Monday, January 07, 2013

ആജ്ഞാശക്തിയുടെ ആള്‍രൂപം

കണ്ടുമുട്ടിയ മുസ്ലിം നേതാക്കളില്‍ നടപ്പിലും എടുപ്പിലും വാക്കിലും നോക്കിലും ആജ്ഞാശക്തി സ്ഫുരിച്ചു നിന്ന ഖാദി ഹുസൈന്‍ അഹ്മദിനെ പോലൊരാളെ കണ്ടിട്ടില്ല. പാക് അധീന കശ്മീര്‍ തലസ്ഥാനമായ മുസാഫറാബാദിലെ ഭൂകമ്പദുരിതത്തിനുശേഷം വന്ന അക്കൊല്ലത്തെ പെരുന്നാള്‍ ആഘോഷമാണ് ഈ പാക് നേതാവിനെക്കുറിച്ച എന്‍െറ ഓര്‍മകളില്‍ ഇപ്പോഴുമുള്ളത്. നഗരത്തിലെ ആയിരക്കണക്കിന് അഭയാര്‍ഥികള്‍ക്കു മുന്നില്‍ ഈദ് നമസ്കാരത്തിന് നേതൃത്വം നല്‍കാനായി അന്ന് അദ്ദേഹം എഴുന്നേറ്റു നിന്നു. മുസാഫറാബാദിലെ ഇടിഞ്ഞുപൊളിഞ്ഞ ക്രിക്കറ്റ് സ്റ്റേഡിയത്തിലായിരുന്നു ഈദ് പ്രഭാഷണം. വേര്‍പാടിന്‍െറയും കഷ്ടനഷ്ടങ്ങളുടെയും കമ്പളം പുതച്ചെത്തിയ ആയിരക്കണക്കിന് നഗരവാസികള്‍ക്കു മുന്നില്‍ നിരാശയുടെ ഒരു വാക്കുപോലും ഉരിയാടാതെ, എന്നാല്‍, ശിഷ്ടജീവിതത്തിന്‍െറ പ്രാധാന്യത്തെക്കുറിച്ചും ഭാവിയോടുണ്ടായിരിക്കേണ്ട സമീപനത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. അതുപോലൊരു പ്രസംഗം ഇനി ജീവിതത്തില്‍ കേള്‍ക്കാനാവുമെന്ന് തോന്നുന്നില്ല. അത്രകണ്ട് മാസ്മരികമായ, ത്രസിപ്പിച്ച പ്രഭാഷണമായിരുന്നു അത്. ഒടുവില്‍ മാത്രം ജനങ്ങളെ കരയിച്ച, അതിലേറെ ആശ്വാസം നല്‍കിയ പ്രഭാഷണം. കാര്‍ക്കശ്യം അദ്ദേഹത്തിന്‍െറ സ്ഥായീഭാവമായിരുന്നു. സാധാരണ രാഷ്ട്രീയക്കാരനെ പോലെ അവസരത്തിനൊത്ത് എന്തെങ്കിലും പറയുന്ന, കേള്‍വിക്കാരനെ സുഖിപ്പിക്കുന്ന വര്‍ത്തമാനങ്ങള്‍ മാത്രം പറയുന്ന കാപട്യമൊന്നും ഖാദിഹുസൈന് ഉണ്ടായിരുന്നില്ല. കശ്മീര്‍ പ്രശ്നത്തെക്കുറിച്ച് സയ്യിദ് അലി ഷാ ഗീലാനിയോടും ഖാദി ഹുസൈന്‍ അഹ്മദിനോടും ഞാന്‍ ചോദിച്ച ചില ചോദ്യങ്ങളില്‍ ഖാദി ഹുസൈന്‍െറ മറുപടികളില്‍ ചിലത് ഇന്നും പ്രസിദ്ധീകരിക്കാനാവാതെ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. അത് ഇനി പ്രസിദ്ധീകരിക്കുന്നതില്‍ അര്‍ഥവുമില്ല. അക്കൂട്ടത്തിലൊന്ന് ഇങ്ങനെയാണ്: കശ്മീര്‍ പാകിസ്താനോടൊപ്പം ചേരണമെന്ന വാദമുണ്ടല്ലോ; ഇസ്ലാമിന്‍െറ കാര്യത്തില്‍ ഇന്ത്യന്‍ മുസ്ലിമിന് ലഭിക്കാത്ത എന്ത് സ്വാതന്ത്ര്യവും പദവിയുമാണ് അമേരിക്കന്‍ സഖ്യരാഷ്ട്രമായി മാറിക്കഴിഞ്ഞ ഇന്നത്തെ പാകിസ്താനില്‍നിന്ന് കശ്മീരിലെ മുസ്ലിമിന് കിട്ടാന്‍ പോകുന്നത്? ഖാദി ഹുസൈന്‍ പ്രായോഗിക തലത്തില്‍ തികഞ്ഞ രാഷ്ട്രീയക്കാരനും മറുഭാഗത്ത് അലിഷാ ഗീലാനി വലിയൊരളവോളം തന്ത്രജ്ഞനുമായിരുന്നു. അമേരിക്കയിലും പാകിസ്താനിലുമുള്ള വിശ്വാസത്തേക്കാള്‍ ഇന്ത്യയുടെ കാര്യത്തിലുള്ള അവിശ്വാസമാണ് ഗീലാനി ഊന്നിപ്പറഞ്ഞത്. ഖാദി ഹുസൈന്‍ പക്ഷേ, പാകിസ്താനെക്കുറിച്ചു തന്നെയാണ് പറഞ്ഞത്. അദ്ദേഹം പറഞ്ഞ മിക്ക കാര്യങ്ങളും സ്വാഭാവികമായും ഇന്ത്യയുടെ കശ്മീര്‍ നയത്തിനെതിരെ ആയിരുന്നു. കശ്മീര്‍ മുസ്ലിംകളുടെ ദുരന്തവും പാകിസ്താന്‍െറ പതനവും രണ്ട് വ്യത്യസ്ത വിഷയങ്ങളാണ്. പാകിസ്താനെ നേരെയാക്കുക എന്നതും മുസ്ലിംകളുടെ ബാധ്യതയാണ്. ‘പക്ഷേ, കശ്മീര്‍
രക്തസാക്ഷികളെ ഒരിക്കലും മറക്കാനാവില്ല. ഗലികളിലും തെരുവിലും കല്യാണ വീട്ടിലും ജനാസയിലും ആളുകള്‍ കൂടുന്ന ഏതൊക്കെ വീടുകളുണ്ടോ അവിടെയും അവരുടെ പേരുകള്‍ പറയപ്പെടുന്നുണ്ട്. അതിന്‍െറ വലുപ്പവും മഹത്ത്വവും ഇന്ത്യയിലെ ആളുകള്‍ക്ക് മനസ്സിലാവില്ല’... കശ്മീര്‍ പ്രശ്നം പരിഹരിക്കാതെ ഒരിക്കലും ഇന്ത്യക്കും പാകിസ്താനുമിടയില്‍ ആരോഗ്യകരമായ ബന്ധം സാധ്യമാവില്ലെന്ന് തമ്മില്‍ കണ്ട രണ്ട് അവസരത്തിലും അദ്ദേഹം ആവര്‍ത്തിച്ചു. അതേസമയം, ഖാദി ഹുസൈന്‍ ഇന്ത്യാ വിരുദ്ധനായിരുന്നില്ല എന്നതാണ് വസ്തുത. കശ്മീര്‍ പ്രശ്നത്തെക്കുറിച്ച് കാര്‍ക്കശ്യത്തോടെ നിലകൊണ്ടപ്പോഴും ഇന്ത്യക്കും പാകിസ്താനുമിടയിലെ പ്രശ്നം കശ്മീര്‍ കൊണ്ട് മാത്രം അവസാനിക്കുന്നതല്ല എന്നും ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പൊതുപ്രശ്നമായി മാറുന്നത് അമേരിക്കയാണെന്നും ഖാദി ഹുസൈന്‍ 2005 നവംബറില്‍ ‘മാധ്യമ’ത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇക്കാര്യം ഇന്ത്യ തിരിച്ചറിയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് മൂന്നു വര്‍ഷങ്ങള്‍ക്കു ശേഷം തെഹല്‍ക്കയിലെ അജിത് സാഹിയോടും ഇതേ കാര്യം പറഞ്ഞു. ഇന്ത്യയിലെ മാധ്യമങ്ങളില്‍ ഇക്കാര്യം പ്രചരിപ്പിക്കണമെന്നുകൂടി അദ്ദേഹം നിര്‍ദേശിച്ചു. എന്നല്ല, പാകിസ്താന്‍ ജമാഅത്തിലെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ ലിയാഖത്ത് ബലൂച്ചിനോട് പറ്റുമെങ്കില്‍ ഇന്ത്യ സന്ദര്‍ശിക്കണമെന്ന് നിര്‍ദേശിച്ചതായും അദ്ദേഹം സംസാരമധ്യേ സൂചിപ്പിച്ചു. എന്നാല്‍, വാജ്പേയി പാകിസ്താനിലേക്കു ചെന്ന സന്ദര്‍ഭത്തില്‍ അല്‍പം പോലും വിട്ടുവീഴ്ചയില്ലാതെ ആ സന്ദര്‍ശനത്തെ ഖാദി ഹുസൈന്‍ തുറന്നെതിര്‍ക്കുകയും ചെയ്തു. ഇന്ത്യയും പാകിസ്താനുമിടയില്‍ സ്വാഭാവികമായ ബന്ധങ്ങളുടെ പൂര്‍ത്തീകരണമായിട്ടല്ല ആ സന്ദര്‍ശനമെന്നും അന്താരാഷ്ട്ര ശക്തികളുടെ ചെണ്ടവാദ്യത്തിനൊത്ത് വാജ്പേയിയും മുശര്‍റഫും കോലംകെട്ടി തുള്ളുകയാണെന്നും ഖാദി ഹുസൈന്‍ ആരോപിച്ചു. പിന്തിരിഞ്ഞുനോക്കുമ്പോള്‍ അദ്ദേഹം പറഞ്ഞതുതന്നെയായിരുന്നു ശരിയെന്ന് കാണാനാവും. അഫ്ഗാനിസ്താനില്‍ അമേരിക്ക പരാജയപ്പെടുകയാണ് ചെയ്തതെന്നും ആ രാജ്യത്തുനിന്ന് മാന്യമായി തടിയൂരാനാണ് പാരിസില്‍ താലിബാന്‍ നേതാക്കളുടെയൊപ്പം യു.എസ് സൈനിക നേതാക്കള്‍ ചര്‍ച്ചനടത്തിയതെന്നുമാണ് നൗശേറയില്‍ നടത്തിയ ഏറ്റവുമൊടുവിലത്തെ റാലിയില്‍ അദ്ദേഹം പറഞ്ഞത്. മഹ്മന്ദില്‍ ഒരു പൊതുയോഗത്തില്‍ പങ്കെടുക്കാനുള്ള യാത്രക്കിടെ കഴിഞ്ഞ നവംബര്‍ 20ന് ഖാദി ഹുസൈനെ തഹ്രീകെ താലിബാന്‍ അയച്ചതെന്നു കരുതുന്ന വനിതാ ചാവേര്‍ ലക്ഷ്യമിട്ടിരുന്നു. അമേരിക്കയുടെ ഭീകരവിരുദ്ധ നയങ്ങള്‍ക്കെതിരെ അതിശക്തമായി രംഗത്തുള്ള ഖാദി ഹുസൈനെ ആക്രമിച്ചത്, തഹ്രീകെ താലിബാന്‍ ആരുടെ സൃഷ്ടിയാണെന്ന വര്‍ഷങ്ങളായി നിലനില്‍ക്കുന്ന സംശയങ്ങളെ ഒന്നുകൂടി പൊലിപ്പിച്ചു. താലിബാന്‍ ആണ് ഈ ആക്രമണം സംഘടിപ്പിച്ചതെങ്കില്‍ പാകിസ്താനിലെ ഫണ്ടമെന്‍റലിസ്റ്റുകളുടെ തലതൊട്ടപ്പന്‍ ഖാദി ഹുസൈന്‍ ആണ് എന്ന ആരോപണം അടിസ്ഥാനരഹിതമായി മാറുകയാണ് ചെയ്തത്. ഈ ആക്രമണത്തെക്കുറിച്ച് അന്വേഷിച്ചെഴുതിയ കത്തിനുള്ള മറുപടിയാണ് ഖാദി ഹുസൈന്‍െറ ഓഫിസില്‍ നിന്ന് എനിക്ക് കിട്ടിയ അവസാനത്തെ എഴുത്ത്. പാകിസ്താനിലെ ഒടുവിലത്തെ വംശീയ കലാപത്തില്‍ കൊല്ലപ്പെട്ട മൗലാനാ ഇസ്മാഈലിന്‍െറ വധത്തില്‍ അനുശോചിക്കവെ മതപണ്ഡിതന്മാരെ ലക്ഷ്യമിടുന്നതിലെ രാഷ്ട്രീയത്തെക്കുറിച്ച് ജനുവരി ആറിന് കൂട്ടായി പ്രതിഷേധിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. ആ സെമിനാര്‍ നടക്കാനിരിക്കവെയാണ് ജനുവരി അഞ്ചിന് രാത്രിയില്‍ അദ്ദേഹം വിടവാങ്ങിയത്. എ. റശീദുദ്ദീന്‍

No comments:

Blog Archive