Sunday, March 02, 2014

ഹജ്ജ്: നാലാംതവണ അപേക്ഷിച്ചവര്‍ക്കും നറുക്കെടുപ്പ് വേണ്ടിവരും

 ഉമര്‍ പുതിയോട്ടില്‍

http://www.madhyamam.com/news/274014/140303 
കോഴിക്കോട്: കേരളത്തില്‍നിന്ന് ഈവര്‍ഷം റിസര്‍വ് കാറ്റഗറിയില്‍ ഹജ്ജിന് അപേക്ഷിച്ചവര്‍ക്കും നറുക്കെടുപ്പ് വേണ്ടിവരും. അപേക്ഷകരുടെ എണ്ണം വര്‍ധിച്ചതും ഹജ്ജ് കമ്മിറ്റിക്ക് അനുവദിച്ച ക്വോട്ട കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചതുമാണ് ഇതിന് കാരണം.
തുടര്‍ച്ചയായി നാലാംതവണയും ഹജ്ജിന് അപേക്ഷിച്ചവര്‍ക്കാണ് റിസര്‍വ് കാറ്റഗറിയാണെങ്കിലും നറുക്കെടുപ്പ് വേണ്ടിവരുക. ഹജ്ജ് കമ്മിറ്റി മൂന്ന് കാറ്റഗറിയിലായാണ് ഇപ്പോള്‍ ഹജ്ജ് അപേക്ഷ സ്വീകരിക്കുന്നത്. 70 വയസ്സ് കഴിഞ്ഞ അപേക്ഷകരുടേതാണ് റിസര്‍വ് കാറ്റഗറി ‘എ’യില്‍ പെടുക. ഇവരോടൊപ്പം സഹായിയായി അടുത്ത ബന്ധുവും അപേക്ഷകനായി വേണം.
തുടര്‍ച്ചയായി നാലാംതവണയും അപേക്ഷിക്കുന്നവരാണ് റിസര്‍വ് കാറ്റഗറി ‘ബി’യില്‍പെടുക. ഇതില്‍ രണ്ടിലും പെടാത്ത അപേക്ഷകരെയാണ് ജനറല്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുക. റിസര്‍വ് ‘എ’ കാറ്റഗറിക്കാരെ മുഴുവന്‍ തെരഞ്ഞെടുത്ത ശേഷമാണ് റിസര്‍വ് ‘ബി’യിലുള്ളവരെ പരിഗണിക്കുക. ബാക്കിയുള്ള സീറ്റിനേക്കാള്‍ കൂടുതല്‍ ഈ കാറ്റഗറിയില്‍ അപേക്ഷകരുണ്ടെങ്കില്‍ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത് അവശേഷിക്കുന്നവരെ വെയ്റ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തും.
മുന്‍വര്‍ഷങ്ങളില്‍ റിസര്‍വ് കാറ്റഗറി ‘എ’യിലും ‘ബി’യിലും അപേക്ഷിച്ച മുഴുവന്‍ പേര്‍ക്കും ഹജ്ജ് യാത്രക്ക് അവസരം ലഭിച്ചിരുന്നു.
കഴിഞ്ഞവര്‍ഷം കേരളത്തില്‍നിന്ന് ഹജ്ജിനു പോയ 8400 പേരില്‍ 1420 പേര്‍ ‘എ’ കാറ്റഗറിക്കാരും 6264 ‘ബി’ കാറ്റഗറിക്കാരുമായിരുന്നു. ജനറല്‍ കാറ്റഗറിയിലെ 714 പേര്‍ക്കും കഴിഞ്ഞവര്‍ഷം അവസരം ലഭിച്ചു.
കഴിഞ്ഞവര്‍ഷം ഹജ്ജ് കമ്മിറ്റി മുഖേന ഇന്ത്യയില്‍നിന്ന് 1,20,000 പേര്‍ക്ക് ഹജ്ജിന് അവസരം ലഭിച്ചിരുന്നെങ്കില്‍ ഈവര്‍ഷം അത് 1,00,000 മാത്രമായി കേന്ദ്രസര്‍ക്കാര്‍ വെട്ടിച്ചുരുക്കിയിരിക്കുകയാണ്.
വെട്ടിമാറ്റിയ സീറ്റ് സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് നല്‍കുകയായിരുന്നു. കേരളത്തിന് കഴിഞ്ഞവര്‍ഷം ലഭിച്ച ഒറിജിനല്‍ ക്വോട്ട 6772 ആയിരുന്നു. ഇതര സംസ്ഥാനങ്ങളില്‍ ഒഴിവുവന്ന സീറ്റുകള്‍ കൂടി ലഭിച്ചതിനാല്‍ 8400ഓളം പേര്‍ക്ക് കേരളത്തില്‍നിന്ന് കഴിഞ്ഞവര്‍ഷം പോകാന്‍ കഴിഞ്ഞു.
ഈവര്‍ഷം ഇതുവരെ കേരളത്തിന്‍െറ ക്വോട്ട നിശ്ചയിച്ചിട്ടില്ല. മുന്‍വര്‍ഷത്തേതിനേക്കാള്‍ 20,000 സീറ്റ് കുറവായതിനാല്‍ ആനുപാതികമായി കേരളത്തിന്‍െറ ക്വോട്ടയും കുറയും. അതുകൊണ്ടുതന്നെ നാലാം തവണ അപേക്ഷിച്ച മുഴുവന്‍ പേര്‍ക്കും അവസരം ലഭിക്കാനിടയില്ല.
മാര്‍ച്ച് 15 വരെയാണ് ഹജ്ജിന് അപേക്ഷിക്കാനുള്ള സമയപരിധി. ഇതിനകം 25,000ത്തിലേറെ അപേക്ഷകള്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസില്‍ ലഭിച്ചുകഴിഞ്ഞു.
ഇതില്‍ 1200ഓളം അപേക്ഷകള്‍ റിസര്‍വ് കാറ്റഗറി ‘എ’യില്‍ പെട്ടവരും 5500ഓളം പേര്‍ റിസര്‍വ് കാറ്റഗറി ‘ബി’യില്‍പെട്ടവരുമാണ്.
അപേക്ഷിക്കാന്‍ രണ്ടാഴ്ചകൂടി സമയമുണ്ടായിരിക്കെ മൊത്തം അപേക്ഷകരുടെ എണ്ണം 50,000 കവിഞ്ഞേക്കും. ക്വോട്ട കുറയുകയും അപേക്ഷകര്‍ കൂടുകയും ചെയ്യുന്നതോടെ റിസര്‍വ് കാറ്റഗറിയിലുള്ളവര്‍ക്കും പ്രതീക്ഷ അകലുകയാണ്.

No comments:

Blog Archive