന്നും അഴികളെണ്ണി കാലം കഴിക്കേണ്ടിവരുമായിരുന്നു. പിന്നീടാണ് പ്രമോദ് മുത്തലിക്കിന്റെ ശ്രീരാമസേന കര്‍ണാടകയില്‍ കൂലിക്ക് വര്‍ഗീയാക്രമണങ്ങള്‍ സംഘടിപ്പിച്ചുകൊടുക്കുന്നുണ്ടെന്ന തെഹല്‍ക്ക റിപ്പോര്‍ട്ട് നാടിനെ അമ്പരപ്പിച്ചത്. എന്നിട്ടും അയാളുടെ പേരിലുള്ള പതിനെട്ടോളം കേസുകള്‍ പിന്‍വലിച്ച കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ സ്‌ഫോടനങ്ങളുടെ പേരില്‍ അബ്ദുന്നാസിര്‍ മഅ്ദനി ഉള്‍പ്പെടെ മുസ്‌ലിം യുവാക്കളെ കൃത്രിമ തെളിവുകളുണ്ടാക്കി വേട്ടയാടിക്കൊണ്ടിരിക്കുകയാണ്.

എട്ടര പതിറ്റാണ്ടോളമായി ഇന്ത്യയില്‍ ആസൂത്രിതമായി പ്രവര്‍ത്തിക്കുന്ന സൈനീകൃത ഹിന്ദുത്വ സംഘടനയായ ആര്‍.എസ്.എസിന്റെ ലക്ഷ്യവും ശൈലിയും പ്രചാരണരീതികളും ഇന്നാട്ടില്‍ ആര്‍ക്കും അജ്ഞാതമല്ല. അതിതീവ്ര ന്യൂനപക്ഷ വിരുദ്ധ വികാരങ്ങളുടെ ഭൂമികയില്‍ ഒട്ടേറെ സംഘടനകള്‍ക്കും ആര്‍.എസ്.എസ് ജന്മം നല്‍കിയിട്ടുണ്ട്. വിശ്വഹിന്ദുപരിഷത്ത്, ബജ്‌റംഗ്ദള്‍ എന്നിവ സംഘ്പരിവാറിന്റെ പ്രത്യക്ഷ ഘടകങ്ങളാണെങ്കില്‍ പ്രാദേശികമായി ആയിരക്കണക്കിന് ഹിന്ദുത്വ കൂട്ടായ്മകളാണ് സജീവ രംഗത്തുള്ളത്. രാജ്യത്ത് ഇന്നേവരെ നടന്ന പതിനായിരക്കണക്കിന് വര്‍ഗീയ കലാപങ്ങളില്‍ ഈ സംഘടനകള്‍ക്കുള്ള പങ്ക് ഏതാണ്ടെല്ലാ അന്വേഷണ കമീഷനുകളും പുറത്തുകൊണ്ടുവന്നിട്ടുണ്ട്. മൂന്നു തവണ ആര്‍.എസ്.എസ് നിരോധിക്കപ്പെട്ടുവെങ്കിലും ഒരു ഫലവും അതുകൊണ്ടുണ്ടായില്ലെന്ന് മാത്രമല്ല ഓരോ തവണ നിരോധം നീക്കിയപ്പോഴും പൂര്‍വാധികം കരുത്തോടെ രംഗപ്രവേശം ചെയ്യുകയായിരുന്നു. ഇന്ന് ഗുജറാത്ത്, മധ്യപ്രദേശ്, ഹിമാചല്‍പ്രദേശ്, കര്‍ണാടക സംസ്ഥാനങ്ങള്‍ ഒറ്റക്ക് തന്നെ സംഘ്പരിവാര്‍ ഭരിക്കുമ്പോള്‍ ബിഹാറിലും പഞ്ചാബിലുമൊക്കെ അവര്‍ ഭരണത്തില്‍ പങ്കാളികളാണ്. ഇന്ത്യയുടെ മേല്‍ ഹിന്ദുത്വത്തിന്റെ പിടി ഇത്രത്തോളം മുറുകിയതിന്റെ നേര്‍ക്കുനേരെയുള്ള ഫലമാണ് കോണ്‍ഗ്രസിനെ പോലുള്ള ഒരു മതേതര പാര്‍ട്ടി പോലും മൃദുഹിന്ദുത്വം പയറ്റേണ്ടിവരുന്നത്. അതിന്റെ മറ്റൊരു പ്രതിഫലനമാണ് രഹസ്യപൊലീസിലും പരസ്യപൊലീസിലുമുള്ള ഹിന്ദുത്വ സ്വാധീനം. 2002ലെ ഗുജറാത്ത് കലാപം പൊലീസ് സേനയുടെ ഹിന്ദുത്വവത്കരണത്തിന്റെ ഭീകരമുഖം അനാവരണം ചെയ്തു. 1993ലെ മഹാരാഷ്ട്ര കലാപത്തെക്കുറിച്ചന്വേഷിച്ച ശ്രീകൃഷ്ണ കമീഷനും പൊലീസിലെ സംഘ് പരിവാര്‍ സ്വാധീനം വെളിപ്പെടുത്തി. പക്ഷേ, ഈ ആപത്കരമായ സ്വാധീനത്തിന് തടയിടാന്‍ ഫലപ്രദമായ ഒരു നടപടിയും മതേതര സര്‍ക്കാറുകളുടെ ഭാഗത്തുനിന്നുപോലും ഉണ്ടാവാതിരുന്ന സാഹചര്യമാണ് ഇപ്പോള്‍ മന്ത്രി ചിദംബരത്തെ ഹിന്ദുത്വ ഭീകരവാദത്തിന്റെ നേര്‍ക്ക് വിരല്‍ ചൂണ്ടാന്‍ നിര്‍ബന്ധിതനാക്കിയത്.

2001 സെപ്റ്റംബര്‍ 11ന് ശേഷം അമേരിക്ക മുസ്‌ലിം തീവ്രവാദത്തിനും ഭീകരതക്കുമെതിരെ ആരംഭിച്ച പ്രചാരണയുദ്ധത്തില്‍ പങ്കാളിയായ ഇന്ത്യയും ഇടവും വലവും നോക്കാതെ, യഥാര്‍ഥമോ സാങ്കല്‍പികമോ ആയ മുസ്‌ലിം തീവ്രവാദവിരുദ്ധ പോരാട്ടം ശക്തിപ്പെടുത്തിക്കൊണ്ടേ പോവുമ്പോള്‍ പ്രഥമവും പ്രധാനവുമായി വിസ്മരിച്ചതോ കണ്ടില്ലെന്ന് നടിച്ചതോ ആയ തിക്തസത്യമാണ് ആഭ്യന്തരമന്ത്രിക്ക് സംസ്ഥാന പൊലീസ് മേധാവികളെ ഓര്‍മിപ്പിക്കേണ്ടിവന്നത്. ബി.ജെ.പിയുടെ പ്രതികരണവും ഉടന്‍ തന്നെ വന്നു. മറ്റു പ്രശ്‌നങ്ങളില്‍നിന്ന് രാജ്യത്തിന്റെ ശ്രദ്ധ തിരിക്കാനാണ് ചിദംബരം ഹിന്ദുത്വ ഭീകരതയെ പരാമര്‍ശിച്ചതത്രെ. പതിവിന്‍പടി ന്യൂനപക്ഷപ്രീണനത്തിന്റെ പട്ടികയിലും പാര്‍ട്ടി ആഭ്യന്തരമന്ത്രിയുടെ പ്രസ്താവന ഉള്‍പ്പെടുത്തിയിരിക്കുന്നു. ഭീകരരില്‍ ഭീകരരായ ശിവസേന ഇതേചൊല്ലി പാര്‍ലമെന്റില്‍ ബഹളം ഉണ്ടാക്കി. തീവ്രവാദക്കേസുകളില്‍ ചില വ്യക്തികള്‍ ഉള്‍പ്പെടുന്നുവെങ്കിലും അത് ഏതെങ്കിലും മതത്തിന്റെ പേരില്‍ വെച്ചുകെട്ടരുതെന്ന വെളിപാട് ബി.ജെ.പിക്കുണ്ടായിട്ടുണ്ട്. രാജ്യത്തെവിടെയെങ്കിലും ആളപായത്തിനിടവരുത്താതെ ബോംബോ പടക്കമോ പൊട്ടിയാല്‍പോലും  മുസ്‌ലിം സംഘടനകളെയും സമുദായത്തെയും പ്രതിക്കൂട്ടില്‍ കയറ്റാന്‍ തത്രപ്പെടുന്ന പാര്‍ട്ടിയാണിത് പറയുന്നത്! ഇത്തരം ഉമ്മാക്കികള്‍ക്ക് മുന്നില്‍ കേന്ദ്രസര്‍ക്കാറും സംസ്ഥാനങ്ങളിലെ പൊലീസ് സേനയും ചകിതരായാല്‍ ഹിന്ദുത്വഭീകരതയില്‍നിന്ന് ഒരുകാലത്തും രാജ്യത്തിന് മോചനമില്ലെന്ന് തീര്‍ച്ച. ഭൂരിപക്ഷ വര്‍ഗീയതക്കും തീവ്രതക്കും ഭീകരതക്കും തടയിടാനായില്ലെങ്കില്‍ പ്രതികരണ ന്യൂനപക്ഷ വര്‍ഗീയതയെയോ തീവ്രവാദത്തെയോ മാത്രം ഉന്മൂലനം ചെയ്യാനാവുമെന്ന പ്രതീക്ഷ അതിര് കവിഞ്ഞതാണ്.  വര്‍ഗീയതക്കും തീവ്രവാദത്തിനും മതമില്ലെന്ന് പ്രസംഗിച്ചാല്‍ പോരാ, നടപടികളിലൂടെ അത് തെളിയിക്കുകയും വേണം.
madhyamam daily

No comments:

Blog Archive