Monday, August 13, 2012

ആറങ്ങോട്ട് പള്ളിക്ക് സഹകാരിയായി കല്യാണിഅമ്മ | Madhyamam

ആറങ്ങോട്ട് പള്ളിക്ക് സഹകാരിയായി കല്യാണിഅമ്മ | Madhyamam
ആറങ്ങോട്ട് പള്ളിക്ക് സഹകാരിയായി കല്യാണിഅമ്മ
വില്യാപ്പള്ളി: മേമുണ്ടക്കടുത്ത് ആറങ്ങോട്ട് ജുമാമസ്ജിദിനെ ഭക്തിയോടെ പരിപാലിക്കുകയാണ് നാട്ടുകാരിയായ കല്യാണി അമ്മ. ഇതര ദേവാലയങ്ങളെ മതവിദ്വേഷത്തോടെ നോക്കിക്കാണുന്നവര്‍ വര്‍ധിക്കുന്ന ഈ കാലത്ത് സ്നേഹത്തിന്‍െറയും സാഹോദര്യത്തിന്‍െറയും തെളിമയുമായി കല്യാണി അമ്മ മുസ്ലിം പള്ളിക്കുവേണ്ടി കര്‍മനിരതയാവുന്നത്. അതും പ്രതിഫലേച്ഛയില്ലാതെ.
കഴിഞ്ഞ മുപ്പത്തിയാറ് വര്‍ഷമായി പള്ളിപ്പരിസരവും ചുറ്റുപാടും വീടുപോലെ വൃത്തിയായി സൂക്ഷിക്കുന്നത് കല്യാണി അമ്മയാണ്.
ഇത് വെറും അടിച്ചുവൃത്തിയാക്കല്‍ മാത്രമല്ല. ഒരു പ്രാര്‍ഥന പോലെയാണിത് കല്യാണി അമ്മ ചെയ്യുക. കുളിച്ചുവൃത്തിയായി അലക്കിയ വസ്ത്രങ്ങള്‍ ധരിച്ച് പാദരക്ഷകള്‍ ഗേറ്റിനുപുറത്ത് അഴിച്ചുവെച്ച് മാത്രമേ പള്ളി കോമ്പൗണ്ടിലേക്ക് പ്രവേശിക്കുക. വര്‍ഷങ്ങള്‍ക്കുമുമ്പ് മരിച്ചുപോയ ഭര്‍ത്താവ് ചാത്തുവിന്‍െറ കാലം മുതലേയുള്ള ശീലമാണിതത്രേ. സര്‍ക്കാറുദ്യോഗസ്ഥനായ ഒരാളടക്കം രണ്ടു ആണ്‍മക്കളും രണ്ടു പെണ്‍മക്കളുമടങ്ങുന്നതാണ് കല്യാണി അമ്മയുടെ കുടുംബം. പള്ളി പുതുക്കിപ്പണിയുന്നതിനുമുമ്പ് പ്രാര്‍ഥനക്കെത്തുന്നവര്‍ പോലും ഒറ്റക്കു പള്ളിയിലേക്ക് കയറാന്‍ ഭയന്നിരുന്നു. ഖബറിടമുള്ള പള്ളിയില്‍ ഒരു പേടിയുമിതുവരെ തോന്നിയിട്ടില്ലെന്ന് കല്യാണി അമ്മ പറയുന്നു. ചിലപ്പോഴൊക്കെ വിഷപ്പാമ്പുകളെയും ക്ഷുദ്രജീവികളെയും കാണുമെന്നു മാത്രം.
അടുത്ത ബന്ധുവീടുകളിലും മക്കളുടെ വീട്ടിലും പോകാറുണ്ടെങ്കിലും ഒരിടത്തും രാത്രി തങ്ങാറില്ല. പള്ളി പരിപാലനം മുടങ്ങുമെന്ന ഭയംതന്നെ കാരണം. ഒരിക്കല്‍ അങ്ങനെ മകളുടെ വീട്ടില്‍ നിര്‍ബന്ധിതാവസ്ഥയില്‍ നില്‍ക്കേണ്ടി വന്നപ്പോള്‍ പ്രത്യേക വാഹനത്തിലാണ് കാലത്ത് പള്ളിയിലെത്തിയതെന്ന് കല്യാണി അമ്മ.
പള്ളി കമ്മിറ്റിക്ക് പള്ളിയിലെ എല്ലാ പ്രത്യേക ചടങ്ങിനും കല്യാണി അമ്മ നിര്‍ബന്ധമാണ്. ചെറിയ പെരുന്നാളിന് മറ്റു പരിപാലകര്‍ക്ക് വീതംവെക്കുന്ന സംഖ്യയില്‍നിന്ന് ഒരു പങ്ക് കല്യാണി അമ്മക്കും പള്ളി കമ്മിറ്റി നിര്‍ബന്ധിച്ചേല്‍പിക്കും. വിശേഷദിവസങ്ങളില്‍ കല്യാണി അമ്മയുടെ വക പഞ്ചസാരയും പലഹാരങ്ങളും സൗജന്യമായി എത്തിക്കുന്നു. മരിക്കുന്നതുവരെ സ്നേഹം പങ്കിട്ടിങ്ങനെ കഴിയാന്‍ മുടക്കം വരുത്തരുതേയെന്നാണ് ഈ 76കാരിയുടെ പ്രാര്‍ഥന.

No comments:

Blog Archive