Tuesday, August 24, 2010

മൊഴി നല്‍കാത്തത് അനുമതിയില്ലാത്തതിനാല്‍ -മഅ്ദനിയുടെ മുന്‍ അംഗരക്ഷകന്‍


Sunday, August 22, 2010
തിരുവനന്തപുരം: കേരളാ പൊലീസ് അനുമതി നല്‍കിയാല്‍ കര്‍ണാടക പൊലീസിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിനല്‍കാന്‍ സന്നദ്ധനാണെന്ന് അബ്ദുന്നാസിര്‍ മഅ്ദനിയുടെ മുന്‍ അംഗരക്ഷകനും പൊലീസ് കോണ്‍സ്റ്റബിളുമായ ഷാജഹാന്‍. ഈ വിഷയത്തില്‍ തുടര്‍നടപടി കൈക്കൊള്ളണമെന്ന് താന്‍ രേഖാമൂലം ആവശ്യപ്പെട്ടിട്ടും അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് കര്‍ണാടക പൊലീസ് മുമ്പാകെ മൊഴിനല്‍കാന്‍ ഹാജരാകാത്തത്. താന്‍ അനധികൃതമായി മെഡിക്കല്‍ ലീവില്‍ പ്രവേശിച്ചിരിക്കുകയാണെന്ന ആരോപണവും സ്‌പെഷല്‍ബ്രാഞ്ചിന് നല്‍കിയ മൊഴിയില്‍ രേഖകള്‍ സമര്‍പ്പിച്ച് ഷാജഹാന്‍ ഖണ്ഡിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാന സ്‌പെഷല്‍ബ്രാഞ്ച് എസ്.പി, ഡിവൈ.എസ്.പി എന്നിവര്‍ മുമ്പാകെ നല്‍കിയ മൊഴിയിലാണ് ഇക്കാര്യങ്ങള്‍ ഷാജഹാന്‍ വ്യക്തമാക്കിയത്. ബംഗളൂരു പൊലീസിന്റെ ആവശ്യപ്രകാരമാണ് മൊഴിയെടുത്തത്.

ബംഗളൂരു സ്‌ഫോടന കേസിലെ മുഖ്യപ്രതികളുമായി കുടകില്‍ മഅ്ദനി കൂടിക്കാഴ്ച നടത്തിയെന്നാണ് കര്‍ണാടക പൊലീസ് ഉന്നയിക്കുന്ന പ്രധാന  ആരോപണം. ഈ സന്ദര്‍ശനത്തെക്കുറിച്ച് അംഗരക്ഷകനായിരുന്ന  ഷാജഹാനില്‍ നിന്ന് മൊഴിയെടുക്കണമെന്നാണ് കര്‍ണാടക പൊലീസിന്റെ ആവശ്യം. ഇതുസംബന്ധിച്ച നോട്ടീസ് കഴിഞ്ഞ ജൂലൈ ആറിന് കൊല്ലം സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി മുഖേന ഷാജഹാന് കൈമാറിയിരുന്നു.
2007 അവസാനമാണ് കര്‍ണാടക പൊലീസ് പറയുന്ന കുടക് ഗൂഢാലോചന നടന്നത്. എന്നാല്‍ 2008 ഫെബ്രുവരി ഒന്നിനാണ് മഅ്ദനിയുടെ ഗണ്‍മാനായി ആലപ്പുഴ എ.ആര്‍ ക്യാമ്പിലെ ഷാജഹാന്‍ ഉള്‍പ്പെടെ ആറ് പേരെ നിയമിച്ചതെന്ന് ആഭ്യന്തരവകുപ്പിന്റെ രേഖകള്‍ വ്യക്തമാക്കുന്നു. രണ്ട് പേര്‍ വീതമുള്ള അംഗരക്ഷകസംഘത്തിന് 15 ദിവസം ഡ്യൂട്ടി, മൂന്ന് ദിവസം വിശ്രമം, ഒരു മാസത്തെ ക്യാമ്പ് ഡ്യൂട്ടിക്ക് ശേഷം വീണ്ടും മഅ്ദനിയുടെ സുരക്ഷാചുമതല എന്ന നിലക്കാണ് ഡ്യൂട്ടി സജ്ജീകരിച്ചിരുന്നത്. സ്‌പെഷല്‍ബ്രാഞ്ചുമായി ഇവരെ അറ്റാച്ച് ചെയ്യുകയും ചെയ്തു.

പിന്നീട് 2008 ആഗസ്റ്റ് 19 ലെ  ഉത്തരവ് പ്രകാരം ഷാജഹാന്‍ ഉള്‍പ്പെടെ നാല് പൊലീസുകാരെ ക്യാമ്പിലേക്ക് മടങ്ങാതെ തന്നെ മഅ്ദനിയുടെ സുരക്ഷക്കായി സ്ഥിരം ഡ്യൂട്ടിയില്‍ നിയോഗിച്ചു. കളമശ്ശേരി എ.ആറിലെ സി.പി. ബഷീര്‍, മലപ്പുറം എ.ആറിലെ നബീല്‍, വയനാട് എ.ആറിലെ സജീവ് എന്നിവരായിരുന്നു മറ്റ് മൂന്ന് പേര്‍. മഅ്ദനിയുടെ അംഗരക്ഷകനായി സേവനം അനുഷ്ഠിച്ചുവരവെ 2010 ജൂണ്‍ 23 ന് ആലപ്പുഴ എ.ആറിലുള്ള ഷാജഹാന്‍ ഉള്‍പ്പെടെയുള്ളവരെ കൊല്ലം എ.ആറിന് കീഴിലേക്ക് മാറ്റി. ആലപ്പുഴ എസ്.പിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഷാജഹാന്‍ മഅ്ദനിയുടെ അംഗരക്ഷകനായത്. ആ ഉത്തരവ് കൊല്ലം എസ്.പിക്ക് കൈമാറാത്തതിനെ തുടര്‍ന്ന് മഅ്ദനിയുടെ ഗണ്‍മാന്‍ സ്ഥാനത്ത് നിന്ന് വിടുതല്‍ചെയ്ത് ഷാജഹാന്‍ ജൂലൈ ഒന്നിന് കൊല്ലം എ.ആറില്‍ തിരികെ പ്രവേശിച്ചിരുന്നതായി പൊലീസ് രേഖകള്‍ വ്യക്തമാക്കുന്നു. അവിടെ ഗാര്‍ഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഷാജഹാന് വര്‍ഷങ്ങള്‍ക്ക് മുമ്പ് അപകടത്തില്‍ കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് മണിക്കൂറുകളോളം നില്‍ക്കുക അസാധ്യമായിരുന്നു. തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം  ജില്ലാആശുപത്രിയില്‍ ചികില്‍സക്കായി പ്രവേശിക്കുകയും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കല്‍കോളജിലേക്ക് റഫര്‍ ചെയ്തതായുമുള്ള രേഖകളുണ്ട്. ആ രേഖകളുമായി മടങ്ങിയെത്തിയപ്പോള്‍ കൊല്ലം സ്‌പെഷല്‍ബ്രാഞ്ച് ഡിവൈ.എസ്.പിയില്‍ നിന്ന് കര്‍ണാടക പൊലീസിന്റെ നോട്ടീസ് കൈപ്പറ്റാനുള്ള നിര്‍ദേശം ലഭിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ നോട്ടീസ് കൈപ്പറ്റിയതായും ഷാജഹാന്‍  മൊഴിനല്‍കി.

കര്‍ണാടക പൊലീസിന്റെ നോട്ടീസ് കൈപ്പറ്റിയതായും തുടര്‍നടപടികള്‍ കൈക്കൊള്ളണമെന്നും  ഷാജഹാന്‍ ജൂലൈ എട്ടിന് തന്നെ കൊല്ലം എസ്.പിയേയും എസ്.ബി.സി.ഐ.ഡി എസ്.പിയേയും രേഖാമൂലം അറിയിച്ചിരുന്നു.
മെഡിക്കല്‍ ലീവിലായിരുന്നാല്‍ പോലും അനുമതിനല്‍കിയാല്‍ മൊഴിനല്‍കാന്‍ സന്നദ്ധനായിരുന്നുവെന്നും മൊഴിനല്‍കിയിട്ടുണ്ട്. എന്നാല്‍ ഔദ്യോഗികമായി ഇതുസംബന്ധിച്ച യാതൊരു നടപടിയുമുണ്ടാകാത്തതിനാല്‍ കര്‍ണാടക പൊലീസ് നിര്‍ദേശിച്ച ഒരാഴ്ച കാലാവധി കഴിഞ്ഞു. ഹാജരാകാത്തതിനെ തുടര്‍ന്ന് കര്‍ണാടക പൊലീസ് പിന്നീട് ഷാജഹാന് മറ്റൊരു നോട്ടീസും അയച്ചിട്ടുമില്ല. സെപ്റ്റംബര്‍ എട്ട് വരെ ഷാജഹാന്‍ മെഡിക്കല്‍ ലീവിലാണെന്നതിനുള്ള തെളിവുകളും ഹാജരാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളും അയാള്‍ ഹാജരാക്കിയതായി രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഷാജഹാന്റെ മെഡിക്കല്‍ ലീവിന്റെ കാര്യത്തില്‍ ഇപ്പോഴും സംശയം നിലനില്‍ക്കുന്നതിനാല്‍ അയാളോട് ആഗസ്റ്റ് 27 ന് കൊല്ലം ഡി.എം.ഒ ഓഫിസില്‍ മെഡിക്കല്‍ബോര്‍ഡ് മുമ്പാകെ ഹാജരാകാന്‍ കൊല്ലം എസ്.പി നിര്‍ദേശിച്ചിട്ടുണ്ട്.
അതിനിടെ ഷാജഹാന്റെ ബന്ധങ്ങളെക്കുറിച്ചും രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിദ്യാര്‍ഥി കാലം മുതല്‍ തന്നെ ഷാജഹാന്‍ ഇടതുപക്ഷ പ്രസ്ഥാനത്തോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്ന വ്യക്തിയാണെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയതായാണ് വിവരം. പൊലീസ് അസോസിയേഷന്‍ ആലപ്പുഴ ജില്ലാകൗണ്‍സില്‍ അംഗമായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.

ബിജു ചന്ദ്രശേഖര്‍
madhyamam daily

No comments:

Blog Archive