Saturday, September 25, 2010

രാം ചപൂത്തര്‍ തകര്‍ത്തവരുടെ മധ്യസ്ഥത വേണ്ട -മഹന്ത് രാംദാസ്

രാം ചപൂത്തര്‍ തകര്‍ത്തവരുടെ മധ്യസ്ഥത വേണ്ട -മഹന്ത് രാംദാസ്
ഫൈസാബാദ്: 1992 ഡിസമ്പര്‍ ആറിന് ബാബരി മസ്ജിദിനൊപ്പം രാം ചപൂത്തറും തകര്‍ത്ത് ദൈവനിന്ദ കാണിച്ച വിശ്വ ഹിന്ദു പരിഷത്തിന്റെയും ഭാരതീയ ജനതാപാര്‍ട്ടിയുടെയും സഹായം രാമക്ഷേത്രത്തിന് ആവശ്യമില്ലെന്നും അവരെ തങ്ങള്‍ മധ്യസ്ഥതക്ക് കൂട്ടില്ലെന്നും ബാബരി മസ്ജിദ് ഭൂമിക്ക് മേല്‍ അവകാശവാദമുന്നയിച്ച പ്രധാന കക്ഷി നിര്‍മോഹി അഖാര. അവസാന ഒത്തുതീര്‍പ്പിന് ഒരു ശ്രമം കൂടി നടത്താന്‍ സുപ്രീം കോടതി നിര്‍ദേശിച്ച സാഹചര്യത്തില്‍ ആത്മാര്‍ഥമായ രാമഭക്തിയുള്ളവര്‍ രാമക്ഷേത്രം രാഷ്ട്രീയവിഷയമാക്കുന്നത് അവസാനിപ്പിക്കണമെന്നും നിര്‍മോഹി അഖാരയുടെ മഹന്ത് ബാബാ രാംദാസ് ആവശ്യപ്പെട്ടു.
ഫൈസാബാദിലെ നാഖ 'ഹനുമാന്‍ ക്ഷേത്രത്തിന്റെ ഓഫീസില്‍ വെള്ളിയാഴ്ച 'മാധ്യമ'ത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മഹന്ത് രാംദാസ്. രാമക്ഷേത്രം യാഥാര്‍ഥ്യമാകുന്നതിന് വിശ്വഹിന്ദുപരിഷത്തും ഭാരതീയ ജനതാപാര്‍ട്ടിയും സൃഷ്ടിച്ച പ്രതിബന്ധങ്ങള്‍ ബാബാ രാംദാസ് എണ്ണിയെണ്ണിപ്പറഞ്ഞു. 1980കളില്‍ വിശ്വ ഹിന്ദു പരിഷത്ത് രാമക്ഷേത്രം ദേശീയ വിവാദമാക്കിയില്ലായിരുന്നുവെങ്കില്‍ രാമക്ഷേത്രം എന്നോ യാഥാര്‍ഥ്യമായേനെ. നൂറ്റാണ്ടിലേറെ മുസ്‌ലിംകള്‍ പോലും ക്ഷേത്രമായി അംഗീകരിച്ചുവന്നിരുന്നതാണ് മസ്ജിന്റെ മുറ്റത്തെ മൂലയിലുണ്ടായിരുന്ന രാം ചപൂത്തര്‍ ക്ഷേത്രം. അയോധ്യയില്‍ ബാബറിന്റെ മിര്‍ബാഖി നിര്‍മിച്ച പള്ളി പൊളിച്ചതിന്റെ കൂടെ നൂറ്റാണ്ടുകളായി പൂജ മുടങ്ങാത്ത ക്ഷേത്രം പൊളിക്കാന്‍ വി.എച്ച്.പിക്ക് എങ്ങിനെ മനസുറച്ചുവെന്ന് രാംദാസ് ചോദിച്ചു. അശോക് സിംഗാള്‍ ആണ് ഈ ദൈവനിന്ദക്ക് നേതൃത്വം നല്‍കിയത്. വി.എച്ച്.പിക്കും അശോക് സിംഗാളിനും അശേഷം രാമഭക്തിയുണ്ടായിരുന്നുവെങ്കില്‍ ഈ തരത്തില്‍ രാമകോപം ക്ഷണിച്ചുവരുത്തില്ലായിരുന്നു. ബാബരി മസ്ജിദിന്റെ നടുമുറ്റത്തുണ്ടായിരുന്ന രാമ ചപൂത്തറില്‍ പരമ്പരാഗതമായി പൂജ നടത്തിവന്നിരുന്നത് നിര്‍മോഹി അഖാരയുടെ മഹന്തുമാരാണ്. 1885 മുതല്‍ ബാബരി മസ്ജിദിന്റെ സ്ഥലം കൂടി രാമക്ഷേത്രത്തിന് വേണ്ടി വിട്ടുകിട്ടാന്‍ നിയമയുദ്ധം തുടങ്ങിയതും തങ്ങളാണ്.
അതിനാല്‍ രാം ചപൂത്തര്‍ തകര്‍ത്ത് പൂജ മുടക്കിയതിന്റെ വേദന അശോക് സിംഗാളിന് മനസിലാവില്ല. രാമചപൂത്തര്‍ തകര്‍ത്തതിനെതിരെ അശോക് സിംഗാളിനും കൂട്ടര്‍ക്കുമെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും ആ കേസും ബാബരി പള്ളി തകര്‍ത്ത കേസിനൊപ്പം റായ്ബറേലിയിലെ കോടതിയാണ് പരിഗണിക്കുന്നതെന്നും മഹന്ത് രാംദാസ് തുടര്‍ന്നു. ദൈവനിന്ദക്കെതിരായ ആ കേസ് തുടരും.    
1984ല്‍ ബിഹാറില്‍ നിന്ന്  അശോക് സിംഗാള്‍ ഒന്നാം രഥയാത്ര തുടങ്ങിയതോടെയാണ് രാമക്ഷേത്രം ദേശീയ വിവാദമായി മാറുന്നതും അനുരഞ്ജനത്തിന്റെ വാതിലുകള്‍ അടയുന്നതും. ഫൈസാബാദും അയോധ്യയും കടന്ന് ദല്‍ഹിയിലേക്കുള്ള വഴിയില്‍ ഗാസിയാബാദിലെത്തിയപ്പോള്‍ ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട വാര്‍ത്തയെ തുടര്‍ന്നാണ് ആ രഥയാത്ര നിര്‍ത്തിവെച്ചത്. വളരെ പ്രകോപനപരമായ ആ യാത്രക്ക് ഫൈസാബാദിലോ അയോധ്യയിലോ ഒരു ചലനവുമുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കിലും മുസ്‌ലിം സമുദായത്തിനിടയില്‍ പ്രതികൂല വികാരമുണ്ടാക്കാന്‍ കഴിഞ്ഞു.
 അന്ന് തുടങ്ങി വെച്ച പ്രശ്‌നങ്ങളുടെ ഏറ്റവും മോശമായ പരിണതിക്കാണ് ഡിസമ്പര്‍ ആറിന് രാജ്യം സാക്ഷ്യം വഹിച്ചത്. അയോധ്യയിലെ ഒരു ഹിന്ദു പോലും അന്നത്തെ അതിക്രമത്തില്‍ പങ്കാളിയായിട്ടില്ല.
തങ്ങളെ വിശ്വാസത്തിലെടുക്കാതെ ബി.ജെ.പി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങള്‍ക്കെതിരെയും മഹന്ത് ബാബാ രാംദാസ് ആഞ്ഞടിച്ചു.
വാജ്‌പേയി പ്രധാനമന്ത്രിയായ സമയത്ത് തങ്ങളോട് കൂടിയാലോചന പോലും നടത്താതെ ശങ്കരാചാര്യരെ മധ്യസ്ഥനാക്കി അടിച്ചേല്‍പിക്കാന്‍ നോക്കി.
ഇപ്പോള്‍ നടത്തുന്ന മധ്യസ്ഥ നീക്കത്തിലും രാഷ്ട്രീയം കളിക്കാന്‍ അനുവദിക്കാതെ നോക്കണമെന്ന് വ്യാഴാഴ്ചത്തെ സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത മഹന്ത് രാംദാസ് ആവശ്യപ്പെട്ടു.
madhyamam

No comments:

Blog Archive