Monday, July 26, 2010

അമിത് ഷാ റിമാന്റില്‍


Sunday, July 25, 2010
ഗാന്ധിനഗര്‍: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ വലംകൈയും മുന്‍ ആഭ്യന്തര സഹമന്ത്രിയുമായ അമിത് ഷാ(46)യെ അറസ്റ്റ് ചെയ്തു. തീവ്രവാദിയെന്നാരോപിച്ച് സൊഹ്‌റാബുദ്ദീന്‍ ശൈഖിനെ  വ്യാജ ഏറ്റുമുട്ടലില്‍  കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. ഗാന്ധിനഗറിലെ സി.ബി.ഐ ഓഫിസില്‍ എത്തിയപ്പോഴായിരുന്നു മുന്‍ധാരണപ്രകാരമുള്ള അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ ഷായെ  കസ്റ്റഡിയില്‍ വിട്ടുതരണമെന്ന് സി.ബി.ഐ ആവശ്യപ്പെടാതിരുന്നതിനെ തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ചോദ്യം ചെയ്യാനായി അമിത് ഷാക്ക് രണ്ടു തവണ സി.ബി.ഐ  സമന്‍സയച്ചിരുന്നു.  അന്വേഷണം തുടരുകയാണെന്നും ആവശ്യമെങ്കില്‍ കസ്റ്റഡിയില്‍ വാങ്ങുമെന്നുമാണ് ഇക്കാര്യത്തില്‍ സി.ബി.ഐ വിശദീകരണം. അമിത് ഷായെ  സബര്‍മതി സെന്‍ട്രല്‍ ജയിലിലേക്കയച്ചു.
ആഴ്ചകളായി ഒളിവിലായിരുന്ന അമിത് ഷാ ഞായറാഴ്ച കാലത്ത് നാടകീയമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുകയായിരുന്നു.  അഹ്മദാബാദിലെ ബി.ജെ.പി ആസ്ഥാനത്താണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടത്. സി.ബി.ഐ കുറ്റപത്രത്തിലെ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതും രാഷ്ട്രീയപ്രേരിതവുമാണെന്ന് ഷാ പറഞ്ഞു.

കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാറാണ് നീക്കത്തിന് പിന്നില്‍. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടും. നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമുണ്ട്. അതുകൊണ്ടുതന്നെ ആരോപണങ്ങളില്‍നിന്ന് മോചനം നേടാമെന്ന്  പ്രത്യാശയുണ്ട്.  കുറ്റപത്രത്തില്‍ തന്റെ പേര് ഉള്‍പ്പെട്ടതിന്റെ പേരില്‍ മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ സംഭവത്തിലേക്ക് വലിച്ചിഴക്കേണ്ട. ചോദ്യംചെയ്യല്‍ മുഴുവന്‍ വീഡിയോയില്‍ പകര്‍ത്തണം.
40 എ.കെ 47 തോക്കുകള്‍ കൈവശം വെച്ച സൊഹ്‌റാബുദ്ദീന്‍ ശൈഖ് തികഞ്ഞ കുറ്റവാളിയാണ്. 100 കൈബോംബുകളടക്കം ഒരു ലക്ഷം രൂപയുടെ ആയുധങ്ങള്‍ അയാളുടെ വീട്ടില്‍നിന്ന് കണ്ടെടുത്തു. അഞ്ച് സംസ്ഥാനങ്ങളിലായി 40 കേസുകളുള്ള  പൊലീസ് തെരയുന്നയാളാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതെന്ന് ഷാ വിശദീകരിച്ചു. സി.ബി.ഐക്കുമുന്നില്‍ കീഴടങ്ങാന്‍ പോകുന്നുവെന്ന് പറഞ്ഞാണ് ഷാ വാര്‍ത്താസമ്മേളനം അവസാനിപ്പിച്ച് ഗാന്ധിനഗറിലേക്ക് പോയത്. അവിടെ കാത്തുനിന്ന  സി.ബി.ഐ ഉദ്യോഗ്‌സഥരുടെ മുന്നില്‍ കീഴടങ്ങുകയും ചെയ്തു.

വ്യാഴാഴ്ച മുതല്‍ ഒളിവിലായിരുന്ന അമിത് ഷായെ സി.ബി.ഐ കോടതി  പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
കൊലപാതകക്കുറ്റം ചുമത്തി   സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചതിനെ തുടര്‍ന്ന് അമിത് ഷാ ഗുജറാത്ത്  ആഭ്യന്തര സഹമന്ത്രി സ്ഥാനം ശനിയാഴ്ച രാജീവിച്ചിരുന്നു. കേസില്‍ പ്രതിചേര്‍ത്ത സാഹചര്യത്തില്‍ കോടതി  അറസ്റ്റ് വാറന്‍ഡ് പുറപ്പെടുവിച്ചു. മൂന്നുദിവസം മുമ്പ് കോടതിയില്‍ ഹാജരാകണമെന്ന് കാണിച്ച് സമന്‍സ് അയച്ചു. മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് അഭിഭാഷകര്‍ മുഖേന ആവശ്യപ്പെട്ടെങ്കിലും സി.ബി.ഐ കോടതി നിരസിച്ചു. ഷായെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കിയതോടെയാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടതും  പിന്നീട് കീഴടങ്ങിയതും.

വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷാക്കെതിരെ കൊലപാതകം, തെളിവ് നശിപ്പിക്കല്‍, തട്ടികൊണ്ടുപോകല്‍, ഗൂഢാലോചന , അന്യായമായ നിയന്ത്രണം, അന്യായമായ തടങ്കല്‍ തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് ചുമത്തിയതെന്ന് സി.ബി.ഐ വക്താവ് ദല്‍ഹിയില്‍ വെളിപ്പെടുത്തി. കേസിലുള്‍പ്പെട്ട  യശ്പാല്‍ ചുദാസാമ, അജയ് പട്ടേല്‍ എന്നിവര്‍ക്കൊപ്പമാണ് അമിത് ഷാ ഒളിവില്‍ പോയത്. സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ 15 പ്രതികളാണുള്ളത്. 13ാം പ്രതിയാണ് ഷാ. ഐ.പി.എസ് ഓഫിസര്‍മാരായ ഡി.ജി. വന്‍സാര, രാജ്കുമാര്‍ പാണ്ഡ്യന്‍, എം.എന്‍. ദിനേഷ്, അഭയ് ചുദാസാമ  എന്നിവരും പ്രതിപ്പട്ടികയിലുണ്ട്.
2005 നവംബറില്‍, തീവ്രവാദിയെന്നാരോപിച്ച് സൊഹ്‌റാബുദ്ദീന്‍ ശൈഖിനെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്താന്‍ അമിത് ഷാ നിര്‍ദേശിച്ചതായി കുറ്റപത്രത്തില്‍ ആരോപിക്കുന്നു. അതിനായി വന്‍സാര, പാണ്ഡ്യന്‍, ചുദാസാമ എന്നിവരെ ചുമതലപ്പെടുത്തി. സൊഹ്‌റാബുദ്ദീന്‍ ശൈഖിന്റെ ഭാര്യ കൗസര്‍ബിയെ കൊന്ന് മൃതദേഹം കത്തിക്കാന്‍ അമിത് ഷാ ഫോണിലൂടെ ഡി.ഐ.ജിക്ക് നിര്‍ദേശം നല്‍കിയതിന്റെ തെളിവും സി.ബി.ഐയുടെ പക്കലുണ്ട്. കൗസര്‍ബിയെ രാസവസ്തു കുത്തിവെച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ മൊഴി നല്‍കിയതും അന്വേഷിക്കുന്നുണ്ട്. സുപ്രീം കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് ജനുവരിയിലാണ് സി.ബി.ഐ കേസന്വേഷണം ഏറ്റെടുത്തത്.

ഫാത്തിമ തന്‍വീര്‍
 
madhyamam daily

No comments:

Blog Archive