Thursday, August 26, 2010
അമേരിക്കയുടെ നേതൃത്വത്തില്‍ അഫ്ഗാനില്‍ പ്രവര്‍ത്തിക്കുന്ന നാറ്റോ സൈന്യത്തിലെ രണ്ട് സ്‌പാനിഷ് ഭടന്മാരാണ് പരസ്യമായി സ്ത്രീയുടെ മുഖപടം ചീന്തിയത്. സ്‌പാനിഷ് സൈന്യത്തെ സഹായിക്കാന്‍ നിയോഗിക്കപ്പെട്ട അഫ്ഗാന്‍ പൊലീസുകാരനാണ് ഈ ശ്രമം തടഞ്ഞത്. 'സംസ്‌കാരത്തെ അപമാനിക്കരുത്' എന്നു പറഞ്ഞ് പൊലീസുകാരന്‍ വിലക്കിയെങ്കിലും സൈനികര്‍ മുഖപടം ചീന്തിയത്രെ. പ്രകോപിതനായ പൊലീസുകാരന്‍ വാഹനത്തിലെ തോക്കെടുത്ത് സൈനികര്‍ക്കു നേരേ നിറയൊഴിച്ചു. കുതിച്ചെത്തിയ മറ്റു സൈനികര്‍ പൊലീസുകാരനെ വെടിവെച്ചു വീഴ്ത്തി. സ്‌പാനിഷ് സൈനികരും പൊലീസുകാരനും സംഭവസ്ഥലത്തുതന്നെ മരിച്ചു. സ്‌പാനിഷ് സൈന്യത്തിലെ ഒരു വിവര്‍ത്തകനും കൊല്ലപ്പെട്ടു.
പൊലീസുകാരന്റെ മരണത്തില്‍ പ്രതിഷേധിച്ച ആയിരക്കണക്കിന് നാട്ടുകാര്‍ നാറ്റോ സൈനിക താവളത്തില്‍ പ്രകടനമായെത്തി. സൈനിക കേന്ദ്രത്തിന് പ്രതിഷേധക്കാര്‍ തീയിട്ടതോടെ അമേരിക്കന്‍ സൈന്യം ജനക്കൂട്ടത്തെ നേരിട്ടു. ജനങ്ങള്‍ക്കു നേരെ സൈന്യം നടത്തിയ വെടിവെപ്പില്‍ ആറു പേര്‍ മരിച്ചതായും 25 പേര്‍ക്കു പരിക്കേറ്റതായും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ബുധനാഴ്ച നടന്ന സംഭവത്തിന്റെ വിശദാംശങ്ങള്‍ പഷ്തൂണ്‍ വെബ്‌സൈറ്റായ 'ബെനാവ'യാണ് പുറത്തുവിട്ടത്. സ്‌പാനിഷ് സൈനികരുടെ മരണം റിപ്പോര്‍ട്ട് ചെയ്ത പാശ്ചാത്യ മാധ്യമങ്ങള്‍ സംഭവത്തിന്റെ കാരണം വ്യക്തമാക്കിയിരുന്നില്ല.
യൂറോപ്യന്‍ രാജ്യമായ സ്‌പെയിനിന്റെ 800 സൈനികരാണ് ഇപ്പോള്‍ അഫ്ഗാനില്‍ പ്രവര്‍ത്തിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ അഭ്യര്‍ഥന മാനിച്ച് ഈ വര്‍ഷം 500 സൈനികരെ കൂടി സ്‌പെയിന്‍ അഫ്ഗാനിലേക്ക് അയച്ചിരുന്നു. സൈനികരെ അടിയന്തിരമായി പിന്‍വലിക്കണമെന്ന ആവശ്യം സ്‌പെയിനില്‍ ശക്തമാണ്. രാജ്യത്തിന്റെ സൈനികരെ അഫ്ഗാനില്‍ കുരുതികൊടുക്കുന്ന സര്‍ക്കാര്‍ നയം തിരുത്തണമെന്ന് പ്രമുഖ പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെടുന്നു.
തങ്ങളുടെ രണ്ട് സൈനികര്‍ അഫ്ഗാനില്‍ 'വീരമൃത്യു' വരിച്ചതായി സ്ഥിരീകരിച്ച സ്‌പെയിന്‍ ആഭ്യന്തരമന്ത്രി ആല്‍ഫ്രഡോ പെരസ് സംഭവത്തിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ വിസമ്മതിച്ചു.
താലിബാന്‍ ഭീകരരുടെ അനുകൂലിയായ പൊലീസുകാരനാണ് കൊല നടത്തിയതെന്ന് മന്ത്രി ആരോപിച്ചു.
സ്‌പാനിഷ് സൈന്യത്തെ സഹായിക്കാന്‍ നിയോഗിക്കപ്പെട്ട പൊലീസുകാരനാണ് അക്രമിയെന്ന വാര്‍ത്തകള്‍ മന്ത്രി നിഷേധിച്ചു. അഫ്ഗാന്‍ പൊലീസിന്റെ പ്രവിശ്യാ മേധാവിയുടെ ഡ്രൈവറായിരുന്നു കൊലയാളിയെന്ന് ആല്‍ഫ്രഡോ പെരസ് പറഞ്ഞു.
madhyamam daily
No comments:
Post a Comment