ബാബരി മസ്ജിദ് കേസില്‍ അലഹബാദ് ഹൈകോടതി വിധിപറയുന്നത് നീട്ടിവെച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് അസാധാരണ നടപടിയാണ്. മസ്ജിദ് നിര്‍മിച്ചത് ക്ഷേത്രം പൊളിച്ചിട്ടാണോ, അവിടെ മുസ്‌ലിംകള്‍ പണ്ടുമുതലേ നമസ്‌കരിച്ചിരുന്നോ അതോ ഹിന്ദുവിഗ്രഹങ്ങള്‍ ഉണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളെപ്പറ്റിയാണ് ആറ് പതിറ്റാണ്ട് പഴക്കമുള്ള കേസില്‍ തീര്‍പ്പ് പറയേണ്ടിയിരുന്നത്. വിധി നീട്ടിവെക്കണമെന്നും മധ്യസ്ഥതയിലൂടെ പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് രമേശ് ചന്ദ് ത്രിപാഠി എന്നയാള്‍ സമര്‍പ്പിച്ച ഹരജി ഏതാനും ദിവസം മുമ്പ് ഹൈകോടതിയുടെ മൂന്നംഗ ലഖ്‌നോ ബെഞ്ച് തള്ളിയതാണ്. അതില്‍ പിന്നീടാണ് ത്രിപാഠി പ്രത്യേകാനുവാദ ഹരജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.
ഹരജിയില്‍ തീര്‍പ്പ് സെപ്റ്റംബര്‍ 28ന് നല്‍കുമെന്നും അതുവരെ അലഹബാദ് ഹൈകോടതി വിധിപറയുന്നത് നീട്ടിവെക്കണമെന്നുമാണ് സുപ്രീംകോടതി ഉത്തരവിട്ടിരിക്കുന്നത്. രാജ്യം 60 വര്‍ഷം പഴക്കമുള്ള കേസിന്റെ വിധിക്കായി ഏറക്കുറെ സജ്ജമായിക്കഴിഞ്ഞപ്പോഴാണ് ഇത്. വിധിക്ക് സമ്പൂര്‍ണമല്ലെങ്കിലും പരമാവധി കരുതലോടെയും പക്വതയോടെയും രാഷ്ട്രം കാത്തിരിക്കെയാണ് അവസാന നിമിഷം എല്ലാ ഒരുക്കങ്ങളെയും നിഷ്ഫലമാക്കി ഉന്നത കോടതിയുടെ ഇടപെടലുണ്ടായത്.
ഇതിലെ സദുദ്ദേശ്യം സ്‌പഷ്ടമാണ്. എന്നാല്‍, നിയമപരമായി ഇതിന്റെ ആശാസ്യത ബോധ്യപ്പെടാന്‍ പ്രയാസവുമാണ്. അനുരഞ്ജനത്തിലൂടെ പ്രശ്‌നപരിഹാരത്തിന് ശ്രമം എന്നത് ചീത്തക്കാര്യമല്ല. അതേസമയം, കോടതി മുമ്പാകെയുള്ളത് ഉടമസ്ഥാവകാശ തര്‍ക്കമാണ്. അതാകട്ടെ, വസ്തുതകളും രേഖകളുമായി ബന്ധപ്പെട്ട കാര്യം. അനുരഞ്ജനം വരുന്നത് ഉടമസ്ഥരാരെന്ന് തീരുമാനിച്ച് കഴിഞ്ഞാലാണ്. കോടതി ഒരു തീര്‍പ്പ് നല്‍കിയാലും അതംഗീകരിക്കാന്‍ തയാറല്ലാത്തവര്‍ക്ക് മേല്‍ക്കോടതിയെ സമീപിക്കാവുന്നതാണ്. തീര്‍പ്പിനുമുമ്പ് അനുരഞ്ജനം എന്നത് നിയമബാഹ്യമായ സമ്മര്‍ദമുറകള്‍ക്ക് വഴിതുറക്കല്‍ കൂടിയായി ഭവിക്കാം. രണ്ടാമത്, അറുപതുവര്‍ഷത്തിനിടയില്‍ അനുരഞ്ജനത്തിനു പലവട്ടം ശ്രമങ്ങള്‍ നടന്നതാണ്. അതെല്ലാം വിഫലമാവുകയായിരുന്നു. ഇതിനു കാരണം, മസ്ജിദ് നിന്നിടത്തുതന്നെ വേണം ക്ഷേത്രമുണ്ടാക്കാനെന്ന ഹിന്ദുത്വവാദികളുടെ ശാഠ്യമാണ്. ഒരുപക്ഷത്തിന്റെ പിടിവാശിക്ക് സമ്പൂര്‍ണമായി കീഴടങ്ങലല്ല അനുരഞ്ജനം എന്നതിനാല്‍ മുസ്‌ലിംകള്‍ വ്യക്തമായ നിര്‍ദേശം മുന്നോട്ടുവെച്ചു; തര്‍ക്കസ്ഥലത്തിനുപുറത്ത് എവിടെ വേണമെങ്കിലും രാമക്ഷേത്രം പണിയാം; എന്നാല്‍, തര്‍ക്കസ്ഥലത്തിന്റെ ഉടമസ്ഥാവകാശത്തെപ്പറ്റി കോടതി തീരുമാനിക്കുന്നതിനുമുമ്പ് അത് വിട്ടുകൊടുക്കുന്നതില്‍ ഔചിത്യമില്ല. സ്വന്തം സ്ഥലമാണെന്ന് ഉറപ്പുള്ളതല്ലേ വിട്ടുകൊടുക്കാനാവൂ! ഇക്കാരണങ്ങളാല്‍, അനുരഞ്ജനം പ്രസക്തമാകുന്നതുതന്നെ ഉടമസ്ഥാവകാശത്തില്‍ തീര്‍പ്പ് വന്നശേഷമാണ്. മൂന്നാമതായി, അലഹബാദ് ഹൈകോടതിയുടെ ലഖ്‌നോ ബെഞ്ച് ഒടുവില്‍ നടത്തിയ അനുരഞ്ജന ശ്രമത്തില്‍ ഇരുപക്ഷവും അതിനെതിരെ വ്യക്തമായ നിലപാടെടുത്തതാണ്. കേസിലെ കക്ഷികള്‍ക്കുപുറമെ കേന്ദ്രസര്‍ക്കാറിനെ കൂടി കക്ഷിചേര്‍ക്കുന്ന വിധത്തിലാണ് സുപ്രീംകോടതി അവര്‍ക്ക് ഇപ്പോള്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
അനുരഞ്ജനവും സമവായവും നടക്കുന്നെങ്കില്‍ നല്ലതുതന്നെ. എന്നാല്‍, അതിന്റെ പേരില്‍ കേസ് വിധി അനന്തമായി നീളുന്ന സാഹചര്യം വിപരീത ഫലമാണുണ്ടാക്കുക. ഇക്കാര്യത്തില്‍ മുമ്പേ ഉണ്ടായിരുന്ന ആശങ്ക സുപ്രീംകോടതിയുടെ ഇടപെടലോടെ വര്‍ധിച്ചുവെന്ന് പറയണം. ഹൈകോടതി വിധി ഖണ്ഡിതമല്ലെങ്കില്‍ കേസ് പിന്നെയും നീളാം. അലഹബാദിലെ മൂന്നംഗ ബെഞ്ചിലെ ഒരു ജഡ്ജി ഒക്‌ടോബര്‍ ഒന്നിന് വിരമിക്കാനിരിക്കുകയാണ്. സുപ്രീംകോടതി നോട്ടീസ് നല്‍കിയ കക്ഷികള്‍ 28ന് ഹാജരാവുകയും ഹൈകോടതി വിധി പറയുന്നതിനനുകൂലമായി സുപ്രീംകോടതി തീരുമാനമെടുക്കുകയും ചെയ്താല്‍ അതിനുമുമ്പ് വിധി വന്നെന്നിരിക്കും. അതിനപ്പുറം കടന്നാല്‍ പുതിയ ബെഞ്ച് രൂപവത്കരിക്കുന്നതുതൊട്ട് കേസ് ആദ്യംമുതല്‍ പുനരാരംഭിക്കേണ്ടിവരുമോ എന്ന ആശങ്കയുണ്ട്. ഇങ്ങനെ സംഭവിച്ചാല്‍ അതിന്റെ അര്‍ഥം ഇതാണ്: നീതിന്യായത്തിനു വഴങ്ങാതെ പുറത്തുനിന്ന് സമ്മര്‍ദം ചെലുത്തുന്നവര്‍ക്കുമുന്നില്‍ നീതിന്യായ സംവിധാനംവരെ കീഴടങ്ങേണ്ടിവരും.
ബാബരി മസ്ജിദിന്റെ സമീപകാല പ്രശ്‌നങ്ങള്‍ക്ക് കാരണം കേന്ദ്രസര്‍ക്കാറിന്റെ നിശ്ചയദാര്‍ഢ്യമില്ലായ്മയും മൃദുഹിന്ദുത്വനയവുമാണ്. ഉടമസ്ഥാവകാശ കേസ് കോടതി പരിഗണനയിലിരിക്കെയാണല്ലോ പള്ളി ഏകപക്ഷീയമായി പൂജക്ക് തുറന്നുകൊടുത്തത്. കര്‍സേവകര്‍ പള്ളിപൊളിക്കാനിടവരുത്തിയതും മറ്റൊന്നുമല്ല-കേന്ദ്രസര്‍ക്കാറിന്റെ ചാഞ്ചാട്ടവും മൃദുഹിന്ദുത്വവും തന്നെ. ഇത്തരമൊരവസ്ഥ രാജ്യത്തിന്റെ സുസ്ഥിതിക്ക് ചേരുന്നതല്ല. നിയമപാലകര്‍ മുതല്‍ ഭരണഘടനാ സ്ഥാപനങ്ങള്‍വരെ സ്വന്തം കടമ മറന്നപ്പോഴാണ് പള്ളി പൊളിക്കപ്പെട്ടത്. 1992ല്‍ കുനിഞ്ഞ ഇന്ത്യയുടെ ശിരസ്സ് ഉയരണമെങ്കില്‍ നിയമവാഴ്ചയും ഭരണഘടനയുടെ ആധികാരികതയും തിരിച്ചുപിടിക്കേണ്ടതുണ്ട്.
madhyamam