Wednesday, April 01, 2015

ഡോ. സഈദ് മരയ്ക്കാര്‍... br സഫലമീ യാത്ര

ഡോ. സഈദ് മരയ്ക്കാര്‍... br സഫലമീ യാത്ര


ഡോ. എ.ബി മൊയ്തീന്‍ കുട്ടി /വ്യക്തിത്വം‌

സംഭവബഹുലമായ ഒരു ജീവിതത്തിനാണ് ഡോ. സഈദ് മരയ്ക്കാരുടെ വിയോഗത്തോടെ തിരശ്ശീല വീണത്. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ




സംഭവബഹുലമായ
ഒരു ജീവിതത്തിനാണ് ഡോ. സഈദ് മരയ്ക്കാരുടെ വിയോഗത്തോടെ തിരശ്ശീല വീണത്.
ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവര്‍ത്തകരിലൊരാളായ വളാഞ്ചേരിയിലെ
മരയ്ക്കാര്‍ ഹാജിയുടെ മകനായ സഈദ് മരയ്ക്കാര്‍ അന്താരാഷ്ട്ര തലത്തില്‍ ഏറെ
പ്രശസ്തനാണ്.

പിതാവ്
മരയ്ക്കാര്‍ ഹാജി, മൂത്ത സഹോദരന്‍ ഒമ്പതു വയസ്സുകാരന്‍
കുഞ്ഞുമുഹമ്മദുമൊത്ത് കുറ്റിപ്പുറത്ത് നിന്ന് കാസര്‍കോട് പരുവനടക്കത്തെ
ആലിയ അറബിക് കോളേജിലേക്ക് എട്ടാം വയസ്സില്‍ സഈദിനെ പറഞ്ഞുവിടുന്നതു മുതല്‍
തുടങ്ങുന്നു അദ്ദേഹത്തിന്റെ വിദ്യാര്‍ഥി ജീവിതം. അത് ഔദ്യോഗികമായി
അവസാനിക്കുന്നത് കാലിഫോര്‍ണിയയില്‍ നിന്ന് എജുക്കേഷണനില്‍ പി.എച്ച്.ഡി
എടുക്കുന്നതോടു കൂടിയാണ്. സഈദ് മരയ്ക്കാരുടേത് ഇരട്ട പഠനമാണ്. ആലിയയിലെ
ആലിമിയ്യത്തും ഉമറാബാദിന്റെ ഫാദിലിയ്യത്തും വിജയകരമായി പൂര്‍ത്തിയാക്കിയ
ശേഷമാണ് ഔപചാരിക വിദ്യാഭ്യാസത്തിന്റെ കരുതല്‍ ശേഖരമായി സുഊദി അറേബ്യയില്‍
നിന്ന് വീണ്ടും ഹയര്‍ സെക്കന്ററിയും ഡിഗ്രിയും പി.ജിയും നേടിയത്. കൊറിയയിലെ
മിയാന്‍ജി യൂനിവേഴ്‌സിറ്റിയില്‍ നിന്ന് പബ്ലിക് അഡ്മിനിസ്‌ട്രേഷനില്‍
പി.ജി കരസ്ഥമാക്കാനും തിരക്കേറിയ ഔദ്യോഗിക ജീവിതത്തിനിടയില്‍ അദ്ദേഹം സമയം
കണ്ടെത്തി.

ശാന്തപുരം
ഇസ്‌ലാമിയാ കോളേജിന്റെ അക്കാദമിക ഉല്‍പന്നങ്ങളായ ടി.കെ ഇബ്‌റാഹീം ടൊറണ്ടോ,
വി.പി അഹ്മദ് കുട്ടി കാനഡ എന്നിവരുടെ സീനിയറായി മദീനാ യൂനിവേഴ്‌സിറ്റിയിലെ
ശരീഅത്ത് കോളേജില്‍ ചേര്‍ന്ന വ്യക്തിയാണ് സഈദ് മരയ്ക്കാര്‍. അവരുടെ കൂടെ
ഹൈദരലി ശാന്തപുരവും സഈദ് മരയ്ക്കാറിന്റെ ജ്യേഷ്ഠ സഹോദരന്‍ കുഞ്ഞുമുഹമ്മദും
മദീനാ യൂനിവേഴ്‌സിറ്റിയുടെ ഉസ്വൂലുദ്ദീനില്‍ ചേര്‍ന്നിരുന്നു. സുഊദി ആസ്ഥാന
പണ്ഡിതനായിരുന്ന ശൈഖ് അബ്ദുല്‍ അസീസ് ഇബ്‌നു ബാസിന്റെ അടുത്ത
സുഹൃത്തായിരുന്ന മലയാളി പണ്ഡിതന്‍ സഅ്ദുദ്ദീന്‍ മൗലവിയുടെ മകള്‍ നൂര്‍ജഹാനെ
വിവാഹം ചെയ്ത സഈദ് മരക്കാരോട് ഇബ്‌നു ബാസിന് പ്രത്യേക മമത തോന്നിയത്
സ്വാഭാവികം.

സുഊദി അറേബ്യയിലെ
ദാറുല്‍ ഇഫ്ത്തയുടെ പ്രതിനിധിയായി തന്റെ ഔദ്യോഗിക ജീവിതത്തിന്റെ ഏറെ
പങ്കും സഈദ് മരയ്ക്കാര്‍ കഴിച്ചുകൂട്ടിയത് വിദേശ രാഷ്ട്രങ്ങളിലായിരുന്നു.
35 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനിടയില്‍ അദ്ദേഹം വഹിച്ച സ്ഥാനങ്ങള്‍
ഏറെയാണ്. ഏതാണ്ടത്രയൊക്കെ വരും അദ്ദേഹം തുടങ്ങിവെച്ച സംരംഭങ്ങളും.

പശ്ചിമാഫ്രിക്കയിലെ
സിറാലിയോണിലെ ഇസ്‌ലാമിക് സെന്റര്‍ ഡയറക്ടര്‍, സൈബിരിയയിലെ വെയ്ടൗണ്‍
അറബിക്കോളേജ് പ്രിന്‍സിപ്പല്‍, വെസ്റ്റാഫ്രിക്കന്‍ ഹജ്ജ് കമ്മിറ്റി
അഡൈ്വസര്‍, ഘാനയിലെ മുസ്‌ലിം സ്റ്റുഡന്റ്‌സ് ആന്റ് യൂത്ത് ഓര്‍ഗനൈസര്‍,
സൗത്ത് കൊറിയയിലെ സിയോളിലെ ഇസ്‌ലാമിക് സെന്റര്‍ ഡയറക്ടര്‍, കൊറിയയിലെ
മിയോന്‍ജി യൂനിവേഴ്‌സിറ്റി അറബിക് പ്രഫസര്‍, കൊറിയന്‍ ഇസ്‌ലാമിക് ഹെറാള്‍ഡ്
എഡിറ്റര്‍, ഹോങ്കോംഗ് ഇസ്‌ലാമിക് സെന്റര്‍ ഡയറക്ടര്‍, ഹോങ്കോംഗ് മുസ്‌ലിം
കമ്യൂണിറ്റി ന്യൂസ് എഡിറ്റര്‍, സൗത്ത് ചൈന മക്കാവേയിലെ വിദ്യാഭ്യാസകാര്യ
ഉപദേശകന്‍ അങ്ങനെ അദ്ദേഹം വഹിച്ച പദവികള്‍ ഏതൊരു മലയാളിക്കും
അഭിമാനിക്കാവുന്നവിധം വൈവിധ്യപൂര്‍ണവും ഒന്നിനൊന്നു മികച്ചതുമാണ്.
അമേരിക്കയും ആസ്‌ത്രേലിയയും യൂറോപ്പും അദ്ദേഹത്തിന്റെ സഞ്ചാര പഥങ്ങളില്‍
ഉള്‍പ്പെട്ടിരുന്നു. അനവധി അന്താരാഷ്ട്ര വേദികളില്‍ അദ്ദേഹം
പങ്കെടുത്തിട്ടുണ്ട്. ചിലതദ്ദേഹം തന്നെ സംഘടിപ്പിച്ചിട്ടുമുണ്ട്. ഇറാനിലും
ലിബിയയിലും മലേഷ്യയിലും വിവിധ ഇസ്‌ലാമിക സമ്മേളനങ്ങളില്‍ പങ്കെടുത്തതുപോലെ
ഇന്ത്യാനയിലും സിഡ്‌നിയിലും സൗത്ത് ചൈനയിലെ മക്കാവോയിലും സമകാലീന ലോകത്തെ
ഇസ്‌ലാം/ മുസ്‌ലിം വിഷയങ്ങളെക്കുറിച്ച ചര്‍ച്ചകളിലും അദ്ദേഹം സജീവ
സാന്നിധ്യമായിരുന്നു.

ഒട്ടുമിക്ക ആഫ്രിക്കന്‍ രാജ്യങ്ങളിലെയും മുസ്‌ലിം ഡയസ് പോറകളില്‍ ഈ വളാഞ്ചേരിക്കാരനായ
നാട്ടിന്‍പുറത്തുകാരന്റെ പാദമുദ്രകള്‍ പതിഞ്ഞിട്ടുണ്ടാകും. സിയോളിലെ മലയാളി
സമാജത്തില്‍ സഈദ് മരയ്ക്കാര്‍ നിറസാന്നിധ്യമായിരുന്നു. കേരളത്തിലെ അവരുടെ
കുടുംബാംഗങ്ങളുമായും സഈദ് മരയ്ക്കാര്‍ ഊഷ്മളമായ ബന്ധം പുലര്‍ത്തിയിരുന്നു.

മുന്‍ മലേഷ്യന്‍ പ്രസിഡന്റ് മഹാതീര്‍ മുഹമ്മദ്, അഹ്മദ് ദീദാത്ത്, ശൈഖ് യൂസുഫുല്‍ ഖറദാവി,
ശൈഖ് അലി തന്‍ത്വാവി, ശൈഖ് ഇബ്‌നുബാസ്, സുല്‍ത്താന്‍ മുഹമ്മദ് അല്‍ഖാസിം
തൂത്തുഞ്ചി എന്നിവരുമൊക്കെയായി സഈദ് മരയ്ക്കാര്‍ക്കുണ്ടായിരുന്ന ബന്ധങ്ങള്‍
അദ്ദേഹം ലോക ഇസ്‌ലാമിക പ്രസ്ഥാനങ്ങളുടെ അതിരുകളിലേക്ക്
വളര്‍ന്നിരുന്നുവെന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്.

സുഊദി മതകാര്യ വകുപ്പിന്റെ സഹായത്തിനുള്ള ഇന്ത്യയിലെ പ്രത്യേക അന്വേഷകനായിരിക്കുമ്പോള്‍പാര്‍ട്ടി പക്ഷപാതിത്വമോ സംഘടനാ സങ്കുചിതത്വമോ ഇല്ലാതെയായിരുന്നു അദ്ദേഹം
ശിപാര്‍ശകള്‍ നല്‍കിയിരുന്നത്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഇസ്‌ലാമിക്
ചെയര്‍ അക്ഷരാര്‍ഥത്തില്‍ ഒരു കസേര മാത്രമായിരുന്നു ഡോ. സഈദ് മരയ്ക്കാര്‍
വരുന്നത് വരെ. മങ്കട അബ്ദുല്‍ അസീസ് മൗലവി അന്നത്തെ ഗവര്‍ണറെ കൊണ്ട്
അതിവിപുലമായ ഒരു ഉദ്ഘാടനം സംഘടിപ്പിച്ചുവെന്നല്ലാതെ കൂടുതലെന്തെങ്കിലും
ചെയ്യുന്നതിന് മുമ്പ് അദ്ദേഹം ചന്ദ്രിക ദിനപത്രത്തിന്റെ പ്രധാന
പത്രാധിപരായി പോയിരുന്നു. അഹ്മദ് ഇസ്മാഈല്‍ ലബ്ബ സാറിന്റെ റൂമില്‍ ഒരു
ബോര്‍ഡ് പോലുമില്ലാത്ത തിരസ്‌കൃത കാലഘട്ടമായിരുന്നു അന്ന്. പിന്നീടാണ് ഡോ.
കെ.എം മുഹമ്മദ് സാഹിബിന്റെ ഉത്സാഹത്തില്‍, ഫെഡറേഷന്‍ ഓഫ് മുസ്‌ലിം കോളേജ്
ഭാരവാഹികളായ ഡോ. അബ്ദുല്ല സാഹിബ്, കെ.വി കുഞ്ഞു മുഹമ്മദ്, അഡ്വ. എം.
മുഹമ്മദ് സാഹിബ് എന്നിവരുടെ നേതൃത്വത്തില്‍ സഈദ് മരയ്ക്കാറിനെ വിസിറ്റിംഗ്
പ്രഫസറാക്കുന്നത്. ലാംഗ്വേജ് ബ്ലോക്കിലെ ലബ്ബ സാറിന്റെ മുറിയില്‍ നിന്ന്
സ്വന്തം ആസ്ഥാനത്തേക്ക് ഇസ്‌ലാമിക് ചെയറിനെ കുടിയിരുത്തുന്നത് സഈദ്
മരയ്ക്കാറിന്റെ കാലത്താണ്. അങ്ങനെയാണ് ഇസ്‌ലാമിക് ചെയര്‍, ചെയര്‍ ഫോര്‍
ഇസ്‌ലാമിക് സ്റ്റഡീസ് ആന്റ് റിസര്‍ച്ച് ആയതും കൃത്യമായ കര്‍മപദ്ധതികള്‍
സാധ്യമാക്കുന്നതും. കോളേജുകള്‍ കേന്ദ്രീകരിച്ചുള്ള ഇസ്‌ലാമിക് ചെയറിന്റെ
പരിപാടികള്‍ തുടങ്ങി വെച്ചതും പ്രമുഖരെ പങ്കെടുപ്പിച്ചുള്ള വിഷയാധിഷ്ഠിത
സെമിനാറുകള്‍ ആരംഭിച്ചതും സഈദ് മരയ്ക്കാറിന്റെ നേതൃത്വത്തിലാണ്. ഡോ. കെ.
ശിവരാജിന്റെ 'അംബേദ്കര്‍ ദര്‍ശനങ്ങളുടെ കാലിക പ്രസക്തി', പ്രഫ. ടി.
അബ്ദുല്ലയുടെ 'പലിശയും ദാനധര്‍മവും', പ്രഫ. എന്‍.വിപി ഉണിത്തിരിയുടെ 'ഏകദൈവ
വിശ്വാസം ഖുര്‍ആനിലും ഉപനിഷത്തുകളിലും' എന്നീ കൃതികള്‍ ഇസ്‌ലാമിക് ചെയര്‍
പ്രസിദ്ധീകരിച്ചതും സഈദ് മരയ്ക്കാറിന്റെ ഉത്സാഹത്തിലായിരുന്നു.

ഡോ. എം.എ അബ്ദുല്ലയുടെ പ്രത്യേക താല്‍പര്യത്തില്‍ മുസ്‌ലിം വിദ്യാഭ്യാസ സ്ഥിതി
വിവരക്കണക്കുകളെ കുറിച്ച് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സര്‍വേ
നടത്തുമ്പോഴും പ്രസിദ്ധീകരിക്കുമ്പോഴും സഈദ് മരയ്ക്കാര്‍ തന്നെയായിരുന്നു
ചെയറിന്റെ അധ്യക്ഷ സ്ഥാനത്ത്.

കേരളത്തിലെ മുസ്‌ലിം പൈതൃക സംരക്ഷണത്തിനായി പഴയകാല മാസികകളും പ്രസിദ്ധീകരണങ്ങളും
ശേഖരിക്കുന്ന പരിപാടികള്‍ തുടങ്ങിവെച്ചെങ്കിലും സഈദ് മരയ്ക്കാറിന് അത്
മുഴുമിപ്പിക്കാനായില്ല. നെല്ലിക്കുത്ത് മുഹമ്മദലി മുസ്‌ലിയാരുടെ ചരിത്ര
കൃതികള്‍ കേരള മുസ്‌ലിം പൈതൃകത്തിന്റെ ഭാഗമാണെന്ന് കണ്ട് അത്
സംരക്ഷിക്കാനും പ്രസിദ്ധീകരിക്കാനും ശ്രമിക്കുന്നതിനിടയിലാണ് ഇസ്‌ലാമിക്
ചെയറില്‍ നിന്ന് അദ്ദേഹം മാറുന്നത്.

കേരള മുസ്‌ലിം സമൂഹത്തില്‍ അദ്ദേഹത്തിന്റെ സജീവ സാന്നിധ്യം അടയാളപ്പെടുത്തപ്പെട്ട മറ്റു
രണ്ട് മേഖലകള്‍ കൂടിയുണ്ട്. എണ്‍പതുകളില്‍ ഇസ്‌ലാമിക് സ്റ്റഡി
സര്‍ക്കിളുകളും ഫ്രൈഡേ ക്ലബ്ബുകളും സജീവമായിവരുന്ന കാലയളവില്‍ സഈദ്
മരയ്ക്കാര്‍ തിളങ്ങുന്ന താരമായിരുന്നു. ഖുര്‍ആന്‍ ശാസ്ത്ര സെമിനാറുകള്‍ യുവ
തലമുറയുടെ ആവേശമായിരുന്ന കാലത്ത് ഓടി നടന്ന് സെമിനാറുകള്‍ക്ക് ആധികാരിക
ശബ്ദം നല്‍കാന്‍ സഈദ് മരയ്ക്കാറിനു സാധിച്ചു.

ബഹുഭാഷാ പണ്ഡിതന്‍ എന്ന കേവല പ്രശംസാ പ്രയോഗത്തിനപ്പുറം എത്തുന്നതാണ് അദ്ദേഹത്തിന്റെ ഭാഷാ
വ്യുല്‍പത്തി. അദ്ദേഹം ഹിന്ദി, ഉര്‍ദു, അറബി, ഇംഗ്ലീഷ് ഭാഷകള്‍ അനായാസം
കൈകാര്യം ചെയ്തിരുന്നു എന്നു മാത്രമേ അദ്ദേഹത്തെ അടുത്തറിഞ്ഞിരുന്നവര്‍
പോലും മനസ്സിലാക്കിയിട്ടുണ്ടാകൂ. അതിനപ്പുറം, സ്വാഹിലിക്കും യറൂബക്കും
പുറമെ കൊറിയനും മലായിയുമടക്കം പത്തോളം വിദേശ ഭാഷകളുടെ ഫങ്ഷണല്‍ ഉപയോഗവും
അദ്ദേഹത്തിന് വശമായിരുന്നു. കൊറിയന്‍ ഭാഷയില്‍ അദ്ദേഹം 'മുസ്‌ലിം
പ്രാര്‍ഥനകള്‍' എന്ന കൃതിയും രചിച്ചിട്ടുണ്ട്.

സഈദ് മരയ്ക്കാര്‍ വിദേശവാസത്തിനു ശേഷം കേരളത്തില്‍ വന്നപ്പോഴും ഇസ്‌ലാമിക
പ്രവര്‍ത്തനങ്ങളില്‍ തന്നെയാണ് മുഴുകിയത്. കേരള യൂനിവേഴ്‌സിറ്റിയില്‍ അറബി
വിഭാഗത്തില്‍ വിസിറ്റിംഗ് പ്രഫസറായിരിക്കെയാണ് അദ്ദേഹം മരിക്കുന്നത്.
കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഇസ്‌ലാമിക് ചെയര്‍ വിസിറ്റിംഗ് പ്രഫസര്‍, കേരള
സെന്റര്‍ ഫോര്‍ ഖുര്‍ആനിക് റിസര്‍ച്ചിന്റെ ചെയര്‍മാന്‍, കേരള ഖുര്‍ആന്‍
ശാസ്ത്ര സെമിനാര്‍ ഡയറക്ടര്‍, ഇലാഹിയാ കോളേജ് അറബി വിഭാഗം തലവന്‍,
പൂങ്കാവനം ഇസ്‌ലാമിക് എന്‍സൈക്ലോപീഡിയ കോ എഡിറ്റര്‍, ആള്‍ ഇന്ത്യാ മില്ലി
കൗണ്‍സില്‍ കേരള ചാപ്റ്റര്‍ ചെയര്‍മാന്‍, കേരള അറബിക് റിസര്‍ച്ച്
ഫൗണ്ടേഷന്‍ ചെയര്‍മാന്‍, വഖ്ഫ് പ്രോപ്പര്‍ട്ടീസ് പ്രൊട്ടക്ഷന്‍ കമ്മിറ്റി
വൈസ് പ്രസിഡന്റ് മുതലായ വിവിധ പദവികള്‍ അലങ്കരിച്ചിരുന്ന സഈദ് മരയ്ക്കാര്‍
തലക്കനമേതുമില്ലാത്ത പണ്ഡിതനും നേതാവും സംഘാടകനുമായിരുന്നു.

Prabodhanam

No comments:

Blog Archive