കാസിം ഇരിക്കൂര്‍
Thursday, August 26, 2010
'ഗ്രൗണ്ട് സീറോ മസ്ജിദ്' പദ്ധതി യഥാര്‍ഥത്തില്‍ എന്താണ്? കുവൈത്തില്‍നിന്ന് കുടിയേറിപ്പാര്‍ത്ത ഇമാം ഫൈസല്‍ അബ്ദുര്‍ റഊഫും അദ്ദേഹത്തിന്റെ ഇന്ത്യക്കാരിയായ ഭാര്യ ഡെയ്‌സി ഖാനും ചേര്‍ന്ന് 'കൊര്‍ദോവ ഹൗസ് 'എന്ന പേരില്‍ തുടങ്ങിവെച്ച 100 ദശലക്ഷം ഡോളറിന്റെ സമുച്ചയമാണിത്. ജിംനേഷ്യവും തിയറ്ററും ലൈബ്രറിയും റസ്റ്റാറന്റും പ്രാര്‍ഥനാഹാളുമെല്ലാം ഉള്‍ക്കൊള്ളുന്ന 13നില ഇസ്‌ലാമിക് കമ്യൂണിറ്റി സെന്റര്‍ ആണ് നിര്‍ദിഷ്ട സമുച്ചയം. രാജ്യത്തുടനീളമുള്ള 'ജൂവിഷ് കമ്യൂണിറ്റി സെന്ററിന്' സമാനമായ ഈ സാംസ്‌കാരികകേന്ദ്രം പൂര്‍ത്തിയായാല്‍പോലും ഗ്രൗണ്ട് സീറോയില്‍നിന്ന് കാണാന്‍ കഴിയാത്തത്ര ദൂരത്താണത്രെ. ന്യൂയോര്‍ക്കിലെ പ്രശസ്തമായ അമേരിക്കന്‍ സൊസൈറ്റി ഫോര്‍ മുസ്‌ലിം അഡ്വാന്‍സ്‌മെന്റ് എന്ന കൂട്ടായ്മയുമായി യോജിച്ച് സ്വകാര്യസ്ഥലത്ത് നിര്‍മിക്കുന്ന സാംസ്‌കാരിക കേന്ദ്രത്തിന് ജൂതവിശ്വാസിയായ ന്യൂയോര്‍ക്ക് മേയര്‍ മൈക്കിള്‍ ബ്ലൂമെര്‍ഗ് അംഗീകാരം നല്‍കിയത് അത്തരമൊരു പദ്ധതിയുടെ ഉദ്ദേശ്യശുദ്ധിയും നിയമസാധുതയും ബോധ്യപ്പെട്ടതിനാലാണ്. മനസ്സുകളെ തമ്മില്‍ അകറ്റുകയല്ല, തീവ്രവാദികള്‍ അകറ്റിയ മനസ്സുകളെ ഒന്നിപ്പിക്കുകയാണ് യു.എസ് ഭരണകൂടത്തിന്റെ അടുത്തയാളായ ഇമാം അബ്ദുര്‍റഊഫിന്റെ ലക്ഷ്യം. മത, സാംസ്‌കാരികപശ്ചത്തലം നോക്കാതെ, വ്യക്തികള്‍ക്ക് പഠനത്തിനും കലയുടെയും സംസ്‌കാരത്തിന്റെയും പരിപോഷണത്തിനും പ്രയോജനപ്പെടുന്ന കേന്ദ്രം എന്നതാണ് അദ്ദേഹം മുന്നോട്ട് വെക്കുന്ന ആശയം. 'മിതവാദി മുസ്‌ലിം' എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇമാം അബ്ദുര്‍റഊഫിന്റെ ഈയിടെ പ്രകാശനം ചെയ്ത 'What's Right With Islam is What's Right with America' എന്ന പുസ്തകത്തില്‍ അമേരിക്കയുടേതാണ് മാതൃകാ ഇസ്‌ലാമികസമൂഹമെന്ന്‌വരെ വാദിക്കുന്നുണ്ട്. മുസ്‌ലിം രാജ്യങ്ങളുമായി അടുക്കാനുള്ള യു.എസ് ഭരണകൂടത്തിന്റെ 'റിലീജ്യസ് ഔട്ട്‌റീച്ച് മിഷ'ന്റെ ഭാഗമായി ഖത്തര്‍, ബഹ്‌റൈന്‍, യു.എ.ഇ എന്നിവിടങ്ങളിലേക്കയക്കാന്‍ വൈറ്റ് ഹൗസ് കണ്ടുവെച്ചിരിക്കുന്നത്് ഇദ്ദേഹത്തെയാണ്. എന്നാല്‍ പടിഞ്ഞാറിന്റെ ഇരട്ടത്താപ്പും സങ്കുചിതത്വവും കാപട്യവും അഭിമുഖീകരിക്കേണ്ടിവന്നപ്പോള്‍ സാക്ഷാല്‍ ബറാക് ഒബാമക്ക് തന്നെ റഊഫിനു പിന്തുണയുമായി രംഗത്ത് വരേണ്ടിവന്നു. അങ്ങനെയാണ് റമദാനിലെ ആദ്യ വെള്ളിയാഴ്ച വൈറ്റ്ഹൗസില്‍ ഒരുക്കിയ ഇഫ്താര്‍സംഗമത്തില്‍, മറ്റാരേയും പോലെ മുസ്‌ലിംകള്‍ക്കും ഈ രാജ്യത്ത് അവരുടെ മതം അനുഷ്ഠിക്കാന്‍ അവകാശമുണ്ട് എന്ന് യു.എസ് പ്രസിഡന്റിന് തറപ്പിച്ചു പറഞ്ഞത്. 'ലോവര്‍ മന്‍ഹാട്ടനിലെ സ്വകാര്യസ്ഥലത്ത് പ്രാദേശിക നിയമത്തിനനുസൃതമായി ആരാധനാലയവും കമ്യൂണിറ്റി സെന്ററും പണിയാനുള്ള അവകാശവും അതില്‍പെടും' എന്ന പ്രസ്താവനയിലൂടെ ഒബാമ പ്രതീക്ഷിച്ചത് പള്ളിവിരുദ്ധരെ തണുപ്പിക്കാമെന്നായിരുന്നു. എന്നാല്‍ റിപ്പബ്ലിക്കന്‍ പ്രതിയോഗികളും തീവ്രവലതുപക്ഷ നിയോകണ്‍സര്‍വേറ്റീവ് കൂട്ടുകെട്ടും അദ്ദേഹത്തിനെതിരെ പരസ്യമായി എടുത്തുചാടുന്നതാണ് പിന്നീട് കണ്ടത്. അമേരിക്കന്‍ പൊതുധാരയില്‍നിന്ന് ഒമാബ വിച്ഛേദിക്കപ്പെട്ടിരിക്കയാണെന്നും പള്ളി പണിയുന്നതോടെ സെപ്റ്റംബര്‍ 11ന്റെ മുറിപ്പാടുകള്‍ വീണ്ടും പഴുപ്പിക്കുകയാണെന്നും റിപ്പബ്ലിക്കന്‍ നേതാവ് ജോണ്‍ കോര്‍ണില്‍ തുറന്നടിച്ചു. അതോടെ പ്രതിരോധത്തിലായ യു.എസ് പ്രസിഡന്റിന് പള്ളി പണിയാനുള്ള മുസ്‌ലിംകളുടെ അവകാശത്തെക്കുറിച്ച് മാത്രമാണ് താന്‍ പറഞ്ഞതെന്നും ലോവന്‍ മാന്‍ഹാട്ടണില്‍ അതിന് സ്ഥലം തെരഞ്ഞെടുക്കുന്നതിലെ വിവേചനത്തെ കുറിച്ച് താന്‍ പ്രതികരിച്ചിട്ടില്ലെന്നും പറഞ്ഞ് തടിയൂരേണ്ടിവന്നു.
'ഗ്രൗണ്ട് സീറോ മസ്ജിദി'ന്റെ പേരില്‍ ഇസ്‌ലാമോഫോബിയ പരത്തി രാഷ്ട്രീയവിളവെടുപ്പിനാണ് റിപ്പബ്ലിക്കന്‍ നേതൃത്വം തുനിഞ്ഞിറങ്ങിയിരിക്കുന്നത്. മുന്‍ അലാസ്‌കാ ഗവര്‍ണറും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാവുന്നതില്‍ പരാജയപ്പെട്ട റിപ്പബ്ലിക്കന്‍ നേതാവുമായ സാറാ പാലിനാണ് തന്റെ 'ടീ പാര്‍ട്ടിയിലൂടെ' തുടക്കം മുതല്‍ക്കേ പള്ളിവിരുദ്ധവികാരം ആളിക്കത്തിക്കാന്‍ സജീവമായി രംഗത്തുള്ളത്. 3000 യു.എസ് പൗരന്മാരുടെ ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്ന ആ ദുരന്തസ്ഥാനത്ത് പള്ളി നിര്‍മിക്കുന്നത് 'ഹൃദയങ്ങളില്‍ മുറിവേല്‍പിക്കു'മെന്നും അതുകൊണ്ട് മുസ്‌ലിംകള്‍ തന്നെ ആ ശ്രമത്തെ എതിര്‍ത്തുതോല്‍പിക്കണമെന്നുമാണ് അവരുടെ വാദം.
മുന്‍ സ്‌പീക്കര്‍ ന്യൂട്ട് ഗിന്‍ഗ്രിച്ച് തന്നാലാവുന്നത്ര വിഷം വമിച്ചു.13 നില കെട്ടിടം പണിയാന്‍ പോകുന്നത് നമ്മുടെ നാഗരികതയോട് യുദ്ധം പ്രഖ്യാപിച്ചവരാണെന്നാണ് അദ്ദേഹത്തിന്റെ കണ്ടുപിടിത്തം. ഫേ്‌ളാറിഡ ചര്‍ച്ച് മേധാവി ബിഷപ്പ് ടെര്‍റി ജോണ്‍സ് ഒരു പടിമുന്നില്‍ കടന്ന് ദുരന്ത വാര്‍ഷികത്തില്‍ 'ഗ്രൗണ്ട് സീറോ'വില്‍ ഖുര്‍ആന്‍ കത്തിച്ച് 'അന്താരാഷ്ട്ര ഖുര്‍ആന്‍ കത്തിക്കല്‍ ദിനം' കൊണ്ടാടാന്‍ ആഹ്വാനം ചെയ്തിരിക്കയാണ്. ഫോക്‌സ് ന്യൂസ് പോലുള്ള ടെലിവിഷന്‍ ചാനലുകള്‍ ഈ വിഷയത്തില്‍ സംഘടിപ്പിച്ച സംവാദങ്ങളെല്ലാം അങ്ങേയറ്റത്തെ മതദ്വേഷം പ്രചരിപ്പിക്കാന്‍ പോന്നതായിരുന്നു. ഭീകരവാദികളാണ് പള്ളി നിര്‍മാണത്തിന്റെ പിന്നിലെന്നാണ് ചാനല്‍ ഏറ്റെടുത്ത് നടത്തുന്ന കുപ്രചാരണത്തിന്റെ മര്‍മം. ഒരു റിപ്പബ്ലിക്കന്‍ ടി.വി പരസ്യത്തില്‍ സെപ്റ്റംബര്‍ 11ന് കൊല്ലപ്പെട്ടവരുടെ മരണം ആഘോഷിക്കാന്‍ മുസ്‌ലിംകള്‍ സ്മാരകം പണിയുന്നു എന്ന് വരെ പ്രചരിപ്പിക്കാന്‍ മടിച്ചില്ല.
സി.എന്‍.എന്‍ നടത്തിയ അഭിപ്രായ സര്‍വേയില്‍ 70 ശതമാനവും മുസ്‌ലിം കമ്യൂണിറ്റി സെന്ററിനെ എതിര്‍ക്കുന്നുണ്ട്. പള്ളിക്കാവശ്യമായ പണം കണ്ടെത്തുന്നത് സൗദി അറേബ്യയില്‍നിന്നും ഫോര്‍ഡ് ഫൗണ്ടേഷനില്‍നിന്നുമാണെന്ന കാരണത്താല്‍ ആന്റി ഡീഫാമേഷന്‍ ലീഗ് സമുച്ചയനിര്‍മാണത്തെ എതിര്‍ക്കുന്നു. സെപ്റ്റംബര്‍ 11ന്റെ പത്താം ദുരന്തവാര്‍ഷികത്തിലാണ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ പോവുന്നതെന്നും ലീഗ് നേതൃത്വം പ്രചരിപ്പിച്ചു.
അസഹിഷ്ണുത സകല സീമകളും ലംഘിക്കുന്നത് കണ്ട് മനം മടുത്ത പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും 'ന്യൂസ് വീക്' എഡിറ്ററുമായ ഫരീദ് സകരിയ്യ 2005ല്‍ ആന്റീ ഡീഫാമേഷന്‍ ലീഗ് അദ്ദേഹത്തിന് നല്‍കിയ 'ഹുബെര്‍ട്ട് ഫസ്റ്റ് അമെന്‍മെന്റ് ഫ്രീഡം പ്രൈസ്' (10,000ഡോളറും ബഹുമതി പത്രവും ) തിരിച്ചുനല്‍കി. അഞ്ചുവര്‍ഷം മുമ്പ് സംഘടന തനിക്ക് പുരസ്‌കാരം നല്‍കിയപ്പോള്‍ ആവേശം കൊണ്ടിരുന്നു; പക്ഷേ, ഇന്നത്് സൂക്ഷിക്കാന്‍ എന്റെ മനഃസാക്ഷി സമ്മതിക്കുന്നില്ലെന്ന് ഫരീദ് സകരിയ്യ തുറന്നടിച്ചത് യു.എസ് മാധ്യമങ്ങള്‍ക്ക് കണ്ടില്ലെന്ന് നടിക്കാനായില്ല. 2001 സെപ്റ്റംബര്‍ 11ന്റെ പാതകത്തിന് ഇസ്‌ലാമിനെയും മുസ്‌ലിംകളെയും ഒന്നടങ്കം പ്രതിക്കൂട്ടില്‍ കയറ്റി, ഏതാനും തീവ്രമനസ്സുകളുടെ ചെയ്തി ലോകത്തെ 160 കോടി വിശ്വാസികളുടെമേല്‍ അടിച്ചേല്‍പിക്കുന്നതിന്റെ യുക്തിയാണ് നിഷ്പക്ഷ നിരീക്ഷകരും മാധ്യമങ്ങളും ചോദ്യം ചെയ്യുന്നത്. ഗ്രൗണ്ട് സീറോവിനടുത്ത് മുസ്‌ലിം ആരാധനാലയം പാടില്ല എന്ന് വികടവാദത്തോടെ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്ത ഏതാനും ചെറുപ്പക്കാരുടെ അവിവേകത്തിന് ഒരു സമൂഹത്തെ മുഴുവന്‍ ശിക്ഷിക്കുകയാണ്. തീവ്രവാദികളെയും അവരെ എതിര്‍ക്കുന്ന ഭൂരിഭാഗം വരുന്ന മിതവാദികളെയും ഒരേ ഗണത്തില്‍പെടുത്തി അവഹേളിക്കാന്‍ ശ്രമിക്കുന്നതിന്റെ പ്രത്യാഘാതം നിസ്സാരമല്ലെന്ന് നിഷ്പക്ഷമതികള്‍ എടുത്തുകാട്ടുന്നു.
madhyamam daily
No comments:
Post a Comment