Wednesday, September 29, 2010

ത്രിപാഠി മുന്‍ മുഖ്യമന്ത്രിയുടെ ബന്ധു; കോടതിയില്‍ പൊളിഞ്ഞത് കോണ്‍ഗ്രസിന്റെ നീക്കം


ന്യൂദല്‍ഹി: ബാബരി കേസിലെ വിധി നീട്ടിവെപ്പിക്കാനുള്ള രമേശ് ചന്ദ്രത്രിപാഠിയുടെ ഹരജിക്ക് പിന്നില്‍ കോണ്‍ഗ്രസെന്ന് ആരോപണം.
ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രി ശ്രീപദ് മിശ്രയുടെ അടുത്ത ബന്ധുവാണ്  ത്രിപാഠി. വിധി പള്ളിക്ക് അനുകൂലമായാല്‍ കേന്ദ്ര സര്‍ക്കാറിന്റെ കൈവശമുള്ള തര്‍ക്കഭൂമി സുന്നി വഖഫ് ബോര്‍ഡിന് കൈമാറേണ്ടി വരുന്നത് കോണ്‍ഗ്രസിനെ ത്രിശങ്കുവിലാക്കുമെന്ന ഭയമാണ് ത്രിപാഠിയെ മുന്നില്‍ നിര്‍ത്തി കോടതിയെ സമീപിക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചതെന്നാണ് സൂചന. ബാബരി മസ്ജിദിന്റെ സ്ഥലം തര്‍ക്കഭൂമിയാക്കി മാറ്റുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച ഉത്തര്‍ പ്രദേശിലെ കോണ്‍ഗ്രസ് പാരമ്പര്യത്തില്‍പ്പെടുന്നയാളാണ്  വിധി മുടക്കാന്‍ രംഗത്തുവന്ന ത്രിപാഠി.  അയോധ്യ നിലനില്‍ക്കുന്ന ഫൈസാബാദിനോട് അതിരിട്ട് കിടക്കുന്ന മിജോഡ ഗ്രാമവാസിയാണ് 73കാരനായ ത്രിപാഠി.
അയോധ്യ കേന്ദ്രീകരിച്ച് രാമക്ഷേത്രത്തിനായി നീക്കം നടത്തിയ കുടുംബ പാരമ്പര്യമാണ് ഇപ്പോഴും കോണ്‍ഗ്രസുകാരനായ ത്രിപാഠിയുടേത്. സൈന്യത്തില്‍ നിന്ന് ഓഡിറ്ററായി വിരമിച്ച് മിജോഡയില്‍ വിശ്രമജീവിതം നയിക്കുകയാണ് അദ്ദേഹമിപ്പോള്‍. ബാബരി മസ്ജിദിന്റെ സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കാന്‍ 1980കളില്‍ ഊര്‍ജിതമായ നീക്കം നടത്തിയ മുഖ്യമന്ത്രിയാണ് ശ്രീപദ് മിശ്ര. 1980ല്‍ ബാബരി മസ്ജിദിനോട് തൊട്ടു കിടക്കുന്ന 32 ഏക്കര്‍ രാംകഥാ പാര്‍ക്ക് നിര്‍മിക്കാന്‍ സര്‍ക്കാര്‍ ചെലവില്‍ ഏറ്റെടുത്തത് ശ്രീപദ് മിശ്രയായിരുന്നു. 1949 ഡിസംബര്‍ 23ന് രാത്രി ദുരൂഹ സാഹചര്യത്തില്‍ ബാബരി മസ്ജിദില്‍ വിഗ്രഹം പ്രതിഷ്ഠിച്ച്  നമസ്‌ക്കാരത്തിന് വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് നിയമക്കുരുക്കില്‍പ്പെട്ട തര്‍ക്കം വീണ്ടും സജീവമാക്കിയത് ഈ സ്ഥലമെടുപ്പായിരുന്നു.
ഏറ്റെടുത്ത 32 ഏക്കര്‍ ഭൂമിയാണ് 1990ല്‍ അന്നത്തെ ബി.ജെ.പി മുഖ്യമന്ത്രി കല്യാണ്‍ സിങ് രാമക്ഷേത്ര നിര്‍മാണത്തിനായി വി.എച്ച്.പിക്ക് കൈമാറിയത്. ബാബരി തര്‍ക്കത്തില്‍ സാഹചര്യങ്ങള്‍ പള്ളിക്ക് അനുകൂലമായി വന്ന ഘട്ടങ്ങളിലെല്ലാം കോണ്‍ഗ്രസ് തുടര്‍ന്ന കളിയാണ് ഇപ്പോഴും ആവര്‍ത്തിച്ചതെന്ന് ഉത്തര്‍ പ്രദേശ് സുന്നി വഖഫ് ബോര്‍ഡിനെ കേസില്‍ സഹായിക്കുന്ന ഫൈസാബാദ് ഹിലാല്‍ കമ്മിറ്റി കണ്‍വീനര്‍ ഖാലിഖ് അഹ്മദ് ഖാന്‍ 'മാധ്യമ'ത്തോട് പറഞ്ഞു. കോണ്‍ഗ്രസ് പാരമ്പര്യമുള്ള ത്രിപാഠിക്ക് തങ്ങളുമായി ബന്ധമില്ലെന്ന് നിര്‍മോഹി അഖാരയുടെ ബാബാ രാംദാസും വ്യക്തമാക്കി. ത്രിപാഠിക്കു പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന ആരോപണങ്ങള്‍ കോണ്‍ഗ്രസ് വക്താവ് ദിഗ്‌വിജയ്‌സിങ് നിഷേധിച്ചു.
madhyamam

No comments:

Blog Archive