Friday, March 11, 2011

Powerful quake hits Japan

Al Jazeera's metereologist explains Japan quake

Devastating tsunami hits Japan

സൂനാമിയില്‍ വിറച്ച് ജപ്പാന്‍; മരണം 22 | Madhyamam

സൂനാമിയില്‍ വിറച്ച് ജപ്പാന്‍; മരണം 22 | Madhyamam




ടോകിയോ: ഒന്നര നൂറ്റാണ്ടിനിടെ ജപ്പാനിലുണ്ടായ ഏറ്റവും വലിയ ഭൂചലനവും പിന്നാലെ ആഞ്ഞടിച്ച സൂനാമിത്തിരമാലകളും രാജ്യത്ത് കൊടിയ നാശം വിതച്ചു. റിച്ചര്‍ സ്‌കെയിലില്‍ 8.9 രേഖപ്പെടുത്തിയ കനത്ത ഭൂചലനത്തിനു പിന്നാലെ രാക്ഷസത്തിരമാലകള്‍ ജപ്പാന്‍ തീരങ്ങളെ വിഴുങ്ങി. 22 പേര്‍ മരിച്ചതായാണ് ആദ്യ റിപ്പോര്‍ട്ടുകള്‍, നൂറു കണക്കിനാളുകള്‍ക്ക് പരിക്കുണ്ട്. ലക്ഷക്കണക്കിനാളുകളെ ഒഴിപ്പിച്ചു. കോടികളുടെ സാമ്പത്തിക നഷ്ടമുണ്ടായി. ആയിരക്കണക്കിന് കെട്ടിടങ്ങളും വാഹനങ്ങളും തകര്‍ത്ത് കുതിക്കുന്ന തിരമാലകളില്‍ നിന്ന് രക്ഷപ്പെടാനായി വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ വീടുവിട്ടോടുകയാണ്. 140 കൊല്ലത്തിന് ശേഷം ജപ്പാനിലുണ്ടായ അതിശക്തമായ ഭുചലനത്തിലും സുനാമിയിലൂം മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപോര്‍ട്ട്. തലസ്ഥാന നഗരിയായ ടോകിയോവിലാണ് ഏറ്റവുമധികം നാശം. ലക്ഷക്കണക്കിനാളുകളെ രക്ഷാപ്രവര്‍ത്തകര്‍ അടിയന്തിരമായി ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി. രാജ്യത്തെ ആണവോര്‍ജ നിലയങ്ങളെല്ലാം അടിയന്തിരമായി അടച്ചു. ടോകിയോ വിമാനത്താവളവും അടച്ചിട്ടിരിക്കുകയാണ്. ചില ഫാകടറികളില്‍ തീ പടര്‍ന്നിട്ടുണ്ട്. ടോകിയോവിലെ കൂറ്റന്‍ ഫാക്ടറികളിലൊന്ന് കത്തിയമരുന്ന ദൃശ്യങ്ങള്‍ ദേശീയ ടെലിവിഷന്‍ കാണിച്ചു. മുപ്പതടി വരെ ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിക്കുകയായിരുന്നു.


പാര്‍ക്കിങ് മേഖലകളില്‍ നിര്‍ത്തിയിട്ടിരുന്ന ആയിരക്കണക്കിന് വാഹനങ്ങള്‍ ഒലിച്ചുപോയി. ടോകിയോവിലെ 40 ലക്ഷം വീടുകള്‍ വെളളവും വെളിച്ചവുമില്ലാതെ ഭീഷണിയിലാണ്. സെന്‍ദായി പട്ടണത്തില്‍ തിരമാലയില്‍പെട്ട് കൂറ്റന്‍ ഹോട്ടല്‍ കെട്ടിടം തകര്‍ന്നു. നിരവധിപ്പേര്‍ കുടുങ്ങികിടക്കുന്നതായി സംശയിക്കുന്നു. ഭൂചലനത്തിന്റെ തുടര്‍ച്ചയായി ചെറുചലനങ്ങള്‍ ഇപ്പോഴും തുടരുകയാണ്. രാജ്യത്തെ മറ്റൊരു വന്‍ വ്യവസായ നഗരമായ യോകോഹോമയും വെള്ളത്തിലാണ്. ഇവിടത്തെ നൂറുകണക്കിന് ഫാക്ടറികള്‍ അടച്ചിട്ടു. 1923 ല്‍ ജപ്പാനിലുണ്ടായ 140,000 പേര്‍ മരിച്ച ഭൂചലനം പോലും 7.9 മാത്രമായിരുന്നു രേഖപ്പെടുത്തിയത്. ഇതിലും കനത്ത ചലനമാണ് ഇന്നത്തേത്. ടോകിയോവിന് 300 കിലോമീറ്റര്‍ അകലെ സെന്‍ദായി ആയിരുന്നു ചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനങ്ങള്‍ പതിവായ ജപ്പാനില്‍ കെട്ടിടങ്ങളും മറ്റും മതിയായ സുരക്ഷാസംവിധാനങ്ങളോടെയാണ് നിര്‍മിക്കുന്നത്. അതിനാല്‍ സാധാരണ ഭൂചലനങ്ങളില്‍ ആളപായം കുറവായിരിക്കും. എന്നാല്‍ അസാധാരണമായ ശക്തിയുള്ള ദുരന്തമാണ് ഇന്നത്തേത്. വാര്‍ത്താവിതരണ സംവിധാനങ്ങള്‍ പലതും തകര്‍ന്നതിനാല്‍ വിവരങ്ങള്‍ പുറംലോകം അറിയാന്‍ വൈകുന്നുണ്ട്.


ജപ്പാനു പുറമേ തായ്‌വാന്‍, ഇന്‍ഡോനേഷ്യ, റഷ്യ എന്നിവിടങ്ങളടക്കം പത്തു രാജ്യങ്ങളില്‍ സൂനാമി മുന്നറിയിപ്പു പറുപ്പെടുവിച്ചിട്ടുണ്ട്. ഈ രാജ്യങ്ങള്‍ തീരദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു തുടങ്ങി. റഷ്യ 11000 ആളുകളെ ഇതിനകം ഒഴിപ്പിച്ചു. സുനാമി തിരമാലകള്‍ ആസ്‌ത്രേലിയ, തായ്‌വാന്‍, ഇന്‍ഡോനേഷ്യ, റഷ്യ ,ഹവായി എന്നിവിടങ്ങളിലേക്ക് നീങ്ങിയിട്ടുണ്ട്. തായ്‌വാനില്‍ 30 മിനിറ്റിനകവും ആസ്‌ത്രേലിയയില്‍ രാത്രി 11:15നും ഹവായിയില്‍ വൈകീട്ട് 6 നും ഇന്‍ഡോനേഷ്യയില്‍ 4:30നും സുനാമി വീശിയടിക്കുമെന്നാണ് മുന്നറിയിപ്പ്. ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായ ജപ്പാനില്‍ സമീപകാലത്തുണ്ടാവുന്ന ഏറ്റവും വലിയ പ്രകൃതിദുരന്തമാണിത്. മലയാളികളടക്കം ആയിരക്കണക്കിന് ഇന്ത്യക്കാര്‍ ജപ്പാനിലുണ്ട്. ഇവരില്‍ ആര്‍ക്കെങ്കിലും അപായമുള്ളതായി ഇതുവരെ റിപ്പോര്‍ട്ടില്ല. ജപ്പാന്‍ സൂനാമി ഇന്ത്യക്ക് കാര്യമായ ഭീഷണി ഉണ്ടാക്കില്ലെന്ന് കാലാവസ്ഥാ കേന്ദ്രങ്ങള്‍ അറിയിച്ചു.

Blog Archive