Monday, August 30, 2010

മഅ്ദനിയുടെ കുടക് സന്ദര്‍ശനം: കണ്ടവരില്ല, എല്ലാം കേട്ടറിവുകള്‍ മാത്രം


Sunday, August 29, 2010
മടിക്കേരി (കുടക്): പി.ഡി.പി സംസ്ഥാന അധ്യക്ഷന്‍ അബ്ദുന്നാസിര്‍ മഅ്ദനി തടിയന്റവിട നസീറിന്റെ കുടക് ക്യാമ്പില്‍ പങ്കെടുത്തുവെന്ന പൊലീസ് കണ്ടെത്തല്‍ വെറും കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലെന്ന് പ്രാദേശിക ബി.ജെ.പി എം.എല്‍.എ എം.പി. അപ്പാച്ചു രഞ്ചനടക്കം പ്രദേശവാസികള്‍. സംഭവത്തിന്റെ നിജസ്ഥിതിയറിയാന്‍ സോമവാര്‍പേട്ട, മാതാപുര, ഹൊസ്‌തോട്ട, ഐഗൂര്‍, ലക്കേരി മേഖലകള്‍ സന്ദര്‍ശിച്ച 'മാധ്യമ'ത്തിന് കേള്‍ക്കാനായത് ഇവിടെ പ്രചരിക്കുന്ന കുറെ 'കേട്ടറിവുകള്‍' മാത്രം. കുടക് ക്യാമ്പിന് തൊട്ടടുത്ത പരിസരവാസികളും വിവിധ സമുദായക്കാരും മഅ്ദനി കുടകില്‍ വന്നിട്ടില്ലെന്ന് തറപ്പിച്ചു പറയുമ്പോള്‍, ഹൊസ്‌തോട്ട സ്വദേശികളായ രണ്ടുപേര്‍ മഅ്ദനിയെ കുടക് ക്യാമ്പിനടുത്ത് നേരില്‍ കണ്ടതായാണ് സംഘ്പരിവാര്‍-പൊലീസ് പ്രചാരണം. എന്നാല്‍, ഈ രണ്ട് സാക്ഷികള്‍ സംഘ്പരിവാറിന്റെ ബിനാമികളാവാമെന്ന് ഐഗൂര്‍ ഗ്രാമപഞ്ചായത്തംഗം കെ.പി. ദിനേശയടക്കം ഹൊസ്‌തോട്ട നിവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. അഭിമുഖത്തില്‍നിന്ന്:

n എം.പി. അപ്പാച്ചു രഞ്ചന്‍ (മടിക്കേരി എം.എല്‍.എ). തടിയന്റവിട നസീര്‍ ലക്കേരിയില്‍ നടത്തിയതായി പറയുന്ന ക്യാമ്പിന്റെ വിളിപ്പാടകലെയാണ് ഇദ്ദേഹത്തിന്റെ വസതി.
'ഞാനോ എന്റെ പ്രധാന പാര്‍ട്ടി പ്രവര്‍ത്തകരാരെങ്കിലുമോ മഅ്ദനിയെ ഇവിടെ കണ്ടിട്ടില്ല. ഒരുവര്‍ഷം മുമ്പ് അയാള്‍ ഇവിടെ വന്നുവെന്നാണ് പൊലീസ് പറയുന്നത്. സ്ഥലം എം.എല്‍.എ എന്ന നിലയില്‍ അപ്പോള്‍തന്നെ പൊലീസ് എന്നെ അറിയിക്കേണ്ടതാണ്, അത് ഉണ്ടായില്ല. ഏതോ രണ്ട് നാട്ടുകാര്‍ അയാളെ കണ്ടതായി മൊഴികൊടുത്തിട്ടുണ്ട്. അവര്‍ അപ്പോഴൊന്നും എന്നെ അറിയിച്ചിട്ടില്ല. സംഭവം അടുത്തിടെ മാത്രമാണ് പറഞ്ഞുകേട്ടത്. കഴിഞ്ഞ ദിവസം തെളിവെടുപ്പിന് മഅ്ദനിയെ ലക്കേരിയില്‍ കൊണ്ടുവന്നിരുന്നു. എല്ലാം സമ്മതിച്ചതായി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ ഇത്തരം ദേശദ്രോഹികള്‍ക്ക് കേരള-കര്‍ണാടക സര്‍ക്കാറുകള്‍ സഹായം ചെയ്യരുത്. രാജ്യത്തെ സ്‌നേഹിക്കാത്ത ഇത്തരക്കാരെ നശിപ്പിക്കുകയാണ് വേണ്ടത്'.

n ഹൊസ്‌തോട്ട അങ്ങാടിയടങ്ങുന്ന ഐഗൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയംഗം കെ.പി. ദിനേശ.
'ഹൊസ്‌തോട്ട അങ്ങാടിയില്‍ ഈച്ച പറന്നാല്‍ പോലും ഞങ്ങളറിയും. തടിയന്റവിട നസീറിനെക്കുറിച്ച് ആദ്യം പൊലീസില്‍ അറിയിച്ചയാളാണ് ഞാന്‍. ഏത് അപരിചിതന്‍ വന്നാലും ഈ ഗ്രാമം ശ്രദ്ധിക്കും. മഅ്ദനി ഇവിടെ വന്നുവെന്ന് പറയുന്നതുതന്നെ ശുദ്ധ നുണ. ആരും കണ്ടിട്ടില്ല. അഞ്ച് കിലോമീറ്റര്‍ അകലെ ലക്കേരിയില്‍വെച്ച് ഹൊസ്‌തോട്ടക്കാരായ റഫീഖും പ്രഭാകറും മഅ്ദനിയെ കണ്ടുവെന്നാണ് കോടതിയില്‍ നല്‍കിയ മൊഴി. അങ്ങനെയൊരു റഫീഖും പ്രഭാകറും ഇവിടെയില്ല. ഞങ്ങള്‍ പരിശോധിച്ചു. ഉണ്ടെങ്കില്‍ അവരുടെ വീട്ടുപേരും അച്ഛന്റെ പേരും പൊലീസ് പറയട്ടെ. പൊലീസ് അതൊന്നും പറയുന്നില്ല; പറയില്ല. ഈ വിവരങ്ങളെല്ലാം ഞങ്ങള്‍ കന്നട മാധ്യമങ്ങളോട് ആവര്‍ത്തിച്ചു പറഞ്ഞതാണ്. അതൊന്നും അവര്‍ കൊടുത്തില്ല. ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ച് ഹൊസ്‌തോട്ടയെ ദേശവിരുദ്ധ ഗ്രാമമാക്കുകയാണ് മാധ്യമങ്ങള്‍. ഇവിടത്തെ മതസാഹോദര്യം തകര്‍ക്കരുത്'.

n സക്കീനബി (നസീറിന് ഭൂമി പാട്ടത്തിന് നല്‍കിയ വീട്ടമ്മ. ലക്കേരി എസ്‌റ്റേറ്റിന്റെ ഉടമയെന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ച ഈ 75കാരി നിര്‍ധന തോട്ടം തൊഴിലാളിയാണ്)
'ഞങ്ങളാരും മഅ്ദനിയെ ഇതുവരെ നേരില്‍ കണ്ടിട്ടില്ല. കഴിഞ്ഞയാഴ്ച പൊലീസ് വന്നിരുന്നു. വാനില്‍ അയാളുണ്ടെന്ന് പറഞ്ഞു. മുമ്പ് കണ്ടിട്ടുണ്ടോ എന്ന് ഞങ്ങളോട് ചോദിച്ചു. അയാളെയോ, വന്നതായി പറയുന്ന കാറോ കണ്ടിട്ടില്ലെന്നു പറഞ്ഞു. പക്ഷേ, എല്ലാം ഞങ്ങള്‍ സമ്മതിച്ചതായി പൊലീസ് വാര്‍ത്ത കൊടുത്തു. നോമ്പ് പിടിച്ചിട്ടു പറയുവ്വാ, പടച്ചോനാ സത്യം, ഞങ്ങള്‍ ടി.വിയിലല്ലാതെ ഒരിക്കല്‍ പോലും മഅ്ദനിയെ കണ്ടിട്ടില്ല. പറയുന്നത് പൊള്ളാണെങ്കില്‍ ഞങ്ങളുടെ കണ്ണ് പൊട്ടിപ്പോട്ടെ. ദാരിദ്ര്യംകൊണ്ടാണ് 2006ല്‍ നസീറിന് ഭൂമി പാട്ടത്തിന് കൊടുത്തത്, സുണ്ടി കൃഷിക്ക് (ഇഞ്ചി). 18,000 രൂപ കിട്ടി. മകള്‍ ഫാത്തിമ പണിക്ക് പോയിട്ടാ കുടുംബം പോറ്റണത്. ഓള്‍ടെ പുയ്യാപ്ല റഹീം നാട്ടിലില്ല. നസീറിന് ഭൂമി കൊടുത്ത അന്ന് തുടങ്ങിയ കഷ്ടകാലമാ, എല്ലാരും കഷ്ടപ്പെടുത്തുണൂ, ഞങ്ങള്‍ക്കാരുമില്ല'-ആസ്ത്മ രോഗിയായ സക്കീനബി ശ്വാസംകിട്ടാതെ വിതുമ്പി.

n അഡ്വ. കെ.എസ്. പത്മനാഭ (ബി.ജെ.പി വക്താവ്)
'ഞാന്‍ നേരില്‍ കണ്ടിട്ടില്ല. അയല്‍വാസി കണ്ടു. കാലില്ലാത്ത, താടിയും കണ്ണടയുമുള്ള അയാളെ കാറില്‍ നിന്നിറങ്ങുമ്പോഴാണ് അയല്‍വാസി കണ്ടത്. കൂടെ ഒരാളും ഉണ്ടായിരുന്നു. കാലില്ലാത്ത ആളെ മറ്റയാള്‍ ബഡാഭായ് എന്നോ ഛോട്ടാഭായ് എന്നോ ഉസ്താദ് എന്നോ ആണ് വിളിച്ചതത്രെ. സ്‌കോര്‍പിയോവിലാണ് വന്നത്. കൂടെ യൂനിഫോമില്‍ രണ്ട് പൊലീസുകാരും ഉണ്ടായിരുന്നതായി സാക്ഷി പ്രഭാകറും റഫീഖും പറയുന്നു. ഇവരല്ലാതെ മറ്റാരും കണ്ടിട്ടില്ല. ഈയടുത്ത് ടി.വിയില്‍ മഅ്ദനിയുടെ ചിത്രം കണ്ടപ്പോഴാണ് ഇരുവരും കാലില്ലാത്തയാളെ തിരിച്ചറിഞ്ഞത്'.

n അനില്‍ (ബി.ജെ.പി പ്രവര്‍ത്തകന്‍)
'മഅ്ദനി കുടകില്‍ വന്നതിന് ദൃക്‌സാക്ഷികളുണ്ട്. അവരാരെന്ന് പറയില്ല. മഅ്ദനിയുടെ കൂടെ രണ്ട് പൊലീസുകാരുണ്ടായിരുന്നു. അവര്‍ മഫ്തിയിലായിരുന്നു'.

n അബ്ദുല്‍ മജീദ് (മുന്‍ ജമാഅത്ത് സെക്രട്ടറിയായ മജീദ് മലയാളിയും ഹൊസ്‌തോട്ടയില്‍ തയ്യല്‍ തൊഴിലാളിയുമാണ്)
'ഇവിടെയാരും മഅ്ദനിയെ കണ്ടിട്ടില്ല. എല്ലാം പ്രചാരണം. ദേശദ്രോഹ പ്രവര്‍ത്തനത്തിന് വന്നാല്‍ മഅ്ദനിയായാലും തടിയന്റവിട നസീറായാലും ഞങ്ങള്‍ സംരക്ഷിക്കില്ല. നസീറിന്റെ നീക്കങ്ങള്‍ സോമവാര്‍പേട്ട് പൊലീസിനെ കൃത്യമായി അറിയിച്ചവരാണ് ഈ നാട്ടുകാര്‍'.
ബംഗളൂരു സ്‌ഫോടനക്കേസില്‍ മഅ്ദനി പ്രതിചേര്‍ക്കപ്പെടുന്നതിന് തൊട്ടുമുമ്പ് കേരളത്തിലെ ഒരു ഉന്നത നേതാവ് സോമവാര്‍പേട്ടയിലെ പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തിരുന്നതായി ബി.ജെ.പി പ്രവര്‍ത്തകര്‍ സമ്മതിക്കുന്നു. മൂന്നുമാസം മുമ്പ് മാതാപുരയിലെ ഒരു പ്രാദേശിക നേതാവ് കാസര്‍കോട്ടെ ഒരു മലയാളി മാധ്യമപ്രവര്‍ത്തകനെ മൊബൈല്‍ ഫോണില്‍ വിളിച്ചിരുന്നു. ബംഗളൂരു സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേരളം ഞെട്ടുന്ന ഒരു വാര്‍ത്ത ഉടനുണ്ടാകുമെന്നായിരുന്നു നേതാവിന്റെ അറിയിപ്പ്. ഇതിനുശേഷം 2010 ജൂണ്‍ 11നാണ് മഅ്ദനിയെ 31ാം പ്രതിയാക്കി കര്‍ണാടക സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ബംഗളൂരു കോടതിയില്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ കുറ്റമുക്തനാക്കപ്പെട്ട  മഅ്ദനി കര്‍ണാടക കേസില്‍നിന്ന് ഒരുവിധത്തിലും രക്ഷപ്പെടില്ലെന്നും ബി.ജെ.പി പ്രചരിപ്പിക്കുന്നുണ്ട്.

ബാബു ചെറിയാന്‍
madhyama daily

No comments:

Blog Archive