Sunday, August 29, 2010
ബാബരിമസ്ജിദിന്റെ താഴികക്കുടങ്ങള്‍ തല്ലിത്തകര്‍ക്കുകയും രാജ്യവ്യാപകമായി ഭീകര വര്‍ഗീയകലാപങ്ങള്‍ ആളിക്കത്തിക്കുകയും ചെയ്ത സംഘ്പരിവാര്‍ കോടതി വിധി വരുംമുമ്പേ സ്വന്തം തീര്‍പ്പ് വ്യക്തമാക്കിക്കഴിഞ്ഞു. ചരിത്ര, പുരാരേഖകളുടെയും ന്യായങ്ങളുടെയും പിന്‍ബലത്തില്‍ ബാബരിമസ്ജിദിന്റെ ഉടമസ്ഥാവകാശം പുനഃസ്ഥാപിക്കപ്പെടുകയാണെങ്കില്‍ അത് അംഗീകരിക്കുന്ന പ്രശ്‌നമില്ലെന്നും ഏതുവിധേനയും തര്‍ക്കസ്ഥലത്ത് രാമക്ഷേത്രം പണിയുമെന്നുമാണ് സംഘ്പരിവാര്‍ നേതാക്കള്‍ പറയുന്നത്. വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കോടതിവിധികള്‍ക്കു വഴങ്ങുന്നതല്ലെന്ന നിലപാട് അവര്‍ ആവര്‍ത്തിക്കുന്നു. വിശ്വാസത്തിന്റെയോ ചരിത്രത്തിന്റെയോ പ്രാമാണിക പിന്‍ബലമോ ന്യായാന്യായങ്ങളോ ഒട്ടും പരിഗണിക്കാതെ പള്ളിപൊളിച്ച് അമ്പലം പണിതേ തീരൂ എന്ന ഇതഃപര്യന്തമുള്ള പിടിവാശി മൂര്‍ച്ചകൂട്ടി, നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന രാഷ്ട്രീയപ്രഭാവം വീണ്ടെടുക്കാനുള്ള ആയുധമാക്കി അയോധ്യാപ്രശ്‌നം മാറ്റിയെടുക്കാനുള്ള പുതിയ കരുനീക്കത്തിലാണ് സംഘ്പരിവാര്‍. ഇതോടെ, പ്രശ്‌നം വീണ്ടും രാജ്യത്തിന്റെ ഉറക്കംകെടുത്തുന്ന വര്‍ഗീയകാലുഷ്യത്തിലേക്ക് നീങ്ങുമോ എന്ന ആശങ്ക കേന്ദ്രസര്‍ക്കാര്‍ തന്നെ ഉയര്‍ത്തിക്കഴിഞ്ഞു. വിധിയെത്തുടര്‍ന്ന് ഹിന്ദു-മുസ്‌ലിം അന്തരീക്ഷം വഷളാകാനിടയുണ്ടെന്നും ക്രമസമാധാനവും മതസൗഹാര്‍ദവും കാത്തുസൂക്ഷിക്കുന്നതിന് മുന്തിയ പരിഗണന നല്‍കണമെന്നും ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ഭരണകൂടങ്ങള്‍ക്ക് കത്തയച്ചിരിക്കുകയാണ്. സമാധാനപാലനത്തിനായി കേന്ദ്രത്തില്‍നിന്ന് 458 കമ്പനി സേനയെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്.
കോടതിവിധി വരുംമുമ്പേ വിസമ്മതത്തിന്റെയും പ്രതിഷേധത്തിന്റെയും ഭീഷണിയുയര്‍ത്തി ഒരു മുഴം മുമ്പേ നീട്ടിയെറിയുകയാണ് വര്‍ഗീയവാദികള്‍. ഈ വിഷയത്തില്‍ ഭരണഘടനയെയും നീതിന്യായവ്യവസ്ഥയെയും അവര്‍ നേരത്തേ തള്ളിപ്പറഞ്ഞതാണ്. വാക്കുകളില്‍ മാത്രമല്ല, പ്രയോഗത്തിലും ദേശീയ, ജനാധിപത്യമര്യാദകളൊന്നും ഗൗനിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരല്ലെന്ന് 1992 ഡിസംബര്‍ ആറിന് മസ്ജിദ് തല്ലിത്തകര്‍ത്ത് അവര്‍ തെളിയിക്കുകയും ചെയ്തു. ജുഡീഷ്യറി തങ്ങള്‍ക്കനുകൂലമെങ്കില്‍ കൊള്ളുകയും എതിരെങ്കില്‍ തള്ളുകയുമാണ് ഹിന്ദുത്വരുടെ രീതി. 1949 ഡിസംബര്‍ 22-23ന് മസ്ജിദിനകത്ത് വിഗ്രഹങ്ങള്‍ പ്രതിഷ്ഠിച്ചപ്പോഴും 1950ലും 1955ലും വിഗ്രഹങ്ങള്‍ എടുത്തുമാറ്റുന്നത് വിലക്കിയും പള്ളിക്കകത്ത് പൂജ അനുവദിച്ചും ജില്ലാകോടതിയും ഹൈകോടതിയും വിധി പുറപ്പെടുവിച്ചപ്പോഴും കോടതിക്കൊപ്പമായിരുന്നു അവര്‍. ബാബരിമസ്ജിദ് തകര്‍ത്ത് തല്‍സ്ഥാനത്ത് താല്‍ക്കാലികക്ഷേത്രം തല്ലിക്കൂട്ടിയെങ്കിലും സ്വന്തം അവകാശവാദങ്ങളുടെ അടിത്തറയുടെ ബലഹീനതകള്‍ അവര്‍ക്ക് നന്നായറിയാം. അതിനാല്‍ മസ്ജിദിന്റെ ഉടമസ്ഥാവകാശ കേസിന്റെ ഗതിയെക്കുറിച്ച് സന്ദേഹങ്ങളുണ്ടാവുക സ്വാഭാവികം. വിധിയെത്തും മുമ്പേ അത് തള്ളിക്കളയുന്നതും ഈ നില്‍ക്കക്കള്ളിയില്ലായ്മ സ്വയം ബോധ്യപ്പെടുന്നതു കൊണ്ടാണ്.
വിവാദമുയര്‍ത്തി വീണ്ടും ഹിന്ദുത്വവര്‍ഗീയത ആളിക്കത്തിച്ച് ജനവികാരം ഇളക്കിവിട്ടാല്‍ അതുവഴി കേന്ദ്ര-സംസ്ഥാനഭരണകൂടങ്ങളെയും ജുഡീഷ്യറിയെതന്നെയും സമ്മര്‍ദത്തിലാക്കാമോ എന്ന പരിശോധന കൂടിയാവാം വിധിയെത്തും മുമ്പേയുള്ള ഈ പടപ്പുറപ്പാടിനു പിന്നില്‍. യഥാതഥമായ തെളിവുകളും ന്യായങ്ങളും മറികടന്ന് 'പൊതുമനഃസാക്ഷി' എന്ന പേരില്‍ ജനവികാരം കോടതിവിധികള്‍ക്ക് ആധാരമാകുന്ന പുതിയ അനുഭവമുണ്ട്. ബാബരിമസ്ജിദ് സംബന്ധിച്ച ചില കേസുകളില്‍തന്നെ ഇതുണ്ടായിട്ടുണ്ട്. എന്നിരിക്കെ ശക്തമായ ജനവികാരം ഉയര്‍ത്താനായാല്‍ ആസന്നവിധിയെ തന്നെ സ്വാധീനിക്കാമെന്ന വ്യാമോഹം സംഘ്പരിവാറിനുണ്ടാവാം. ഇല്ലെങ്കില്‍ പഴയ മന്ദിര്‍കാര്‍ഡ് അതേ വീര്യത്തോടെ ഉപയോഗപ്പെടുത്തുകയുമാവാം. ഏതുവിധേനയും പുതിയ വിധിയെ തങ്ങളുടെ രാഷ്ട്രീയവളര്‍ച്ചക്ക് അനുഗുണമാക്കിയെടുക്കാനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് സംഘ്പരിവാര്‍.
ഈ സന്ദര്‍ഭത്തില്‍ കേന്ദ്രഭരണകൂടം പ്രശ്‌നം എങ്ങനെ കൈകാര്യം ചെയ്യും എന്നതാണ് പ്രസക്തമായ ചോദ്യം. ബാബരിവിഷയത്തിലുടനീളം നെഹ്‌റു മുതല്‍ നരസിംഹറാവുവരെ മാറിമാറി കേന്ദ്രം ഭരിച്ച കോണ്‍ഗ്രസ് ഗവണ്‍മെന്റുകളുടെ നിലപാടുകള്‍ ഹിന്ദുത്വവര്‍ഗീയതക്ക് ആക്കംകൂട്ടുന്നതായിരുന്നു. ഒടുവില്‍ യു.പി രാഷ്ട്രീയത്തില്‍നിന്നു തൂത്തെറിയപ്പെട്ടും ദേശീയരാഷ്ട്രീയത്തില്‍ ദുര്‍ബലമായും കോണ്‍ഗ്രസ് അതിന് വിലയൊടുക്കേണ്ടിയും വന്നു. എല്ലാം തിരിച്ചറിഞ്ഞും മാപ്പുപറഞ്ഞും നഷ്ടപ്പെട്ടത് തിരിച്ചെടുക്കാന്‍ വിജയകരമായ നീക്കങ്ങള്‍ ആരംഭിച്ച ഘട്ടത്തിലാണ് കോണ്‍ഗ്രസിനു വീണ്ടും പരീക്ഷണമായി ഈ കേസ് വന്നുനില്‍ക്കുന്നത്. കോടതിവിധിയോടുള്ള ഹിന്ദുത്വരുടെ രൂക്ഷപ്രതികരണവും കോടതിക്കു പുറത്തുവെച്ച് പരിഹാരം കാണാന്‍ ഇരുസമുദായങ്ങളിലെയും ചില കേന്ദ്രങ്ങളില്‍നിന്നുയര്‍ന്ന നിര്‍ദേശങ്ങളും മുന്നില്‍വെച്ച് ചില നീക്കങ്ങള്‍ക്ക് കോണ്‍ഗ്രസ് തുടക്കം കുറിച്ചിട്ടുണ്ട്. സോണിയ ഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹ്മദ് പട്ടേലിനെ മുസ്‌ലിംനേതാക്കളോട് ആശയവിനിമയം നടത്താന്‍ ഏല്‍പിച്ചിരിക്കുന്നു. കോടതിവിധി എന്തായാലും പ്രശ്‌നപരിഹാരത്തിന് ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സമവായം ആവശ്യമാണ് എന്ന തിരിച്ചറിവില്‍നിന്നാണ് കോടതിക്കുപുറത്തു പരിഹാരം എന്ന നിര്‍ദേശം ഉയര്‍ന്നിരിക്കുന്നത്. ഏകപക്ഷീയമായ അടിച്ചേല്‍പിക്കലിലൂടെ പരിഹാരം സാധ്യമാവില്ലെന്നും മുസ്‌ലിംകളുടെ വിശ്വാസം കൂടി നേടിയെടുത്തേ പ്രശ്‌നം തീര്‍ക്കാനാവൂ എന്നും വിവാദത്തിന്റെ ആദ്യനാളുകളില്‍ 1950 ജനുവരി ഒമ്പതിന് യു.പി മുഖ്യമന്ത്രി ഗോവിന്ദ്ബല്ലഭ് പാന്തിന് എഴുതിയ കത്തില്‍ അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ തന്നെ ചൂണ്ടിക്കാണിച്ചതാണ്. എന്നാല്‍ കോണ്‍ഗ്രസ് ഹിന്ദുത്വവര്‍ഗീയതക്കുമുന്നില്‍ തുടരെത്തുടരെ തോറ്റുകൊടുക്കുകയായിരുന്നു. വീഴ്ച മനസ്സിലാക്കി തിരുത്തിന് തുടക്കംകുറിച്ച കോണ്‍ഗ്രസിന് ബാബരിവിഷയത്തില്‍ ജനാധിപത്യ മതേതരമൂല്യങ്ങളോട് പ്രതിബദ്ധത തെളിയിക്കാനുള്ള അവസാന അവസരമാണ് അലഹബാദ് ഹൈകോടതി വിധിയെന്നു പറയാം. രാജ്യത്തിന്റെ ജനാധിപത്യ മതേതരവ്യവസ്ഥയുടെ കാതല്‍ നിര്‍ണയിക്കുന്ന അളവുകോല്‍ കൂടിയാവും അത്. ആ ഗൗരവത്തോടെ പ്രശ്‌നം കൈകാര്യം ചെയ്യാന്‍ കേന്ദ്രവും കോണ്‍ഗ്രസും ജാഗ്രത്തായിരിക്കുമെന്ന് പ്രത്യാശിക്കുക.
No comments:
Post a Comment