Friday, September 19, 2014

ഈ മാമാങ്കം കൊടിയിറങ്ങാനുള്ള വഴികള്‍



ഈ മാമാങ്കം  കൊടിയിറങ്ങാനുള്ള വഴികള്‍




സമീപകാലത്ത് കേരളീയ സമൂഹത്തില്‍ ആഴത്തില്‍ വേരൂന്നിയ അനാചാരമായ ആര്‍ഭാട വിവാഹത്തെക്കുറിച്ച് മാധ്യമം പ്രസിദ്ധീകരിച്ച മംഗല്യം അഥവാ ധൂര്‍ത്തിന്‍െറ മാമാങ്കംഎന്ന പരമ്പരക്ക് അഭൂതപൂര്‍വമായ പ്രതികരണങ്ങളാണ് ലഭിച്ചത്. സാമൂഹികമായ അസമത്വത്തിനും പുതിയ ഉച്ചനീചത്വങ്ങള്‍ക്കും ഇടയാക്കുന്ന ഈ ജീര്‍ണതക്കെതിരെ സമൂഹമനസ്സ് ഒന്നായി രംഗത്തുവന്നത് പ്രത്യാശാഭരിതമായ കാര്യമാണ്. കേരളത്തെ അടിമുടി ഗ്രസിച്ച ഈ അഭിനവ അനാചാരത്തെ വേരോടെ പിഴുതെറിയാന്‍ സ്വീകരിക്കേണ്ട പ്രായോഗികമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയാണിവിടെ സാമൂഹിക സാംസ്കാരിക സാമുദായിക രംഗങ്ങളിലെ പ്രമുഖ വ്യക്തികള്‍.

വേണ്ടത് നിയമം വഴിയുള്ള നിയന്ത്രണം

കെ.സി. റോസക്കുട്ടി (അധ്യക്ഷ, കേരള വനിതാ കമീഷന്‍)

എല്ലാവരും തത്ത്വത്തില്‍ എതിര്‍ക്കുന്നതും സ്വന്തംകാര്യം വരുമ്പോള്‍ ഉളുപ്പില്ലാതെ പൊങ്ങച്ചത്തോടെ ആഘോഷിക്കുന്നതുമായ രണ്ടു കാര്യങ്ങളാണ് സ്ത്രീധനവും വിവാഹധൂര്‍ത്തും. മലയാളിയുടെ മുഖമുദ്ര എന്നു പലരും പറയുന്ന കാപട്യം ഏതായാലും ഇക്കാര്യത്തില്‍ വാസ്തവമാണെന്ന് പറയാതെ വയ്യ.
ഞാന്‍ ദിവസവും കാണുന്ന, കേള്‍ക്കുന്ന നൂറുകണക്കിന് പരാതികളില്‍ മഹാഭൂരിപക്ഷത്തിന്‍െറയും അടിസ്ഥാനപ്രശ്നം സ്ത്രീധനമാണ്. വനിതാ കമീഷനില്‍ വരുന്നതിന്‍െറ പലമടങ്ങാണ് കുടുംബ കോടതികളിലത്തെുന്ന പരാതികള്‍. കേരളീയ കുടുംബബന്ധങ്ങള്‍ ശിഥിലമാകുന്നതിന്‍െറ പ്രധാനകാരണം വിവാഹം കമ്പോളമാകുന്നതും പെണ്ണു വില്‍പനച്ചരക്കാകുന്നതുമാണ്.
ഇത്രയേറെ സ്ത്രീധനം കൊടുത്തും ആര്‍ഭാടം കാട്ടിയും തുടങ്ങുന്ന വിവാഹങ്ങളാണ് തൊട്ടടുത്ത ദിവസം തല്ലിപ്പിരിഞ്ഞ് കോടതിയില്‍ എത്തുന്നത് എന്ന് ആഡംബര വിവാഹം നടത്താന്‍ ആലോചിക്കുന്നവരാരും ഓര്‍ക്കാറില്ല. ചോദിച്ച സ്ത്രീധനം കൊടുത്ത് വിവാഹം നടത്തുന്ന മാതാപിതാക്കളുടെ ധാരണ അതോടെ ആ ബന്ധം ശാശ്വതമായി എന്നാണ്. എന്നാല്‍, സ്ത്രീധനത്തിന് വിലപേശുന്ന അത്യാഗ്രഹികളുടെ കൈകളില്‍ മകളുടെ ജീവിതം സുരക്ഷിതമാകില്ല എന്ന ലളിതമായ യുക്തി പോലും മിക്കവരുടെയും മനസ്സില്‍ അപ്പോള്‍ ഉദിക്കുന്നില്ല! സമാനമായ കെണിയില്‍പെട്ടു ജീവിതം കൈവിട്ടുപോയ അമ്മമാര്‍ പോലും മകളുടെ കാര്യത്തില്‍ അതെല്ലാം വിസ്മരിക്കുന്നു. സ്വന്തം ദുരന്തം വിസ്മരിച്ചും പൊങ്ങച്ചം കാട്ടാന്‍ നിര്‍ബന്ധിതരാകുന്നു എന്നു പറയുന്നതാകും ശരി.
പെണ്ണിനെ പട്ടില്‍ പുതപ്പിച്ചു പൊന്നില്‍ മുക്കിയെടുത്ത് ആഡംബര കാറില്‍ കെട്ടിയെഴുന്നള്ളിച്ച് മുന്തിയ ഹാളുകളില്‍ ലക്ഷങ്ങള്‍ മുടക്കി കെട്ടിയലങ്കരിച്ച മണ്ഡപങ്ങളില്‍ പൊതുദര്‍ശനത്തിനുവെച്ച് ഇടപാട് നടത്തിക്കഴിയുമ്പോള്‍ ആ അച്ഛനമ്മമാരുടെ വിചാരം തങ്ങള്‍ സമൂഹത്തിലെ ഒന്നാംകിടയായി എന്നാണ്. എന്നാല്‍, ആ കല്യാണം ഉണ്ടുമടങ്ങുന്ന ഒരാളുടെ പോലും മനസ്സില്‍ അവര്‍ക്കുള്ള പഴയ സ്ഥാനം ഒരിഞ്ചുപോലും ഉയരുന്നില്ല, മറിച്ച് അല്‍പമെങ്കിലും താഴുകയാണ് ചെയ്യുന്നത് എന്നതാണ് സത്യം. വിവാഹവേദി വിടുന്നതോടെ ആ ജനക്കൂട്ടത്തിന്‍െറയെല്ലാം മനസ്സില്‍നിന്ന് വിവാഹരംഗങ്ങള്‍ മായും. അവര്‍ നിത്യജീവിതത്തിന്‍െറ പ്രാരബ്ധങ്ങളിലേക്ക് മടങ്ങുന്നു.
വിവാഹം നടത്തിച്ചവരുടെ കാര്യമോ? അവര്‍ ഏറിയാല്‍ ഏതാനും ആഴ്ചകള്‍ വിവാഹത്തിന്‍െറ ആല്‍ബവും വിഡിയോയും ഒക്കെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണിച്ചു തൃപ്തിയടയും. പിന്നെ അവയും അലമാരകളില്‍ പൊടിപിടിച്ച് കിടക്കും. പിന്നെ പണയം വെച്ചതിന്‍െറയും കടം വാങ്ങിയതിന്‍െറയും തലവേദനകള്‍ തുടങ്ങുകയായി. നല്ളൊരു പങ്കു കുടുംബങ്ങളും ഒരു വിവാഹത്തോടെ കടക്കെണിയിലാകുന്നു. അടുത്ത കാലത്ത് കര്‍ഷക ആത്മഹത്യ എന്നു നാം അറിഞ്ഞ പലതും വിവാഹധൂര്‍ത്തിനായും മറ്റും കടമെടുത്തു കടക്കെണിയിലായവരുടെ ആത്മഹത്യകളാണെന്ന് ഓര്‍ക്കണം.
ചുരുക്കത്തില്‍, വിവാഹം കഴിച്ചയച്ച മകള്‍ക്ക് സുരക്ഷിതത്വം ഇല്ലാതാക്കുന്ന, അച്ഛനമ്മമാര്‍ക്ക് സ്വസ്ഥത നഷ്ടമാക്കുന്ന, അവരെ ആത്മഹത്യയിലേക്കു നയിക്കുന്ന, നാട്ടുകാര്‍ക്കിടയില്‍ അവമതിയല്ലാതെ അംഗീകാരമൊന്നും ലഭിക്കാത്ത ഈ പൊങ്ങച്ചം എന്തിനുവേണ്ടിയാണ്?
ശക്തമായ ബോധവത്കരണത്തിലൂടെയേ ഈ ദു$സ്ഥിതിക്ക് മാറ്റം ഉണ്ടാക്കാന്‍ കഴിയൂ. പുരോഗമന സ്വഭാവമുള്ള രാഷ്ട്രീയ, സാമൂഹിക പ്രസ്ഥാനങ്ങളും സാമുദായിക സംഘടനകളും ഈ ദൗത്യം മുന്‍ഗണന നല്‍കി ഏറ്റെടുക്കണം.
നിയമം വഴിയുള്ള നിയന്ത്രണങ്ങളും ആവശ്യമാണ്. വിവാഹത്തിലെ ആള്‍ക്കൂട്ടം, സദ്യയുടെ വിഭവങ്ങള്‍, ഹാളിന്‍െറ വാടക, വധുവിനെ പരസ്യമായി ധരിപ്പിച്ച സ്വര്‍ണം, സ്ത്രീധനമായി കൈമാറിയ വാഹനം, ക്ഷണക്കത്തിന്‍െറ മൂല്യം, ക്ഷണിതാക്കളെ കൊണ്ടുവരാന്‍ ഉപയോഗിച്ച വാഹനങ്ങളുടെ എണ്ണവും ചെലവും, മറ്റു ചെലവുകള്‍ എന്നിങ്ങനെ ധൂര്‍ത്തിന്‍െറ മേഖലകള്‍ക്ക് പരിധി നിശ്ചയിക്കുകയും ലംഘിക്കുന്നവരെ കര്‍ശനമായി ശിക്ഷിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായാല്‍ ഈ കൊടിയ തിന്മ ഗണ്യമായി തടയാനാകും.
ഇന്നു സ്ത്രീകള്‍ വിദ്യാഭ്യാസവും ജോലിയും സ്വന്തമായി വരുമാനവും സ്വന്തം കാലില്‍ നില്‍ക്കാന്‍ കെല്‍പും ഉള്ളവരുമാണ്. ചന്തയില്‍ വിലപേശി വില്‍ക്കാനുള്ള ചരക്കായി നിന്നുകൊടുക്കാന്‍ ഇനി ഏറെക്കാലം അവളെ കിട്ടില്ല. പുരുഷന്‍െറ സൗന്ദര്യസങ്കല്‍പത്തെ തൃപ്തിപ്പെടുത്തുന്ന തരത്തില്‍ ഉടുത്തൊരുങ്ങാനും സൗകര്യമില്ളെന്ന് വ്യക്തിത്വമുള്ള പെണ്‍കുട്ടികള്‍ പറഞ്ഞു തുടങ്ങിയിരിക്കുന്നു. സ്ത്രീധനം കൂടുതല്‍ വേണമെന്ന് അച്ഛനമ്മമാരോടു വാശിപിടിക്കുന്ന പെണ്‍കുട്ടികള്‍ അതുവഴി സ്വന്തം മരണമോ ആജീവനാന്ത പീഡനമോ ആണ് ഇരന്നുവാങ്ങുന്നതെന്ന് തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. സ്ത്രീധനം ചോദിക്കുന്നവനെ എനിക്കു വേണ്ട എന്നു പ്രഖ്യാപിക്കുന്നവരും ആര്‍ഭാടരഹിതമായി വിവാഹം കഴിക്കുകയും അതിന് ചെലവാകുമായിരുന്ന പണം ദരിദ്രരെ സഹായിക്കാനായി നീക്കിവെക്കുകയും ഒക്കെ ചെയ്യുന്നവരും ഏറിവരുന്നു. ഈ മാറ്റം തന്നെയാണ് സിനിമക്കാരുടെയും മറ്റും കാര്യത്തില്‍ സംഭവിക്കുമ്പോള്‍ വാര്‍ത്തയാകുന്നത്. മറ്റുള്ളവര്‍ ചെയ്യുന്നതു വാര്‍ത്തയാകുന്നില്ല എന്നേയുള്ളൂ. ആ മാറ്റത്തെ ത്വരിതമാക്കാനുള്ള സാമൂഹികവും നിയമപരവുമായ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോകണം. ആ വഴിക്കുള്ള പ്രവര്‍ത്തനങ്ങള്‍ കേരള വനിതാ കമീഷന്‍ നടത്തിവരുന്നുണ്ട്. ധൂര്‍ത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ചു പഠനം നടത്തി ശിപാര്‍ശകള്‍ സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്. സ്ത്രീധനരഹിത വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളും നടക്കുന്നു. ഈ പ്രവര്‍ത്തനങ്ങളിലെല്ലാം ഏവരുടെയും പിന്തുണ അഭ്യര്‍ഥിക്കുന്നു. ഈ വഴിക്കുള്ള സമൂഹത്തിന്‍െറ എല്ലാ പരിശ്രമങ്ങള്‍ക്കും കമീഷന്‍െറ പിന്തുണ ഉണ്ടാകും. ഇത്തരമൊരു സാമൂഹിക പ്രതിബദ്ധതയുള്ള വിഷയം ചര്‍ച്ചക്കെടുത്ത മാധ്യമത്തിന് അഭിനന്ദനങ്ങള്‍.

സമുദായങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്

സുഗതകുമാരി

വിവാഹധൂര്‍ത്തിനെക്കുറിച്ചും സ്ത്രീധനമെന്ന ശാപത്തെക്കുറിച്ചും മാധ്യമംനടത്തിയ അന്വേഷണപരമ്പര വായിച്ചു. കേരളീയ സമൂഹത്തിന്‍െറ അധഃപതനത്തിന്‍െറ നേര്‍ചിത്രം വരച്ചുകാട്ടുന്ന പരമ്പരയായിരുന്നു അത്. മലബാര്‍ മേഖലയില്‍ കാണുന്ന അത്രയും അധാര്‍മികമായ ഗോഷ്ടികള്‍ തെക്കന്‍കേരളത്തില്‍ ഇല്ളെന്നതില്‍ സമാധാനിക്കാം. എന്നിരുന്നാലും സ്ത്രീധനം എന്ന ദുരാചാരം ശാപമായി നമുക്ക് ചുറ്റുമുണ്ട്. മതങ്ങളെയെല്ലാം ഈ അനാചാരം ഗ്രസിച്ചിരിക്കുന്നു.
വീടുവിറ്റും വസ്തുക്കള്‍ തീറെഴുതിയും വിവാഹം നടത്തി കടപ്പെട്ട നിരവധി കുടുംബങ്ങളെ എനിക്ക് നേരിട്ടറിയാം. സ്ത്രീധനം കര്‍ശനമായി നിരോധിച്ച ഏകമതം ഇസ്ലാമാണ്. പക്ഷേ, ഇന്ന് അവരിലും സ്ത്രീധനം എന്ന ശാപം കരിനിഴല്‍ വീഴ്ത്തുന്നു.
മലയാളിക്ക് സ്ത്രീധനം എന്ന ഏര്‍പ്പാടില്ലായിരുന്നു. ക്രിസ്ത്യന്‍ സമുദായത്തില്‍ മാത്രമേ സ്ത്രീധന സമ്പ്രദായം നിലനിന്നിരുന്നുള്ളൂ. ഹിന്ദുക്കളില്‍ കുടുംബസ്വത്തിന് പിന്തുടര്‍ച്ചാവകാശം ഉണ്ടായിരുന്നു.
പെണ്ണ് തായ്വഴി നിലനിര്‍ത്താന്‍ അനിവാര്യമായിരുന്നതിനാല്‍ അവര്‍ക്ക് അപകര്‍ഷബോധം ഉണ്ടായിരുന്നില്ല. ഞങ്ങളുടെയൊന്നും ചെറുപ്പകാലത്ത് ഒരു വീട്ടില്‍ നെഞ്ചുവിരിച്ച് കയറിവന്ന് സ്ത്രീധനം ചോദിക്കാന്‍ ആരും ധൈര്യപ്പെടുമായിരുന്നില്ല. അങ്ങനെ ചെയ്താല്‍ അവരെ ആട്ടിയിറക്കാന്‍ കെല്‍പ്പുള്ള കാരണവന്മാര്‍ ഉണ്ടായിരുന്നു. ഇന്ന് വിദ്യാഭ്യാസപരമായും രാഷ്ട്രീയ അവബോധത്തിന്‍െറ കാര്യത്തിലും ഏറെ മുന്നേറിയ മലയാളി ഈ ദുരാചാരത്തില്‍ മുങ്ങിത്താണിരിക്കുന്നു. ഇതിന് പരിഹാരം കാണേണ്ടത് ഓരോ സമുദായത്തിന്‍െറയും ഉത്തരവാദിത്തമാണ്.

അടുക്കളയില്‍നിന്ന് തന്നെ തുടങ്ങണം
വെള്ളാപ്പള്ളി നടേശന്‍ (എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി)

ധൂര്‍ത്ത് ഒഴിവാക്കണമെങ്കില്‍ അത് അടുക്കളയില്‍നിന്ന് തന്നെ തുടങ്ങണം. സ്ത്രീകളുടെ സഹകരണം ഉണ്ടെങ്കിലേ ഇത്തരം വിഷയങ്ങളില്‍ പരിഹാരം കാണാന്‍ കഴിയൂ. ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ ചില നീക്കങ്ങള്‍ നടത്തുന്നുണ്ട്. യോഗത്തിന്‍െറ വിവാഹപൂര്‍വ കൗണ്‍സലിങ്ങില്‍ പ്രധാനവിഷയങ്ങളില്‍ ഒന്ന് ധൂര്‍ത്ത് ഒഴിവാക്കണമെന്നതാണ്. പൊലീസുകാരും സെക്യൂരിറ്റിക്കാരും വളന്‍റിയര്‍മാരായിനിന്ന് വിവാഹം നടത്തുന്ന കാഴ്ചയാണുള്ളത്. സ്വര്‍ണം മാത്രമല്ല, അതിലും വിലകൂടിയ ഡയമണ്ടുകള്‍ വരെ ഇന്ന് വാരിക്കോരി കൊടുക്കുന്നു.
ഡയമണ്ട് ജ്വല്ലറികള്‍ നാട്ടില്‍ വ്യാപിച്ചത് വിവാഹകമ്പോളത്തില്‍ അതിന് പ്രിയമുള്ളതുകൊണ്ടാണ്. തങ്ങളുടെ വ്യക്തിപരമായ പ്രൗഢിയും പൊങ്ങച്ചവും നാട്ടുകാരെ കാണിക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിക്കുന്ന പലകുടുംബങ്ങളും അവസാനം കുത്തുപാളയെടുക്കുന്നു. വിവാഹം ലളിതമായി നടത്തണമെന്ന് ശ്രീനാരായണഗുരു കല്‍പിച്ചിട്ടുണ്ട്.
എന്നാല്‍, പ്രസംഗിക്കുന്നവര്‍ തന്നെ ആ മാതൃക പിന്‍പറ്റാതെ പിന്നാക്കം പോകുന്നു. ഇവന്‍റ് മാനേജ്മെന്‍റുകളുടെ കെണിയിലാണ് വിവാഹച്ചടങ്ങുകള്‍. മറ്റു പല സാമൂഹിക തിന്മകള്‍ക്കൊപ്പം വിവാഹധൂര്‍ത്തിന്‍െറ വിഷയവും ഗൗരവമായ ചര്‍ച്ചക്ക് വിധേയമാക്കണം.

സ്വയം നിയന്ത്രണം അനിവാര്യം
ജി.സുകുമാരന്‍ നായര്‍ (എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി)

അനുകരണഭ്രമത്താലും ദുരഭിമാനഭീതിയാലും സാധാരണക്കാര്‍ പലപ്പോഴും ആര്‍ഭാട വിവാഹം നടത്താന്‍ നിര്‍ബന്ധിതരാവുന്നു എന്നതാണ് വസ്തുത. അതോടെ അത്തരം കുടുംബങ്ങള്‍ നാശോന്മുഖമാകുന്നു. ഇത്തരം അനാവശ്യമായ ആര്‍ഭാടം ഒഴിവാക്കാന്‍ സ്വയം നിയന്ത്രിക്കേണ്ടത് സമൂഹനന്മക്ക് ആവശ്യമാണ്. വിവാഹനിശ്ചയച്ചടങ്ങ് അടുത്ത ബന്ധുക്കളെ മാത്രം പങ്കെടുപ്പിച്ച് നടത്താനും അത് മറ്റുള്ളവരെ ബോധ്യപ്പെടുത്താനും ശ്രമിക്കുക, ക്ഷണം ആവശ്യാനുസരണം പരിമിതപ്പെടുത്തുക, വധുവിനെ കുടുംബത്തിന്‍െറ കഴിവിനനുസൃതമായി മാത്രം സ്വര്‍ണാഭരണങ്ങള്‍ അണിയിക്കുക, കഴിവതും പാരമ്പര്യവിധിപ്രകാരമുള്ള വിഭവസമൃദ്ധമായ സസ്യഭോജനം ഒരുക്കുക, മറ്റ് അനാവശ്യച്ചടങ്ങുകള്‍ നിര്‍ബന്ധമായും ഒഴിവാക്കുക തുടങ്ങിയ മുന്‍കരുതലുകളാണ് സ്വീകരിക്കേണ്ടത്. സമ്പന്നരാണ് ഇക്കാര്യത്തില്‍ മാതൃകയാകേണ്ടത്. അവരുടെ സ്വാര്‍ഥതയും മത്സരവുമാണ് സാധാരണക്കാരെ അനുകരിക്കാന്‍ പ്രേരിപ്പിക്കുന്നത്. സാധാരണക്കാരെ ഓര്‍ത്തെങ്കിലും, കഴിവതും ആര്‍ഭാടവും അനാവശ്യചടങ്ങുകളും ഒഴിവാക്കി, സമ്പത്തുള്ളവര്‍ മിതവ്യയം പാലിക്കുന്നത് നന്നായിരിക്കും. അതല്ളെങ്കില്‍ അങ്ങനെയുള്ളവരെ സമൂഹം ബഹിഷ്കരിക്കുന്ന കാലം വരും.

കൂട്ടായ പോരാട്ടം വേണം

ടി.പി. അബ്ദുല്ലക്കോയ മദനി (കെ.എന്‍.എം സംസ്ഥാന പ്രസിഡന്‍റ്)

വിവാഹവുമായി ബന്ധപ്പെട്ട ധൂര്‍ത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് മുസ്ലിം സമുദായമാണ് എന്നത് ഏറ്റവും വലിയ വിരോധാഭാസമാണ്. അത്യന്തം ലളിതവും അനാര്‍ഭാടവുമായി നടത്തേണ്ട കര്‍മമായ വിവാഹം ഇന്ന് കോമാളിത്തത്തിന്‍െറ അരങ്ങായി മാറിയിരിക്കുന്നു. സമൂഹത്തില്‍ കിട്ടാതെ പോയ മാന്യത കല്യാണത്തിലൂടെ നേടിയെടുക്കാമെന്നാണ് പലരും കരുതുന്നത്. സമ്പന്നര്‍ കാട്ടിക്കൂട്ടുന്ന വിക്രിയകള്‍ കണ്ട് പാവങ്ങളും അതിന്‍െറ പിന്നാലെ കൂടുന്നു. അവസാനം കടത്തില്‍ മുങ്ങിത്താഴേണ്ട ഗതികേടിലാകും അവര്‍.
മതവിശ്വാസവും മതപ്രവര്‍ത്തനവും വിശുദ്ധ ആചാരങ്ങളില്‍ മാത്രം ഒതുങ്ങുന്നതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. നിരവധി സംഘടനകള്‍ പ്രവര്‍ത്തിക്കുമ്പോഴും ഈ പൊതുതിന്മ മാറ്റമില്ലാതെ തുടരുകയാണ്. എല്ലാ വിഭാഗീയതകളും മാറ്റിവെച്ച് സംഘടനകള്‍ ഈ പൊതുതിന്മ പിഴുതെറിയാന്‍ കൂട്ടായ പോരാട്ടത്തിനിറങ്ങിയില്ളെങ്കില്‍ സ്ഥിതി ഗുരുതരമാകും.

നേതാക്കള്‍ മാതൃക കാണിക്കണം

ബിനോയ് വിശ്വം

മുന്‍നിരയിലുള്ളവര്‍ കാണിക്കുന്നതിനെ അനുകരിക്കാനുള്ള പ്രവണത സമൂഹത്തില്‍ ഉണ്ടാവുക സ്വാഭാവികമാണ്.മാതൃക കാണിക്കേണ്ട രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മത നേതാക്കന്മാര്‍ പോലും ഇതില്‍ നിന്ന് മോചിതരല്ല.
ലളിതമായി നടത്തുമ്പോള്‍ മഹത്വം ഏറുന്ന കര്‍മമാണ് വിവാഹം. ഇപ്പോള്‍ ലളിതമായി വിവാഹം നടത്തിയാല്‍ അയാളെ പരിഹസിക്കാനോ കുറ്റപ്പെടുത്താനോ സമൂഹം മുന്‍പന്തിയിലാണ്. മന്ത്രിയായിരിക്കെ തിരുവനന്തപുരത്തെ രജിസ്ട്രാര്‍ ഓഫിസില്‍ കുറച്ച് ആളുകളെ മാത്രം വിളിച്ചുചേര്‍ത്താണ് എന്‍െറ മൂത്ത മകളുടെ വിവാഹം നടത്തിയത്. ആളെക്കൂട്ടി ആര്‍ഭാടമായി നടത്താതിരുന്നത് വലിയ അപരാധമായിപ്പോയി എന്ന് പലരും പരാതി പറയുകയുണ്ടായി. രണ്ടാമത്തെ മകളുടെ വിവാഹം കോഴിക്കോട്ട് സമാനമായ രീതിയില്‍ നടത്തിയപ്പോഴും ഇതേ പരാതിയുണ്ടായി. ആഡംബര വിവാഹങ്ങള്‍ സമൂഹത്തിന് ഗുണപരമായി ഒന്നും നല്‍കുന്നില്ല. ഇത്തരം വിവാഹങ്ങളില്‍നിന്ന് നേതാക്കള്‍ വിട്ടുനില്‍ക്കണം. ഈ ധൂര്‍ത്ത് തടയാന്‍ സര്‍ക്കാര്‍ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണം.

സമുദായ നേതാക്കള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം

ടി. ആരിഫലി (ജമാഅത്തെ ഇസ്ലാമി കേരള അമീര്‍)

കേരളത്തിലെ എല്ലാ സമുദായങ്ങളെയും ഒരേപോലെ ബാധിക്കുന്ന സാമൂഹിക പ്രശ്നമാണ് സ്ത്രീധനം. സ്ത്രീധനത്തിനെതിരെ കര്‍ശനമായ നിയമമുള്ള നാട്ടിലാണ് അനുദിനം സ്ത്രീധനക്കെടുതികള്‍ പെരുകിക്കൊണ്ടിരിക്കുന്നത് എന്നത് വിരോധാഭാസമാണ്.
ഈ അനാചാരങ്ങള്‍ക്കെതിരെ ശബ്ദിക്കാന്‍ മത സമുദായ നേതാക്കള്‍ക്ക് ധാര്‍മിക ശക്തിയില്ലാതായിരിക്കുന്നു. അവരും കുറ്റവാളികളോ സാക്ഷികളോ സഹായികളോ പങ്കുകാരോ ആണ്. സ്ത്രീധനത്തിന്‍െറ ഏതെങ്കിലും രൂപങ്ങള്‍ വിവാഹത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ടെങ്കില്‍ ആ വിവാഹത്തില്‍ പങ്കെടുക്കില്ളെന്ന് തീരുമാനിക്കാന്‍ സമുദായ നേതൃത്വങ്ങള്‍ക്ക് കഴിയണം.
മുസ്ലിംസമുദായത്തിനകത്തെ വിവാഹധൂര്‍ത്ത് എല്ലാ പരിധിയും കടന്നിരിക്കുകയാണ്. ഇതിനെതിരെ സമുദായത്തില്‍ സ്വാധീനമുള്ള സംഘടനകളുടെ നേതൃത്വം സജീവമായി രംഗത്തുവന്നത് ശ്ളാഘനീയമാണ്. ബഹുമാന്യനായ ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ മുസ്ലിംലീഗ് മുന്‍കൈ എടുത്ത് വിഷയം ഗൗരവതരമായി ചര്‍ച്ചചെയ്യുന്നത് സ്വാഗതാര്‍ഹമാണ്.
കേരളത്തില്‍ വിവാഹരീതികള്‍ നിര്‍ണയിക്കുന്നത് മതസമുദായങ്ങളും അവരുടെ നേതൃത്വവുമാണ്. എല്ലാ സമുദായങ്ങള്‍ക്കും നേതൃത്വം നല്‍കുന്ന പണ്ഡിതന്മാരും നേതാക്കളും അടിയന്തരമായി ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണിത്.

മാതൃകാപരമായ കുടുംബം കെട്ടിപ്പടുക്കുക

കുരീപ്പുഴ ശ്രീകുമാര്‍

വിവാഹത്തെക്കുറിച്ചുള്ള ശ്രീനാരായണഗുരുവിന്‍െറ കാഴ്ചപ്പാട് അത് ഏറ്റവും ലളിതവും അനാര്‍ഭാടവുമായിരിക്കണമെന്നാണ്. അടുത്ത ബന്ധുക്കളടക്കം ഏതാനും പേര്‍ മാത്രം വിവാഹച്ചടങ്ങില്‍ പങ്കെടുത്താല്‍ മതിയാകും എന്നാണ് അദ്ദേഹം നിര്‍ദേശിച്ചത്.
ലളിതമായി വിവാഹം നടത്താനുള്ള എല്ലാ അവസരവും ഇന്ത്യന്‍ നിയമവ്യവസ്ഥയിലുണ്ട്. രജിസ്ട്രേഷന്‍ ഫീസ് കുത്തനെ ഉയര്‍ത്തിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ അടുത്ത കാലത്ത് സ്പെഷല്‍ മാര്യേജ് ആക്ട് അനുസരിച്ചുള്ള വിവാഹങ്ങളെ നിരുത്സാഹപ്പെടുത്തിയെങ്കിലും ഇപ്പോഴും താരതമ്യേന രജിസ്റ്റര്‍ വിവാഹങ്ങളാണ് ചെലവുകുറഞ്ഞത്. ഫീസ് കെട്ടിവെച്ചാല്‍ സബ് രജിസ്ട്രാര്‍ തന്നെ വിവാഹസ്ഥലത്തത്തെി രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കും.
ദാമ്പത്യത്തിന്‍െറ അടിസ്ഥാനം പണമല്ല, പ്രണയമാണ്. ലോകത്ത് സസ്യങ്ങളും പക്ഷികളും മൃഗങ്ങളുമടക്കമുള്ള എല്ലാ ജീവജാലങ്ങളും പരസ്പരം പ്രണയിച്ച് ലോകത്തിന്‍െറ നിലനില്‍പ്പ് ഭദ്രമാക്കിക്കൊണ്ടിരിക്കെ മനുഷ്യന്‍ മാത്രമാണ് സ്നേഹരഹിതമായി ബന്ധങ്ങളെ സമീപിക്കുന്നത്. സ്ത്രീധനം ആവശ്യപ്പെട്ട പുരുഷനോടൊപ്പം പോകുന്നില്ല എന്നുപറഞ്ഞ ധീര വധുക്കള്‍ നമുക്കിടയിലുണ്ട്. ജാതിമത വ്യത്യാസമില്ലാതെ പ്രണയിച്ച് ജാതകമോ സ്ത്രീധനമോ ശ്രദ്ധിക്കാതെ മാതൃകാപരമായ കുടുംബം കെട്ടിപ്പടുക്കുന്നവരും നമ്മുടെ മുന്നിലുണ്ട്.

ജനപ്രതിനിധികള്‍ സ്വയം മാതൃകയാകണം

കെ.ടി. ജലീല്‍ എം.എല്‍.എ

ഒരു സല്‍കര്‍മം, താങ്ങാന്‍ പറ്റാത്ത ബാധ്യതയാവുന്ന വിരോധാഭാസമായി ആര്‍ഭാട വിവാഹങ്ങള്‍ മാറുകയാണ്. മത സാമൂഹിക, രാഷ്ട്രീയ നേതാക്കളുടെയും ജനപ്രതിനിധികളുടെയും സജീവ ഇടപെടല്‍ അനിവാര്യമാവുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു.
ഇത്യാദി വിഷയങ്ങളില്‍ അഭിപ്രായങ്ങള്‍ പറയുന്നവന്‍െറ സ്വജീവിതത്തിലെ നിലപാട് പ്രധാനമാണ്. ആരും,ആരെയും ഉപദേശിച്ച് നന്നാക്കാന്‍ യോഗ്യരല്ലാത്തതുകൊണ്ടാണ് ഫലപ്രദമായ ഇടപെടലുകള്‍ അസാധ്യമാകുന്നത്. മത സാമൂഹിക,രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും സ്വയം മാതൃകയായാല്‍ മാത്രമേ ഈ സാമൂഹിക തിന്മക്കെതിരെ ഫലപ്രദമായി പ്രതിരോധം തീര്‍ക്കാന്‍ സാധിക്കുകയുള്ളൂ.സമ്പന്നര്‍ തുടങ്ങിവെക്കുന്നതെന്തും സാധാരണക്കാര്‍ ആവേശത്തേaാടെ ഏറ്റെടുക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. ധൂര്‍ത്തിന്‍െറ മാമാങ്കമായി വിവാഹങ്ങളെ മാറ്റുന്ന ദുഷ്പ്രവണതകള്‍ക്കെതിരെ കാര്യമായ ഇടപെടലുകള്‍ ഉണ്ടാവുന്നില്ളെന്നത് ഖേദകരമാണ്.

മഹല്ല് കമ്മിറ്റികളും ഖത്തീബുമാരും മുന്‍കൈയെടുക്കണം

പ്രഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, (സംസ്ഥാന സെക്രട്ടറി, സമസ്ത കേരള ജംഇയ്യതുല്‍ ഉലമ)
സമുദായത്തിനകത്ത് നടക്കുന്ന ആഡംബര വിവാഹങ്ങളും വിവാഹ ധൂര്‍ത്തും തടയാന്‍ മഹല്ല് കമ്മിറ്റികളും ഖത്തീബുമാരും മുന്‍കൈ എടുക്കണം. വിഷയത്തില്‍ കൃത്യമായ ബോധവത്കരണം അവര്‍ക്ക് നടത്താനാകും. ധൂര്‍ത്തടിക്കുന്നവര്‍ പിശാചിന്‍െറ സഹോദരന്മാരാണെന്നാണ് ഖുര്‍ആന്‍ പറയുന്നത്. വലീമത്ത് (വിവാഹസദ്യ), സിലത്തുറഹ്മ (കുടുംബബന്ധം ചേര്‍ക്കല്‍) എന്നിവ ഇസ്ലാമില്‍ വളരെ പുണ്യകരമായ കാര്യമാണ്. ആ അര്‍ഥത്തില്‍ പാവപ്പെട്ടവരെയും അയല്‍വാസികളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിച്ച് ഭക്ഷണം കൊടുക്കല്‍ പ്രതിഫലമര്‍ഹിക്കുന്നതാണ്. എന്നാല്‍, അത് ഇസ്ലാം നിശ്ചയിച്ച പരിധികള്‍ ലംഘിച്ചാകരുത്. നൂറുകൂട്ടം വിഭവങ്ങളും രണ്ടും മൂന്നും ദിവസക്കല്യാണവുമൊക്കെ ധൂര്‍ത്തിന്‍െറ ഭാഗം തന്നെയാണ്. അത് ഇസ്ലാമിന്‍െറ അധ്യാപനങ്ങള്‍ക്ക് വിരുദ്ധമാണ്. സെപ്റ്റംബര്‍ 27ന് പാണക്കാട് ഹൈദരലി തങ്ങള്‍ വിളിച്ചുചേര്‍ത്ത യോഗത്തിനുശേഷം സമസ്ത ഈ വിഷയത്തില്‍ തീരുമാനങ്ങളെടുക്കും.


 http://www.madhyamam.com/news/309674/140919

Blog Archive