Sunday, August 29, 2010

ബാബരി: കോടതി വിധി സ്വീകാര്യമല്ല -സംഘ്പരിവാര്‍


Sunday, August 29, 2010
ന്യൂദല്‍ഹി: അയോധ്യയില്‍ ബാബരി മസ്ജിദിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ അലഹബാദ് ഹൈകോടതി വിധി പറയാനിരിക്കെ, പ്രശ്‌ന പരിഹാരത്തിന് കേന്ദ്രം നിയമനിര്‍മാണം നടത്തണമെന്ന ആവശ്യവുമായി സംഘ്പരിവാര്‍ രംഗത്ത്. ആറു പതിറ്റാണ്ടിലേറെ നീണ്ട തര്‍ക്കത്തിന് കോടതികളിലൂടെ പരിഹാരം ഉണ്ടാവുക എളുപ്പമല്ലെന്നും സംഘ്പരിവാര്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
കോടതികളിലൂടെ ഒരു തീര്‍പ്പ് ഉണ്ടാകില്ലെന്നും ഭരണകൂടമാണ് ദേശീയ വികാരം ഉള്‍ക്കൊണ്ട് നിയമം കൊണ്ടു വരേണ്ടതെന്നും ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് പറഞ്ഞു.  കോടതികളിലൂടെയുള്ള പ്രശ്‌ന പരിഹാരനീക്കത്തിനെതിരെ വി.എച്ച്.പിയുടെ ആഭിമുഖ്യത്തില്‍ കാമ്പയിന്‍ നടത്താനും സംഘ് നേതൃത്വം തീരുമാനിച്ചിരിക്കുകയാണ്. കോടതി വിധിയിലൂടെ നീതി നടപ്പാകും എന്നാണ് പ്രതീക്ഷ. എന്നാല്‍ ഹിന്ദുക്കളുടെ വിശ്വാസവുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നമാണിത്. ബാബരി മസ്ജിദ് സമുച്ചയം ഹിന്ദുക്കള്‍ക്ക് കൈമാറുകയാണ് വേണ്ടത്. അയോധ്യയിലെ ക്ഷേത്രനിര്‍മാണം സമാധാന മാര്‍ഗത്തിലൂടെ വേണമോ അതല്ല പ്രക്ഷോഭത്തിലൂടെ വേണമോ എന്ന കാര്യം സര്‍ക്കാര്‍ തന്നെ തീരുമാനിക്കണം -മോഹന്‍ ഭഗവത് പറഞ്ഞു.
എല്ലാ സംഘ്‌സംഘടനകളും തമ്മില്‍ കഴിഞ്ഞ ദിവസം ഭാവി പ്രക്ഷോഭ പരിപാടികളെ കുറിച്ച് ചര്‍ച്ച നടത്തി. കോടതി വിധിക്കുമുമ്പുതന്നെ കേന്ദ്ര സര്‍ക്കാറിനെ നിയമ നിര്‍മാണത്തിന് പ്രേരിപ്പിക്കുകയെന്ന തന്ത്രം സ്വീകരിക്കാനാണ് നേതൃതീരുമാനം. അയോധ്യയില്‍ ക്ഷേത്രം നിര്‍മിക്കുമെന്ന വാഗ്ദാനം നടപ്പാക്കാന്‍ പാര്‍ട്ടിക്ക് തീര്‍ച്ചയായും ബാധ്യതയുണ്ടെന്ന് ബി.ജെ.പി പ്രസിഡന്റ് നിതിന്‍ ഗഡ്കരി വ്യക്തമാക്കി.
ബാബരി മസ്ജിദിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട കേസില്‍ വിധി എതിരായിരിക്കുമെന്ന പ്രതീതി സംഘ് നേതാക്കള്‍ക്കുണ്ട്. കോടതിയില്‍ ആധികാരിക രേഖകള്‍ ഹാജരാക്കാനും ശക്തമായ വാദമുഖങ്ങള്‍ നിരത്താനും മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിനു കീഴില്‍ ശ്രമം നടന്നതായും അവര്‍ സമ്മതിക്കുന്നു.
പാര്‍ലമെന്റ് എം.പിമാരുടെ ഒപ്പോടു കൂടിയ നിവേദനം രാഷ്ട്രപതിക്കുംമറ്റും സമര്‍പ്പിക്കാനും നീക്കമുണ്ട്. എല്ലാ പാര്‍ലമെന്റംഗങ്ങളും നിവേദനത്തില്‍ ഒപ്പുവെക്കണമെന്ന് വി.എച്ച്.പി അന്താരാഷ്ട്ര പ്രസിഡന്റ് അശോക് സിംഗാള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
അയോധ്യ പ്രശ്‌നം പരിഹരിക്കാന്‍ പാര്‍ലമെന്റ് മുഖേനയുള്ള നിയമ നിര്‍മാണം കൊണ്ടു മാത്രമേ സാധിക്കൂ എന്ന് രാം ജന്‍മ ഭൂമി ന്യാസിനു വേണ്ടി പ്രസിഡന്റ് നൃത്യഗോപാല്‍ ദാസും ആവശ്യപ്പെട്ടു. അറുപത് കൊല്ലമായി ഹിന്ദുക്കള്‍ ഒരു തീരുമാനത്തിനുവേണ്ടി കാത്തിരിക്കുകയാണ്.  പക്ഷപാതപരമായ പരിഗണനകള്‍ക്കപ്പുറം പ്രശ്‌നപരിഹാരത്തിനു വേണ്ടി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരുമിച്ചു നില്‍ക്കണം. ബാബരി മസ്ജിദ് സമുച്ചയം മുഴുവന്‍ രാമഭക്തര്‍ക്കും വേണ്ടി അനുവദിച്ചു കിട്ടാന്‍ എല്ലാവരും ശബ്ദമുയര്‍ത്തണം -കത്ത് വ്യക്തമാക്കുന്നു.
അയോധ്യയുടെ കാര്യത്തില്‍ തീര്‍പ്പ് അനുകൂലമായാല്‍ മറ്റുള്ള മുസ്‌ലിം ആരാധനാലയങ്ങളുടെ മേല്‍ അവകാശവാദം ഉപേക്ഷിക്കാന്‍ ഒരുക്കമല്ലെന്നും സിംഗാള്‍  പറഞ്ഞു. കാശി, മഥുര എന്നിവിടങ്ങളിലെ മുസ്‌ലിം പള്ളികളും ഹിന്ദുക്കള്‍ക്ക് തന്നെ ലഭിക്കണം  -അദ്ദേഹം വ്യക്തമാക്കി.

എം.സി.എ നാസര്‍
madhyamam daily

No comments:

Blog Archive