Sunday, August 01, 2010

സൊഹ്‌റാബുദ്ദീനെ വധിക്കാന്‍ മുന്‍ രാജസ്ഥാന്‍ മന്ത്രിക്ക് 10 കോടി നല്‍കിയെന്ന്


Saturday, July 31, 2010
ന്യൂദല്‍ഹി: സൊഹ്‌റാബുദ്ദീന്‍ ശൈഖിനെ കൊലപ്പെടുത്താന്‍ ബി.ജെ.പി നേതാവായ മുന്‍ രാജസ്ഥാന്‍ ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കതാരിയക്ക് 10 കോടി രൂപ നല്‍കിയെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ആര്‍.കെ മാര്‍ബിള്‍സ് എന്ന സ്ഥാപനമാണ്് സൊഹ്‌റാബുദ്ദീനെ കൊലപ്പെടുത്താന്‍ തുക നല്‍കിയതെന്ന് കേസിലെ സാക്ഷിയായ അഅ്‌സം ഖാന്‍ സി.ബി.ഐക്ക് മുമ്പാകെ മൊഴിനല്‍കി.

ഗുജറാത്ത് ആഭ്യന്തര സഹമന്ത്രിക്കു പിറകെ രാജസ്ഥാനിലെ മുന്‍ ബി.ജെ.പി സര്‍ക്കാറിലെ ആഭ്യന്തര മന്ത്രിയും സൊഹ്‌റാബുദ്ദീന്‍ ശൈഖിനെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കേസില്‍ കുടുങ്ങുമെന്ന സൂചന നല്‍കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍. രാജസ്ഥാന്‍, ഗുജറാത്ത് പൊലീസ് സംയുക്തമായി സൊഹ്‌റാബുദ്ദീനെ വ്യാജ  ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുമ്പോള്‍ രാജസ്ഥാന്‍ ആഭ്യന്തര മന്ത്രിയായിരുന്നു കതാരിയ. മാര്‍ബിള്‍ വ്യാപാരികള്‍ സമീപിച്ച ബി.ജെ.പി നേതാക്കളില്‍ കതാരിയയെ കൂടാതെ ഓം മാഥൂറുമുണ്ടെന്നാണ് സി.ബി.ഐക്ക് ലഭിച്ച വിവരം.

2005 നവംബര്‍ 23ന് ആന്ധ്രപ്രദേശില്‍ നിന്നാണ് സൊഹ്‌റാബുദ്ദീന്‍ ശൈഖ്, കൗസര്‍ ബീ, തുളസീറാം പ്രജാപതി എന്നിവരെ രാജസ്ഥാന്‍ -ഗുജറാത്ത് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. പൊലീസൊരുക്കിയ വ്യാജ ഏറ്റുമുട്ടലില്‍  നവംബര്‍ 26ന് സൊഹ്‌റാബുദ്ദീന്‍ ശൈഖ് കൊല്ലപ്പെട്ടു. ഇതിനുശേഷം അഞ്ച് ദിവസം രാജസ്ഥാന്‍ പൊലീസ് പ്രജാപതിയെ നിയമവിരുദ്ധമായി കസ്റ്റഡിയില്‍ വെച്ചു. 2006 മേയ് രണ്ടിന് ഭില്‍വാഡയില്‍ പ്രജാപതിയെ അറസ്റ്റ് ചെയ്തതായാണ് രാജസ്ഥാന്‍ പൊലീസ് രേഖയുണ്ടാക്കിയത്. ഡിസംബറില്‍ പ്രജാപതിയും കൊല്ലപ്പെട്ടു. ഇതിനിടയില്‍ കൗസര്‍ ബിയെ കൊന്ന് മൃതദേഹം അപ്രത്യക്ഷമാക്കുകയും ചെയ്തു.     

സൊഹ്‌റാബുദ്ദീനൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്ത തുളസീറാം പ്രജാപതിയുടെ കൂടെ ജയിലില്‍ ഒരേ സെല്ലില്‍ കഴിഞ്ഞയാളാണ് അഅ്‌സം ഖാന്‍. സൊഹ്‌റാബുദ്ദീന്‍ വധത്തില്‍ രാജസ്ഥാന്‍-ഗുജറാത്ത് പൊലീസിന് ഒരു പോലെ പങ്കുണ്ടെന്നും ഖാന്‍ മൊഴി നല്‍കി. ആര്‍.കെ മാര്‍ബിള്‍ ആന്‍ഡ് ടെക്‌സ്‌റ്റൈല്‍ കമ്പനിക്ക് കൊലപാതകത്തിലുള്ള പങ്ക് അന്വേഷിച്ച സി.ബി.ഐ ഇതേക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന് കുറ്റപത്രത്തില്‍ കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്.
ഉദയ്പൂരിലെ ഗുണ്ടാത്തലവന്‍ ഹാമിദ് ലാലയും സൊഹ്‌റാബുദ്ദീന്‍ ശൈഖും തമ്മിലുണ്ടായിരുന്ന പോരിനെക്കുറിച്ച് പരാമര്‍ശിക്കുന്ന സി.ബി.ഐ കുറ്റപത്രം ലാലയുടെ കൊലപാതകത്തില്‍ സൊഹ്‌റാബുദ്ദീനും പ്രജാപതിക്കും പങ്കുണ്ടെന്ന് ആരോപിച്ച് അയാളുടെ സംഘാംഗങ്ങള്‍ പ്രതികാരത്തിനൊരുങ്ങിയിരുന്നതായും പറയുന്നുണ്ട്.


കേസുമായി ബന്ധമില്ലെന്ന് കതാരിയ
ജയ്പൂര്‍: സൊഹ്‌റാബുദ്ദീന്‍ ശൈഖിനെ വെടിവെച്ചുകൊന്നതില്‍ പങ്കില്ലെന്ന് രാജസ്ഥാനിലെ മുന്‍ ആഭ്യന്തരമന്ത്രിയും ബി.ജെ.പി നേതാവുമായ ഗുലാബ്ചന്ദ് കതാരിയ വ്യക്തമാക്കി. തനിക്കെതിരായ ആരോപണങ്ങള്‍ തെറ്റാണെന്ന് അന്വേഷണത്തില്‍ തെളിയുമെന്ന് കതാരിയ പറഞ്ഞു.
സൊഹ്‌റാബുദ്ദീന്‍ കേസുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി ആരും ബന്ധപ്പെട്ടിട്ടില്ലെന്നും സത്യം പുറത്തുവരാന്‍ സമയമെടുക്കുമെങ്കിലും അത് സത്യമായിരിക്കുമെന്നും കതാരിയ അഭിപ്രായപ്പെട്ടു. രാജസ്ഥാന്‍ കേഡറിലെ ഐ.പി.എസ് ഓഫിസറായ എം.എന്‍. ദിനേഷ് അഹ്മദാബാദില്‍ അറസ്റ്റിലായപ്പോള്‍ ആഭ്യന്തരമന്ത്രി എന്ന നിലയില്‍ അവിടെ പോയിരുന്നതായി സൊഹ്‌റാബുദ്ദീന്‍ കേസിലെ സാക്ഷിയായ അസ്‌ലംഖാന്റെ മൊഴിയെക്കുറിച്ച് ചോദിച്ചപ്പോള്‍ കതാരിയ പറഞ്ഞു. സൊഹ്‌റാബുദ്ദീനെ കൊല്ലാന്‍ രാജസ്ഥാനിലെ മാര്‍ബിള്‍ ലോബി അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കതാരിയക്ക് 10 കോടി രൂപ നല്‍കിയതായി അസ്‌ലംഖാന്‍ സി.ബി.ഐക്കു മുമ്പാകെ മൊഴി നല്‍കിയിട്ടുണ്ട്.

madhyamam daily

No comments:

Blog Archive