Sunday, August 01, 2010

മതസൗഹാര്‍ദം കാത്തുസൂക്ഷിക്കാന്‍ ആത്മീയാചാര്യരുടെ ആഹ്വാനം


Saturday, July 31, 2010
തിരുവനന്തപുരം: സൗഹാര്‍ദത്തിന് വിഘാതമാകുന്ന ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ മതവിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ജാഗ്രതപാലിക്കണമെന്ന് തിരുവനന്തപുരം പട്ടം മേജര്‍ ആര്‍ച്ചുബിഷപ്‌സ് ഹൗസില്‍ ചേര്‍ന്ന ആത്മീയാചാര്യരുടെ യോഗം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് നിലനില്‍ക്കുന്ന സൗഹൃദാന്തരീക്ഷം ഒറ്റപ്പെട്ട സംഭവങ്ങളിലൂടെ നഷ്ടമാകുന്ന സാഹചര്യത്തിലാണ് യോഗം ചേര്‍ന്നത്.
സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ മത വിഭാഗങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും രാഷ്ട്രീയവും രാഷ്ട്രപരവുമായ കാര്യങ്ങളില്‍ ധാര്‍മിക നിര്‍ദേശങ്ങള്‍ നല്‍കാന്‍ മതാചാര്യന്മാര്‍ക്ക് കഴിയുമെന്നും യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ബസേലിയോസ് കിമ്മീസ് കാതോലിക്കാ ബാവ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വ്യത്യസ്ത മത, സമുദായ, രാഷ്ട്രീയ വിഭാഗങ്ങളില്‍ അംഗത്വമുള്ള സമൂഹത്തില്‍ ഇതിന്റെ പേരില്‍ സൗഹൃദാന്തരീക്ഷത്തിന് തടസ്സമുണ്ടാകരുത്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ സമുദായങ്ങള്‍ അന്യവത്കരിക്കാനും പാടില്ല. സൗഹൃദത്തിന്റെ അഭാവമാണ് ഒറ്റപ്പെടലുകളുണ്ടാക്കുന്നത്.  സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്ക്‌വേണ്ടി രാഷ്ട്രീയമെന്നല്ല, ഒരു ഘടകത്തെയും ഉപയോഗിക്കാന്‍ പാടില്ലെ്‌ളന്നാണ് തങ്ങളുടെ അഭിപ്രായം.
അതേസമയം, സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെടാനും ധാര്‍മിക നിര്‍ദേശങ്ങള്‍ നല്‍കാനും മത സംഘടനകള്‍ക്കാകും. സൗഹാര്‍ദം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത പള്ളികളിലൂടെയും ആശ്രമങ്ങളിലൂടെയും സമൂഹത്തില്‍ എത്തിക്കും. ഇത്തരം കൂട്ടായ്മ സംസ്ഥാന വ്യാപകമാക്കുന്ന കാര്യം ആലോചിക്കും. യോഗത്തിന് തെരഞ്ഞെടുപ്പുമായി  ഒരുതരത്തിലും ബന്ധമില്ലെന്ന് ചോദ്യത്തിന്  അദ്ദേഹം മറുപടിനല്‍കി
മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്കാബാവയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്വാമി ഗുരുരത്‌ന ജ്ഞാന തപസ്വി (ശാന്തിഗിരി ആശ്രമം), ആര്‍ച്ചുബിഷപ്പ് സൂസൈപാക്യം, പാളയം ഇമാം ജമാലുദ്ദീന്‍ മങ്കട, എച്ച്. ഷഹീര്‍ മൗലവി, സ്വാമി അശ്വതി തിരുനാള്‍ (ഏകലവ്യാശ്രമം), ഡോ. ലോകഹിതാനന്ദ സ്വാമി (ശ്രീരാമകൃഷ്ണാശ്രമം), ബിഷപ്പ് ജെ. ഡബ്ല്യു. ഗ്ലാഡ്‌സ്റ്റന്‍, ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയോസ്, സ്വാമി സംവിദാനന്ദ (വിശ്വ സംസ്‌കാര ഭവന്‍ -ശിവഗിരി), ബര്‍സ്ലീബി റമ്പാന്‍ (മലങ്കര ഓര്‍ത്തഡോക്‌സ് സഭ), സ്വാമി നിര്‍മോഹാത്മ ജ്ഞാന തപസ്വി (ശാന്തിഗിരി ആശ്രമം) എന്നിവര്‍ പങ്കെടുത്തു.
madhyamam daily

Blog Archive